അന്തര്‍ സര്‍വകലാശാലാ ഫുട്‌ബോള്‍: കാലിക്കറ്റിന് പത്താം കീരിടം


ടി പി  ജലാല്‍
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തില്‍ നടന്ന അന്തര്‍ സര്‍വകലാശാല ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ നിലവിലെ ജേതാക്കളായ  കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കിരീടം നിലനിര്‍ത്തി. ഫൈനലില്‍ പഞ്ചാബി സര്‍വകലാശാല പാട്യാലയെ അധികസമയത്ത് നേടിയ ഏക ഗോളിനാണ് തോല്‍പിച്ചത്. ക്യാപ്റ്റന്‍ ഇനാസ് റഹ്മാന്‍ പെനല്‍റ്റിയിലൂടെയാണ് വിജയ ഗോള്‍ നേടിയത്. കാലിക്കറ്റിന്റെ പത്താം കീരിടമാണിത്.
തുടക്കം മുതല്‍ തടിമിടുക്കിന്റെ കളി കാഴ്ചവെച്ച  മല്‍സരത്തില്‍  കാലിക്കറ്റിനായിരുന്നു മൂന്‍തൂക്കം. മുഴുവന്‍ സമയത്ത് ഇരു ടീമുകള്‍ക്കും ഗോള്‍ നേടായിരുന്നില്ല.  കളി തുടങ്ങി നാലാം മിനിറ്റില്‍ തന്നെ പഞ്ചാബി  ഗോളില്‍ നിന്നും കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. മാഞ്ചസ്റ്റര്‍ യൂനൈറ്റഡില്‍ നിന്നും പരിശീലനം നേടിയ വി കെ അഫ്ദലിന്റെ പാസ് സഹതാരത്തിന് ഗോളിയൊഴിഞ്ഞ പോസ്റ്റിലെത്തിക്കാനായില്ല.
ഇതിനിടെ മിന്നല്‍ പാസുകളുമായി കാലിക്കറ്റ് പോസ്റ്റിലേക്ക് പഞ്ചാബി താരങ്ങള്‍ മുന്നേറാന്‍ ശ്രമിച്ചെങ്കിലും കീപ്പര്‍ അഭിനവ് രക്ഷകനായി. തുടര്‍ന്ന് അധികസമയത്തെ 11ാം മിനിറ്റിലാണ് ഗോളിന് കാരണമായ പെനല്‍റ്റി ലഭിച്ചത്. വലതു കോര്‍ണറിലൂടെ പ്രതിരോധനിരയെ വെട്ടിച്ചു മുന്നേറുന്ന വി കെ അഫ്ദലിനെ ഗുരീന്ദര്‍പാല്‍ സിങ് ബോക്‌സില്‍ തട്ടിവീഴ്ത്തുകയായിരുന്നു. ഉടന്‍ റഫറി സ്‌പോട്ട് കിക്കിന് വിസിലൂതി. ഇതിനെതിരെ പ്രതിഷേധിച്ച് പഞ്ചാബി കോച്ചും കളിക്കാരും കളം വിട്ടുവെങ്കിലും പിന്നീട് തിരിച്ചെത്തി. റഫറിയെ കയ്യേറ്റം ചെയ്യാനും കോച്ച് മുതിര്‍ന്നു. കിക്കെടുത്ത ക്യാപ്റ്റന്‍  ഇനാസ് റഹ്മാന്‍ ഗോള്‍കീപ്പറെ പൂര്‍ണമായും പരാജയപ്പെടുത്തി ഇടതു പോസ്റ്റിലേക്ക് ചെത്തിയിട്ടു. ഗോള്‍ നേടിയിട്ടും ടോട്ടല്‍ ഫുട്‌ബോളിന്റെ ചാരുത കാഴ്ചവച്ച കാലിക്കറ്റിന്റെ മുന്നേറ്റത്തില്‍  പഞ്ചാബി വീണ്ടും രണ്ടു തവണ ഗോളില്‍ നിന്നും രക്ഷപ്പെട്ടു. രണ്ടു തവണയും അവസരമൊരുക്കിയത് അഫ്ദലായിരുന്നു. മൂന്നാം സ്ഥാനം കണ്ണൂര്‍ സര്‍വകലാശാല നേടി. ചണ്ഡിഗഡ് സര്‍വകലാശാല യെ ടൈബ്രേക്കറിലാണ് കണ്ണൂര്‍ തോല്‍പിച്ചത്. സന്തോഷ് ട്രോഫി ടീമിന്റെ കോച്ചായ സതീവന്‍ ബാലനാണ് കാലിക്കറ്റിന്റെ പരിശീലകന്‍.
രണ്ടു തവണ ഹാട്രിക്ക് കരസ്ഥമാക്കിയ കാലിക്കറ്റിന്റെ  അഫ്ദലിനെ ചാംപ്യന്‍ഷിപ്പിലെ മികച്ച താരമായും ഭാവി താരമായി കണ്ണൂര്‍ യൂനിവേഴ്‌സിറ്റിയുടെ  മുഹമ്മദ് റിസ്‌വാന്‍ അലിയും മികച്ച  ഡിഫന്‍ഡറായി പഞ്ചാബി സര്‍വകലാശാലയുടെ ഗുരീന്ദര്‍പാല്‍ സിങും ഒരു ഗോളും വഴങ്ങാതിരുന്ന കാലിക്കറ്റിന്റെ അഭിനവിനെ മികച്ച ഗോള്‍കീപ്പറായും തിരഞ്ഞെടുത്തു.

RELATED STORIES

Share it
Top