അന്തര്‍ സംസ്ഥാന പാതയില്‍ മരം വീണു; മണിക്കൂറുകളോളം ഗതാഗതം നിലച്ചു

കുളത്തൂപ്പുഴ: തിരുവന്തപുരം-ചെങ്കോട്ട അന്തര്‍സംസ്ഥാന പാതയില്‍ മരം വീണ്തിനെ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം നിലച്ചു. കുളത്തൂപ്പുഴ നെടുവണ്ണൂര്‍ കടവിന് സമീപമാണ് ചൊവ്വാഴ്ച രാത്രിയും ഇന്നലെ പുലര്‍ച്ചയുമായി രണ്ട് തവണ മരം റോഡിന് കുറുകെ വീണ് ഗതാഗതം തടസപ്പെട്ടത്.
അന്തര്‍ സംസ്ഥാനപാതയില്‍ മരംവീണ് ഒരാളുടെ ജീവന്‍ നഷ്ടമാവുകയും ദിനവും അപകടത്തിന് കാരണമായിട്ടും യാത്രക്കാര്‍ക്ക്  ഭീഷണിയായിട്ടുള്ള മരങ്ങള്‍ നീക്കം ചെയ്യാന്‍  ഇതുവരെ നടപടിയില്ല. ഓഖി ദുരന്തം വിതച്ചപ്പോള്‍ ഓട്ടോറിക്ഷക്ക് മുകളില്‍ മരംവീണ് ഡ്രൈവര്‍ വിഷ്ണുവിന്റെ ജീവന്‍ നഷ്ടമായ അതേസ്ഥലത്താണ് ചൊവ്വാഴ്ചയും മരം വീണത്.
രാത്രി ഫയര്‍ഫോഴ്‌സെത്തി ഉടന്‍തന്നെ മരം മുറിച്ച്‌നീക്കി ഗതാഗതം പുനസ്ഥാപിച്ചു. എന്നാല്‍ ഇന്നലെ രാവിലെ ഏഴോടെ വീണ്ടും പാതയ്ക്ക് കുറുകെ മരം നിലംപതിക്കുകയായിരുന്നു. സംഭവ സമയം മറ്റുവാഹനങ്ങളൊന്നു കടന്ന് വരാത്താതിനാല്‍ ദുരന്തങ്ങള്‍ ആവര്‍ത്തിച്ചില്ല. ഒമ്പത് മണിക്ക് ശേഷമാണ് പുനലൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘം എത്തിയത് .അപ്പോഴേക്കും സ്‌കൂള്‍ വാഹനങ്ങളും കെഎസ്ആര്‍ടിസിയും മറ്റു സ്വകാര്യ വാഹനങ്ങളും കൊണ്ട് നിരത്ത് നിറഞ്ഞ് യാത്രക്കാര്‍ ദുരിതത്തിലായി. മരങ്ങള്‍ മുറിച്ച് നീക്കി പത്തുമണിയോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

RELATED STORIES

Share it
Top