അന്തര്‍സംസ്ഥാന മോഷ്ടാവ് പോലിസ് പിടിയില്‍

എടക്കര: വഴിക്കടവിലെ രണ്ട് ക്ഷേത്രങ്ങളില്‍ മോഷണം നടത്തിയ അന്തര്‍സംസ്ഥാന മോഷ്ടാവ് പോലിസിന്റെ പിടിയിലായി. നീലഗിരി ദേവാല സ്വദേശി മണി എന്ന സുബ്രുമണി(37) ആണ് പിടിയിലായത്. കഴിഞ്ഞ 20ന് പുലര്‍ച്ചെ കാരക്കോട് ദേവീക്ഷേത്രത്തിന്റെ ഭണ്ഡാരം കുത്തിത്തുറക്കുന്ന ശബ്ദം കേട്ട മഠാധിപതി പോലിസിനെ വിവരമറിയിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ പോലിസ് നടത്തിയ പരിശോധനയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പ്ലാസ്റ്റിക് കാരിബാഗും അതില്‍ വസ്ത്രങ്ങളും കണ്ടെത്തിയിരുന്നു. ഇതേ ദിവസം വള്ളിക്കാട് ക്ഷേത്രത്തിലും മോഷണം നടന്നു. തുടര്‍ന്ന് പോലിസ് നടത്തിയ അനേ്വഷണത്തിലാണ് മണി അറസ്റ്റിലായത്. ദേവാല വാളവയലില്‍വച്ചായിരുന്നു അറസ്റ്റ്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. കഴിഞ്ഞ പത്ത് വര്‍ഷമായി നിരവധി മോഷണക്കേസുകളില്‍പെട്ട് ഇയാള്‍ ഗൂഢല്ലൂര്‍, ഈട്ടി, കൂനൂര്‍, കോയമ്പത്തൂര്‍ ജയിലുകളില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ജനുവരി 24 നാണ് ഇയാള്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. രണ്ട് കേസുകള്‍ ഇപ്പോള്‍ വിചാരണയിലുമാണ്.
കോയമ്പത്തൂര്‍ ജയിലില്‍ നിന്നു പുറത്തിറങ്ങിയ പ്രതി മേട്ടുപാളയം, കാരമടയില്‍ മൂന്നുദിവസം തങ്ങിയിരുന്നു. ഇതിനിടെ ഒരു വീട്ടില്‍ നിന്നു അലമാരയില്‍ സൂക്ഷിച്ച പണവും ആഭരണങ്ങളും മോഷ്ടിച്ചു.  ഇതിനുശേഷമാണ് കേരളത്തിലെത്തിയത്. ചുങ്കത്തറ, എടക്കര എന്നിവിടങ്ങളില്‍ കറങ്ങി നടന്ന് രാത്രി വഴിക്കടവിലെത്തി ഒരു മണിവരെ പണിതീരാത്ത ഒരു കെട്ടിടത്തില്‍ തങ്ങിയ ശേഷം ആദ്യം വള്ളിക്കാട് ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്നു. തുടര്‍ന്നാണ് കാരക്കോട് ക്ഷേത്രത്തില്‍ എത്തിയത്. മോഷണശ്രമം നടക്കുന്നതിനിടെ മഠാധിപതി ൈലറ്റിട്ട് ഒച്ചവച്ചതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഓടുന്നതിനിടെ കല്‍വിളക്കില്‍ തട്ടിവീണ് പരിക്കേല്‍ക്കുകയും ചെയ്തു. മുമ്പ് വഴിക്കടവില്‍ നിര്‍മാണ ജോലിക്ക് വന്നതിനാല്‍ സ്ഥലങ്ങളെല്ലാം സുപരിചിതമാണ്.  പ്രതിയുമായി പോലിസ് തെളിവെടുപ്പ് നടത്തി. നിലമ്പൂര്‍ കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top