അന്തര്‍സംസ്ഥാന മോഷ്ടാവ് പന്തളം പോലിസിന്റെ വലയില്‍

പന്തളം: അന്തര്‍ സംസ്ഥാന മോഷണ കേസുകളില്‍ പ്രതിയായ യുവാവിനെ പന്തളം പോലിസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് തെങ്കാശി പോസ്റ്റല്‍ പരിധിയില്‍ വിശ്വനാഥകോവില്‍, തെരുവ്-12  ലക്ഷ്മി ഭവനില്‍ മുത്തുകുമാര്‍ എന്ന് വിളിക്കുന്ന വസന്തകുമാര്‍ (44) ആണ് അറസ്റ്റിലായത്. ജനലുകളില്‍ കറുത്ത സ്റ്റിക്കര്‍ പതിക്കുന്നതായുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലാ പോലിസ് മേധാവിയുടെ നിര്‍ദ്ദേശാനുസരണം നടത്തി വന്ന പരിശോധനയ്ക്കിടയിലാണ് ഇന്നലെ പുലര്‍ച്ചെ 2.45 ഓടെ കുളനട ചേരാംപല്ലില്‍ ബേക്കറി ആന്‍ഡ് ടീ ഷോപ്പിനു സമീപത്തുനിന്നും ഇയാളെ പോലിസ് അറസ്റ്റ് ചെയ്യുന്നത്. മോഷണ കേസുകളില്‍ ജയിലില്‍ കഴിഞ്ഞിരുന്ന പ്രതി 2017 നവംബര്‍ 18ന് മോചിതനായിരുന്നു. തുടര്‍ന്ന് തുമ്പമണ്‍, കിരുകുഴി, കല്ലുവിള തെക്കേതില്‍ വീട്ടില്‍ പോള്‍ ടി കോശി, കുളനട ഞെട്ടുര്‍, മണിപ്പുഴ കണ്ടത്തില്‍ ഡാനിയേല്‍ ,കുളനട പുതുവാക്കല്‍ എന്ന സ്ഥലത്ത് വാഴവിള വീട്ടില്‍ ജോസഫ്, ചെന്നീര്‍ക്കര തുമ്പമണ്‍ നോര്‍ത്ത് ഐരൂര്‍കുഴിയില്‍ വീട്ടില്‍ വര്‍ഗീസ് ,തുമ്പമണ്‍ നോര്‍ത്ത് പൂഞ്ഞ മണ്ണില്‍ വീട്ടില്‍ ജോണ്‍ ഇടിക്കുള, ഇലവുംതിട്ട പഞ്ചവടിയില്‍ വീട് ,ആറന്മുള ഇടയാറന്മുള പുതുപ്പള്ളില്‍ വീട്ടില്‍ ജോണ്‍ മത്തായി, ഇടയാറന്മുള മാനാമൂട്ടില്‍ ജയിംസ് മത്തായി തുടങ്ങി 20 ഓളം പേരുടെ  വീടുകള്‍ കുത്തിത്തുറന്ന് സ്വര്‍ണ്ണവും മറ്റ് വിലപിടിപ്പുള്ള വീട്ടുപകരണങ്ങളും, ഇലക്്‌ട്രോണിക് ഉപകരണങ്ങളും കവര്‍ന്നിരുന്നു. പകല്‍ സമയങ്ങളില്‍ കറങ്ങി നടന്ന് ആള്‍ത്താമസമില്ലാത്ത അടച്ചിട്ടിരിക്കുന്ന വലിയ വീടുകള്‍ നോക്കി ലക്ഷ്യം വച്ച ശേഷം അര്‍ധരാത്രിയില്‍ വീടിന്റെ പ്രധാന വാതില്‍ പൊളിച്ച് അകത്തു പ്രവേശിച്ച് അലമാരയിലും മറ്റും വച്ചിരിക്കൂന്ന സ്വര്‍ണ്ണവും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും അപഹരിക്കുന്നതാണ് മോഷണ രീതി .സ്വര്‍ണ്ണം ലഭിച്ചില്ലങ്കില്‍ വീടിനുള്ളില്‍ സ്ഥാപിച്ചിട്ടുള്ള സാനിട്ടറി ഉപകരണങ്ങള്‍ തകര്‍ത്ത് ലക്ഷങ്ങളുടെ നാശനഷ്ടം വീട്ടുടമയ്ക്ക് വരുത്തി വയ്ക്കാറുണ്ട്. ഇയാള്‍ കേരളത്തിലും തമിഴ്‌നാട്ടിലുമായി 150 ഓളം മോഷണം നടത്തി പലപ്പോഴായി 20 വര്‍ഷം ജയില്‍വാസം അനുഭവിച്ചിട്ടുള്ള ആളാണ്. പ്രമാദമായ കോട്ടയം മണര്‍കാട് ബിഷപ്പിന്റെ വീട് കവര്‍ച്ച, അയര്‍കുന്നം വീട് കവര്‍ച്ച തുടങ്ങിയ കേസുകളിലും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ഡിസംബര്‍ മാസം പ്രതി തമിഴ്‌നാട്ടിലുള്ള ചെങ്കോട്ട, തെങ്കാശി എന്നിവിടങ്ങളിലായി രണ്ട് വീടുകള്‍ കുത്തിത്തുറന്ന് സ്വര്‍ണ്ണവും മറ്റ് ഇലക്്‌ട്രോണിക് ഉപകരണങ്ങളും മോഷ്ടിച്ചിട്ടുള്ളതായി പ്രതി പോലീസിനോട് സമ്മതിച്ചു. മുമ്പ് കൂട്ടാളികളുമായി കവര്‍ച്ച നടത്തി പിടിക്കപ്പെട്ടിട്ടുള്ളതിനാല്‍ ഇപ്പോള്‍ ഒറ്റയ്ക്കാണ് കവര്‍ച്ച ആസൂത്രണം ചെയ്തിരുന്നത്. ഇയാള്‍ സ്ഥിരമായി ഒരിടത്തു തങ്ങുകയോ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുകയോ ചെയ്യാറില്ല. മോഷണമുതല്‍ പ്രതി അന്യസംസ്ഥാനത്തെഴിലാളികള്‍ക്കാണ് വിറ്റിരുന്നത് .പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി മോഷണമുതലുകള്‍ വാങ്ങിയിട്ടുള്ളവരെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. പന്തളം സിഐ ഇ ഡി ബിജു, എസ്‌ഐ സജീഷ് കുമാര്‍, ഷാഡോ പോലീസ് അംഗങ്ങളായ എഎസ്‌ഐ അജി ശാമുവേല്‍, രാധാകൃഷ്ണന്‍, സിപിഒ രാജേന്ദ്രന്‍ നായര്‍ സ്റ്റേഷന്‍ എസ്‌ഐ വിനോദ്, സുജിത്, എസ്‌ഐ ശ്യാംലാല്‍, രാജേന്ദ്രന്‍, വില്‍സണ്‍, ഷൈന്‍ നേതൃത്വത്തിലുള്ള അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top