അന്തര്‍നാടകങ്ങള്‍ ആന്റി ക്ലൈമാക്‌സിലേക്ക്‌; യെദ്യൂരപ്പയെ കൈവിട്ട് മോദിയും അമിത് ഷായും

പി  സി  അബ്ദുല്ല
ബംഗളൂരു: അവസാനഘട്ട പ്രചാരണങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു കര്‍ണാടകയിലെത്താനിരിക്കെ, ബിജെപി പാളയത്തിലെ അന്തര്‍നാടകങ്ങള്‍ക്കു പുതിയ മാനം. ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയ ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരേ പാര്‍ട്ടി ദേശീയ നേതൃത്വം നീങ്ങുന്നതായ സൂചനകള്‍ ബലപ്പെട്ടു. അമിത് ഷായെ മുഖവിലയ്‌ക്കെടുക്കാതെ യെദ്യൂരപ്പ സ്വന്തംനിലയില്‍ മുന്നോട്ടുപോവുകയാണ്. യെദ്യൂരപ്പയുമായി ബന്ധപ്പട്ട അഴിമതിയാരോപണങ്ങള്‍ കോണ്‍ഗ്രസ് ദേശീയതലത്തില്‍ പ്രചാരണായുധമാക്കിയതോടെ ബിജെപി പ്രതിരോധത്തിലായി. അഴിമതിയുടെ പേരില്‍ പാര്‍ട്ടി അകറ്റിനിര്‍ത്താനാവശ്യപ്പെട്ട റെഡ്ഡി സഹോദരങ്ങളെ ഈ തിരഞ്ഞെടുപ്പിലും യെദ്യൂരപ്പ കൂടെനിര്‍ത്തിയത് അമിത് ഷായെ ചൊടിപ്പിച്ചു. ലിംഗായത്ത് സമുദായവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പാര്‍ട്ടി നിലപാട് അവഗണിച്ച് യെദ്യൂരപ്പ സ്വന്തംനിലയില്‍ കരുക്കള്‍ നീക്കിയതും അമിത് ഷാക്ക് തിരിച്ചടിയായി.
അമിത് ഷായെ അപമാനിച്ചെന്നോണം മടക്കി അയച്ച ലിംഗായത്ത് സമുദായ കേന്ദ്രങ്ങളുമായി യെദ്യൂരപ്പ പിന്നീടു രഹസ്യമായി ആശയവിനിമയം നടത്തി ബന്ധം സ്ഥാപിച്ചതും ദേശീയ നേതൃത്വത്തെ ചൊടിപ്പിച്ചു. യെദ്യൂരപ്പ പാര്‍ട്ടിയുടെ വരുതിയിലല്ല എന്ന് ബോധ്യപ്പെട്ടതോടെ അമിത്ഷാ മറുതന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു.
ജെഡിഎസിനെ കൂട്ടുപിടിച്ച് യെദ്യൂരപ്പയുടെ ഏകാധിപത്യത്തിനു തടയിടാനുള്ള നീക്കങ്ങളാണു ബിജെപി പയറ്റുന്നത്. ജെഡിഎസ് നേതാവ് കുമാരസ്വാമിയുമായി അമിത് ഷാ രഹസ്യ ധാരണയിലെത്തിയെന്നാണു വിവരങ്ങള്‍.
കുമാരസ്വാമിയെ കര്‍ണാടകയുടെ കിംങ്‌മേക്കറായി ചില ദേശീയ മാധ്യമങ്ങള്‍ പൊടുന്നനെ ഉയര്‍ത്തിക്കൊണ്ടു വന്നതിനു പിന്നില്‍ അമിത് ഷാ ആണെന്നാണു സൂചനകള്‍. ഇന്നു മുതല്‍ കര്‍ണാടകയില്‍ പ്രചാരണത്തിനെത്തുന്ന പ്രധാനമന്ത്രിയുടെ  തിരഞ്ഞെടുപ്പു റാലികളിലൊന്നും യെദ്യൂരപ്പയെ ഉള്‍പ്പെടുത്തിയിട്ടില്ല. അമിത് ഷായുടെ പ്രചാരണ സമ്മേളനങ്ങളിലും ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയില്ല.
ഖനി അഴിമതിയടക്കം നിരവധി ആരോപണങ്ങള്‍ നേരിടുന്ന യെദ്യൂരപ്പയെ ബിജെപി വീണ്ടും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയതു ലിംഗായത്ത് വോട്ടുകളില്‍ കണ്ണുനട്ടാണ്. എന്നാല്‍, ലിംഗായത്തുകള്‍ക്ക് പ്രത്യേക മതപദവി നല്‍കാന്‍ സിദ്ധരാമയ്യ സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തതോടെ യെദ്യൂരപ്പയെ മുന്‍ നിര്‍ത്തിയുള്ള ബിജെപി തന്ത്രങ്ങള്‍ പാളി. 1990ല്‍  ലിംഗായത്ത് നേതാവായ വീരേന്ദ്രപാട്ടീലിനെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്നു മാറ്റിയതാണ് ആ സമുദായം കോണ്‍ഗ്രസ്സുമായി അകലാനിടയാക്കിയത്. മതന്യൂനപക്ഷ പദവി നല്‍കാനുള്ള തീരുമാനത്തിലൂടെ ലിംഗായത്ത് വോട്ടുകളില്‍ 30 ശതമാനം എങ്കിലും നേടിയെടുക്കാന്‍ കഴിയുമെന്നാണ് ഇത്തവണ കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. പ്രശ്‌നത്തില്‍ ബിജെപിയും യെദ്യൂരപ്പയും രണ്ടു തട്ടിലായതും പുതിയ വിഭാഗീയതയ്ക്ക് ആക്കംകൂട്ടി. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി യെദ്യൂരപ്പയെ ഉയര്‍ത്തിക്കാട്ടിയത്  ബിജെപിക്ക് തുടക്കംമുതലേ കല്ലുകടിയായി.   സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് യെദ്യൂരപ്പയുടെ അണികള്‍ പാര്‍ട്ടി ദേശീയ നേതൃത്വത്തിനെതിരേ പരസ്യമായി രംഗത്തുവന്നു.
സംസ്ഥാന ബിജെപിയിലെ പൊതുസ്വീകാര്യരായ   സദാനന്ദ ഗൗഡയടക്കമുള്ള നേതാക്കള്‍ യെദ്യൂരപ്പയുമായി കടുത്ത വിയോജിപ്പാണു പുലര്‍ത്തുന്നത്. 2008ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച  ബിജെപിക്ക് അഴിമതിയും തമ്മിലടിയും കാരണമാണ് അധികാരം നഷ്ടമായത്. യെദ്യൂരപ്പയും പാര്‍ട്ടി ദേശീയ നേതൃത്വവും തമ്മില്‍ ഇപ്പോഴത്തേതിനു സമാനമായ ഉള്‍പ്പോരുകളാണ് അന്നും ബിജെപിയില്‍ രൂപ്പപ്പെട്ടത്.
പാര്‍ട്ടിയുടെ അമരക്കാരനായ ബിഎസ് യെദ്യൂരപ്പ  പാര്‍ട്ടി പിളര്‍ത്തി കെജെപി രൂപീകരിച്ച് ബിജെപിക്ക് എതിരേ രംഗത്തുവന്നു. മോദിയും അമിത്ഷായും നേതൃത്വത്തിലെത്തിയ ശേഷമാണു യെദ്യൂരപ്പ ബിജെപിയില്‍ തിരിച്ചെത്തിയത്.
കഴിഞ്ഞ നവംബര്‍ മുതല്‍ ബിജെപി കര്‍ണാടകയില്‍ നടത്തിയ പരിവര്‍ത്തന്‍ യാത്രയില്‍ പരക്കെ  ജനപങ്കാളിത്തം കുറഞ്ഞത് ബിജെപിക്ക് വലിയ ക്ഷീണമായി. ഇതാവട്ടെ, അമിത് ഷായുടെ നിശിത വിമര്‍ശനത്തിനും കാരണമായി. യെദ്യൂരപ്പയുടെ സ്വീകാര്യതയില്ലായ്മയാണു പാര്‍ട്ടി പരിപാടിക്ക് ആളുകുറയാന്‍ കാരണമെന്നായിരുന്നു വിലയിരുത്തല്‍. യെദ്യൂരപ്പയെ മാറ്റിനിര്‍ത്തിയാല്‍ സംസ്ഥാനത്ത് വീണ്ടും പാര്‍ട്ടി പിളരുമെന്നതിനാലാണ് ഇത്തവണയും അദ്ദേഹത്തെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടാന്‍ ബിജെപിയെ നിര്‍ബന്ധിതമാക്കിയത്.
തിരഞ്ഞെടുപ്പിന്റെ ചുമതല അമിത് ഷായുടെ നേരിട്ടുള്ള നിയന്ത്രണത്തിലായതിനാല്‍ യെദ്യൂരപ്പയെ മെരുക്കാമെന്നായിരുന്നു ദേശീയ നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, അവസാനഘട്ടത്തില്‍ യെദ്യൂരപ്പ സ്വന്തംനിലയില്‍ പദ്ധതികളാവിഷ്‌കരിച്ചതോടെ അമിത് ഷായുടെ തന്ത്രങ്ങളും പിഴക്കുകയായിരുന്നു.

RELATED STORIES

Share it
Top