അന്തര്‍ജില്ലാ വാഹനമോഷ്ടാവ് പിടിയില്‍

ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം,  ഉളിക്കല്‍, എന്നിവിടങ്ങളില്‍നിന്ന് പിക്കപ്പ് വാന്‍ അപഹരിച്ച അന്തര്‍ജില്ലാ മോഷ്ടോവിനെ ഉളിക്കല്‍ എസ്‌ഐ ശിവന്‍ ചോടത്തിന്റെ നേതൃത്വത്തില്‍ പിടികൂടി. കാസര്‍കോട് ഉപ്പള ഭവഗതിയിലെ മുഹമ്മദ് ഹാജി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന ആദം ഖാന്‍ (29) ആണ് അറസ്റ്റിലായത് ഇയാള്‍ മോഷ്ടിച്ചു വിറ്റ രണ്ടു പിക്കപ്പ് വാനുകള്‍ കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ മെയ് 29ന് ശ്രീകണ്ഠപുരം സിഎച്ച് നഗറില്‍ കോഴിത്തീറ്റ വില്‍പന നടത്തുന്ന ബാപ്പുവിന്റെ ഉടമസ്ഥതയിലുള്ള കെഎല്‍ 59 ഇ 1542, ഉളിക്കല്‍ ലക്ഷ്മി വര്‍ക്‌ഷോപ്പില്‍നിന്ന് മറ്റൊരു പിക്കപ്പ് എന്നിവയാണ് അപഹരിച്ചത്. ഉളിക്കലില്‍ നടന്ന കവര്‍ച്ചയുടെ ദൃശ്യം സിസിടിവി കാമറയില്‍ പതിഞ്ഞിരുന്നു. ഇതുപയോഗിച്ച് അന്വേഷണം നടത്തിയെങ്കിലും തുമ്പൊന്നും ലഭിച്ചില്ല. അതിനിടയില്‍ കഞ്ചാവ് കടത്തവെ ഇയാള്‍ വിശാഖപട്ടണത്ത് പിടിയിലായി.
ഇയാള്‍ വിശാഖപട്ടണത്തെ ജയിലിലാണെന്ന് അടുത്തിടെയാണ് പോലിസിന് വിവരം ലഭിച്ചത്. പ്രതി കഴിഞ്ഞ ദിവസം ശിക്ഷ കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ പോലിസെത്തി പിടികൂടുകയായിരുന്നു. ചന്ദേര ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍നിന്ന് ഇയാള്‍ വാഹനങ്ങള്‍ മോഷ്ടിച്ചതായി സൂചന ലഭിച്ചിട്ടുണ്ട്.
ശ്രീകണ്ഠപുരത്തുനിന്ന് കവര്‍ന്ന പിക്കപ്പ് വാന്‍ ഉപ്പള കൈക്കമ്പയില്‍ മണല്‍കടത്ത് സംഘത്തിനാണു വിറ്റത്. കഴിഞ്ഞ ദിവസം ഉച്ചയോടെ അവിടെനിന്ന് ഈ വാഹനം പോലിസ് കസ്റ്റഡിയിലെടുത്തു. ഉളിക്കലില്‍നിന്ന് കവര്‍ച്ച ചെയ്ത പിക്കപ്പ് വാന്‍ മറ്റൊരു സ്ഥലത്തുനിന്നും കണ്ടെടുത്തു. ഇയാളുടെ കൂട്ടാളികളായ രണ്ടുപേരെ പിടികിട്ടാനുണ്ട്. ഇവര്‍ക്കായി തിരച്ചില്‍ തുടങ്ങി.

RELATED STORIES

Share it
Top