അനുവദിച്ച ചെക്കുകള്‍ തട്ടിയെടുത്ത സംഭവം: നടപടി സ്വീകരിക്കണമെന്ന്

വൈക്കം: നഗരസഭാ മൂന്നാം വാര്‍ഡില്‍ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഓമന എന്ന വിധവയ്ക്കു ഭവന നിര്‍മാണത്തിന് അനുവദിച്ച ചെക്കുകള്‍ തട്ടിയെടുത്തിയവര്‍ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ഡിസിസി ജനറല്‍ സെക്രട്ടറിയും മുന്‍നഗരസഭാ വൈസ് ചെയര്‍മാനുമായ അബ്ദുല്‍ സലാം റാവുത്തര്‍ ആവശ്യപ്പെട്ടു.
2015-16 വര്‍ഷത്തെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച ഭവന വായ്പയുടെ രണ്ടും മൂന്നും ഗഡുക്കളായ രണ്ടു ലക്ഷത്തില്‍പരം രൂപ തട്ടിയെടുത്തത് നഗരസഭയുടെ കെടുകാര്യസ്ഥത മൂലമാണ്. ഓമനയ്ക്ക് പട്ടികജാതി വികസനഫണ്ടില്‍ നിന്ന് അനുവദിച്ച തുകയ്ക്ക് വീട് പണിയുന്നതിനുളള അനുമതി നഗരസഭ ഇതുവരെ നല്‍കിയിട്ടില്ല. അനുമതി ഇല്ലാത്ത വീടു പണിയുന്നതിനുവേണ്ടിയാണ് എല്‍ഡിഎഫ് ഭരണത്തില്‍ ആദ്യ ഗഡുവായി 45,000 രൂപ നഗരസഭയില്‍ നിന്ന് നല്‍കിയത്. 2016 ഡിസംബര്‍ 21ന് ഒറ്റദിവസം തന്നെ രണ്ടും മൂന്നും ഗഡുക്കളുടെ ഡിഡി അനുവദിക്കുകയും അത് ഗുണഭോക്താവിന് നല്‍കാതെ ഇടനിലക്കാര്‍ തുക മാറി എടുക്കുകയുമാണ് ചെയ്തത്.
വലിയൊരു തട്ടിപ്പ് നടന്നിട്ട് വിഷയം ഗൗരവമായി എടുക്കുന്നതിന് നഗരസഭ തയ്യാറായില്ല. കൗണ്‍സില്‍ യോഗത്തില്‍ വിഷയം ഒതുക്കി തീര്‍ക്കാനാണ് ഭരണപക്ഷം ശ്രമിച്ചത്. ഇതിനെതിരേ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ശക്തമായ നിലപാട് എടുത്തതിനാലാണ് നിയമ നടപടി സ്വീകരിക്കാന്‍ കൗണ്‍സില്‍ തീരുമാനിച്ചത്. ഇപ്പോഴും കേസ് ഒതുക്കി തീര്‍ക്കാനുള്ള ശ്രമമാണ് നഗരസഭാ അധികാരികള്‍ നടത്തുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രി, വകുപ്പുമന്ത്രി, അക്കൗണ്ടന്റ് ജനറല്‍, ഓംബുഡ്‌സ്മാന്‍ എന്നിവര്‍ക്കു പരാതി നല്‍കും.  ഗുണഭോക്താവിനു വീട് നിര്‍മിച്ചു നല്‍കുന്നതിനു നടപടി സ്വീകരിക്കണമെന്നും അബ്ദുല്‍ സലാം റാവുത്തര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top