അനുവദിക്കപ്പെട്ട ഡെന്റല്‍ യൂനിറ്റിന് സ്ഥാനചലനം

മാനന്തവാടി: ലക്ഷങ്ങള്‍ ചിലവഴിച്ച് അടിസ്ഥാനസൗകര്യങ്ങളൊരുക്കിക്കഴിഞ്ഞപ്പോള്‍ ഒരു വര്‍ഷം മുമ്പ് അനുവദിച്ച ഡെന്റല്‍ യൂണിറ്റ് മറ്റൊരിടത്തേക്ക് മാറ്റാന്‍ നീക്കം. മാനന്തവാടി ബ്ലാക്ക് പഞ്ചായത്തിന് കീഴിലുള്ള പൊരുന്നന്നൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിനനുവദിച്ച ഡെന്റല്‍ യൂണിറ്റാണ് നെന്മേനിയിലേക്ക് മാറ്റാനായി ആരോഗ്യ വകുപ്പില്‍ നീക്കങ്ങള്‍ നടക്കുന്നത്. ഗ്രാമ പ്രദേശങ്ങളില്‍ ഡെന്റല്‍ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് സംസ്ഥാനത്ത് 47 അസിസ്റ്റന്റ് ദന്തല്‍ സര്‍ജന്‍മാരുടെ തസ്തികകള്‍ സൃഷ്ടിച്ച് വിവിധയിടങ്ങളില്‍ വിന്യസിച്ചത്. ഇത് പ്രകാരം ജില്ലയില്‍ അനുവദിച്ച നാല് തസ്തികകളില്‍ ഒന്ന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള പൊരുന്നന്നൂര്‍ സാമൂഹികാരോഗ്യകേന്ദ്രത്തിനായിരുന്നു. ഇവിടെ ചുമതലയേറ്റ ഡോക്ടര്‍ സൗകര്യങ്ങളൊരുക്കുന്നത് വരെ വര്‍ക്കിംഗ് അറേഞ്ച് വ്യവസ്ഥയില്‍ മറ്റൊരിടത്തേക്ക് മാറുകയും ചെയ്തു. പിന്നീട് ബ്ലോക്ക് പഞ്ചായത് പ്ലാന്‍ ഫണ്ട് ഉപയോഗിച്ച് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങുകയും  ആരോഗ്യ വകുപ്പ് വകുപ്പ് തലഫണ്ടുപയോഗിച്ച ആശുപത്രിയില്‍ ഡെന്റല്‍ ഒ പി മുറി സജ്ജീകരിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ഡെന്റല്‍ അസിസ്റ്റന്റ് സര്‍ജ്ജനെ ജില്ലയില്‍ തന്നെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങള്‍ ആരോഗ്യ വകുപ്പ് നടത്തുന്നതായി പരാതി ഉയര്‍ന്നത്. നിത്യവും 300 ഓളം രേഗികളെത്തുന്ന ആശുപത്രിയില്‍ ഡെന്റല്‍ വിഭാഗം നിലനിര്‍ത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കഴിഞ്ഞ ദിവസം ആശുപത്രി സന്ദര്‍ശിച്ച സ്ഥലം എംഎല്‍എ ഒ ആര്‍ കേളു ഇതിനാവശ്യമായ നടപടികള്‍ കൈകൊള്ളുമെന്ന് നാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കി.

RELATED STORIES

Share it
Top