അനുരഞ്ജനം പൊളിച്ചത് സര്‍ക്കാരെന്ന്

ആലപ്പുഴ: സ്വകാര്യ ബസ് സമരം അവസാനിപ്പിക്കാന്‍ ഇന്നലെ കോഴിക്കോട് നടന്ന അനുരഞ്ജന ശ്രമങ്ങള്‍ പൊളിച്ചത് സര്‍ക്കാരാണെന്ന് ആലപ്പുഴയിലെ ബസ് ഉടമകള്‍. സ്വകാര്യബസ് ഉടമകള്‍ക്ക് 12 സംഘടനകള്‍ ഉള്ളപ്പോള്‍ ഏഴ് സംഘടനകളെ മാത്രമാണ് ചര്‍ച്ചയ്ക്ക് ഗതാഗതമന്ത്രി വിളിച്ചത്.
ഇത് കോഓഡിനേഷനില്‍ ഭിന്നിപ്പുണ്ടാക്കാനായിരുന്നുവെന്ന് അവര്‍ ആരോപിച്ചു. കോഴിക്കോട് ചര്‍ച്ചക്ക് തെരഞ്ഞെടുത്തതും ബസ് ഉടമ നേതാക്കളെ തിരുവനന്തപുരത്തുനിന്നും അകറ്റി നിര്‍ത്തി 19ന് ആരംഭിക്കാനിരിക്കുന്ന അനിശ്ചിതകാല നിരാഹാരസമരവും പൊളിക്കാനായിരുന്നു. മാത്രമല്ല, സസ്ഥാനത്തെ ജനങ്ങളെ ദുരിതത്തില്‍ അകപ്പെടുത്തി കെഎസ്ആര്‍ടിസിക്ക് കുറച്ച് ദിവസത്തേക്കെങ്കിലും വരുമാനം വര്‍ധിപ്പിക്കാനുള്ള ഗൂഢശ്രമങ്ങളും സമരം നീട്ടിക്കൊണ്ടുപോകാനുള്ള സര്‍ക്കാര്‍ ശ്രമത്തിലുണ്ടെന്നും അവര്‍ പറയുന്നു.  ദിനംപ്രതി കഴിഞ്ഞ ആറുമാസങ്ങളായി ഉയര്‍ന്നുവരുന്ന ഡീസല്‍ വില വര്‍ദ്ധനവാണ് ചാര്‍ജ്ജ് വര്‍ദ്ധനവ് ആവശ്യപ്പെടുന്നതിനുള്ള പ്രധാനകാരണം. നികുതി കുറയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരും വിലകുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരും തയാറല്ല.
മറ്റ് സംസ്ഥാനങ്ങളിലെ മിനിമം ചാര്‍ജും കേരളത്തിലെ മിനിമം ചാര്‍ജും താരതമ്യപ്പെടുത്തിയുള്ള അവകാശവാദങ്ങളും ശരിയല്ല. അവിടെയും ഇവിടെയും ഫെയര്‍ സ്റ്റേജുകളും നികുതികളും ടയറടക്കം സ്‌പെയര്‍ പാര്‍ട്ട്‌സ് വിലകളും തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്. സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റി റിപോര്‍ട്ട് പൂര്‍ണമായും നടപ്പാക്കണമെന്നും കെബിടിഎ ആലപ്പുഴ ജില്ലാഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് പിജെ കുര്യന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്എം നാസര്‍, ടിപി ഷാജിലാല്‍, എന്‍ സലിം, റിനുമോന്‍, സത്താര്‍, നവാസ് പാറായില്‍ സംസാരിച്ചു.

RELATED STORIES

Share it
Top