അനുഭവങ്ങള്‍ പങ്കുവച്ച് കര്‍ഷകരും ശാസ്ത്രജ്ഞരും

കാസര്‍കോട്്: അനുഭവങ്ങള്‍ പങ്കുവച്ച് വിവിധ മേഖലകളിലുള്ള കര്‍ഷകരും ശാസ്ത്രജ്ഞരും ഒത്തുചേര്‍ന്ന കിസാന്‍ മേള കാര്‍ഷിക വിജ്ഞാനത്തിന്റെ വേദിയായി. സിപിസിആര്‍ഐയില്‍ നടന്നുവരുന്ന കാര്‍ഷിക മേളയുടെ ഭാഗമായി സംഘടിപ്പിച്ച മെഗാ കിസാന്‍ മേളയിലാണ് കാര്‍ഷിക മേഖലയുടെ വീണ്ടെടുപ്പിന് പര്യാപ്തമായ നിര്‍ദ്ദേശങ്ങളുമായി കര്‍ഷകരും ശാസ്ത്രജ്ഞരും ഒത്തുചേര്‍ന്നത്. മേള കേന്ദ്രമന്ത്രി ഡി വി സദാനന്ദ ഗൗഡ ഉദ്ഘാടനം ചെയ്തു.കാര്‍ഷികമേഖല—യുടെ സമഗ്രമായ പുരോഗതിയാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നു മന്ത്രി പറഞ്ഞു. രാജ്യത്തെ തൊഴില്‍ മേഖലയുടെ 50 ശതമാനത്തോളം വരുന്ന കാര്‍ഷിക മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്നവരുടെ വരുമാനം 2022 ആകുമ്പോള്‍ ഇരട്ടിയായി വര്‍ധിപ്പിക്കുവാനുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നത്. സിപിസിആര്‍ഐ ഉള്‍പ്പെടെ രാജ്യത്തെ ഗവേഷണ സ്ഥാപനങ്ങള്‍ വഴി നടത്തുന്ന ഗവേഷണങ്ങളിലൂടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു പുതിയ സാങ്കേതികവിദ്യ കാര്‍ഷികമേഖലയ്ക്കും കര്‍ഷകര്‍ക്കും പ്രയോജനപ്പെടുത്താന്‍ കഴിയുന്ന വിധത്തിലാണു സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പിലാക്കുന്നത്. കേരളത്തില്‍ സിപിസിആര്‍ഐ ഉള്‍പ്പെടെ അഞ്ചു ഗവേഷണ സ്ഥാപനങ്ങളും രാജ്യത്തെ കാര്‍ഷികമേഖല—യുടെ പുരോഗതിക്കു മികച്ച സംഭാവനയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.പി കരുണാകരന്‍ എംപി അധ്യക്ഷത വഹിച്ചു. സിപിസിആര്‍ഐയുടെ നൂറാം വാര്‍ഷികത്തോടെനുബന്ധിച്ചു പുറത്തിറക്കിയ സ്മരണിക സ്റ്റാമ്പിന്റെ പ്രകാശനം കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയും കോഴിക്കോട് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍(നോര്‍ത്ത് റിജിയണ്‍) കേണല്‍ എസ് എഫ് എച്ച് റിസ്‌വിയും ചേര്‍ന്നു നിര്‍വഹിച്ചു. അഞ്ച് പുസ്തങ്ങളുടെ പ്രകാശനവും പുതിയതായി വിപണിയില്‍ എത്തിക്കുന്ന രണ്ടു ഉല്‍പന്നങ്ങളും കേന്ദ്രമന്ത്രി പുറത്തിറക്കി. മികച്ച കര്‍ഷകരായി തിരഞ്ഞെടുക്കപ്പെട്ട സിബി ജോസഫ്, രാമകൃഷ്ണ, വിശ്വനാഥറാവു എന്നിവരെ ആദരിച്ചു. എന്‍ എ നെല്ലിക്കുന്ന് എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, മൊഗ്രാല്‍ പുത്തുര്‍ പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍, ഐസിഎആര്‍ ഡെപ്യൂട്ടി ഡയറക്ടര്‍(ന്യുഡല്‍ഹി)ഡോ.എ കെ സിങ്, സിപിസിആര്‍ഐ ഡയറക്ടര്‍ ഡോ.പി ചൗഡപ്പ, കാസര്‍കോട് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ടി ആര്‍ ഉഷാദേവി, ഡോ.മനോജ്കുമാര്‍, സംഘാടക സമിതി കണ്‍വീനര്‍ ഡോ. സി തമ്പാന്‍ സംസാരിച്ചു.മേളയില്‍ കാര്‍ഷിക മേഖല ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് കര്‍ഷകര്‍ ആശങ്കകള്‍ നിരത്തി. ശാസ്ത്രീയമായ പരിഹാരമാര്‍ഗങ്ങള്‍ ശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. മേളയില്‍ നടീല്‍വസ്തുക്കള്‍ വാങ്ങാനും കാര്‍ഷിക പ്രദര്‍ശനം കാണാനും കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് എത്തിയത്.  ഒന്നരവര്‍ഷം കൊണ്ട് കായ്ക്കുന്ന മലേസ്യന്‍ പ്ലാവ്, വിവിധ ഫലവര്‍ഗ ചെടികളും ജൈവ കീടനാശിനികളും മേളയുടെ പ്രധാന ആകര്‍ഷണമായിരുന്നു.

RELATED STORIES

Share it
Top