അനുനയ നീക്കവുമായി സര്‍ക്കാര്‍; തന്ത്രി കുടുംബവുമായി മുഖ്യമന്ത്രി ചര്‍ച്ചനടത്തും

തിരുവനന്തപുരം: ശബരിമലയിലേക്ക് പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രിംകോടതി വിധി നടപ്പാക്കുന്നതിനായി സമവായ ചര്‍ച്ചകള്‍ക്കൊരുങ്ങി സര്‍ക്കാര്‍. തന്ത്രി കുടുംബവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ചര്‍ച്ചനടത്തും.
വിഷയത്തില്‍ പ്രതിപക്ഷ രാഷ്ട്രീയസംഘടനകള്‍ സര്‍ക്കാരിനെതിരേ വിശ്വാസികളെ അണിനിരത്തുന്നതില്‍ എല്‍ഡിഎഫിന് ആശങ്കയുണ്ട്. മാത്രവുമല്ല മധ്യതിരുവിതാംകൂറില്‍ വൈകാരിക പ്രക്ഷോഭത്തിന് പന്തളം രാജകുടുംബത്തില്‍ നിന്നടക്കം നീക്കം ആരംഭിച്ചതോടെയാണ് പൊടുന്നനെയുള്ള സര്‍ക്കാരിന്റെ അനുനയചര്‍ച്ച. ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനുമായി ഇന്നലെ തന്ത്രികുടുംബം പ്രതിനിധികള്‍ ചര്‍ച്ചനടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് തീരുമാനം മാറ്റി മുഖ്യമന്ത്രി തന്നെ നേരിട്ട് ചര്‍ച്ചയ്‌ക്കൊരുങ്ങുകയായിരുന്നു.
ശബരിമലയിലെ സ്ത്രീപ്രവേശന കാര്യത്തില്‍ സര്‍ക്കാരിന് പ്രത്യേക അജണ്ടകളൊന്നുമില്ലെന്ന് തന്ത്രികുടുംബത്തെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം.
കോടതി വിധിയുടെ മറവില്‍ സര്‍ക്കാര്‍ എടുത്തുചാടിയുള്ള നടപടികളിലേക്ക് നീങ്ങുന്നുവെന്നും വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നുവെന്നുമുള്ള ആക്ഷേപം കോണ്‍ഗ്രസ്സും ബിജെപിയും ഉയര്‍ത്തിയിട്ടുണ്ട്. രാഷ്ട്രീയ എതിരാളികളുടെ നീക്കങ്ങളും ഇതുവഴി പ്രതിരോധിക്കാന്‍ കഴിയുമെന്നാണ്് സിപിഎം കണക്കുകൂട്ടല്‍.

RELATED STORIES

Share it
Top