അനുജന്‍ ചേട്ടനെയും ഭാര്യയെയും മകളെയും വെട്ടിക്കൊലപ്പെടുത്തി

അങ്കമാലി: സ്വത്തുതര്‍ക്കത്തിന്റെ പേരില്‍ അനുജന്‍ ചേട്ടനെയും ഭാര്യയെയും മകളെ യും വെട്ടിക്കൊലപ്പെടുത്തി. കൊലപാതകത്തിനു ശേഷം കുളത്തില്‍ ചാടി ആത്മഹത്യക്ക് ശ്രമിച്ച പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലിസിലേല്‍പ്പിച്ചു. മൂക്കന്നൂര്‍ എരപ്പ് അറക്കല്‍ വീട്ടില്‍ കൊച്ചാപ്പുവിന്റെ മകന്‍ ശിവന്‍ (58), ഭാര്യ വല്‍സ (50) മകള്‍ സ്മിത (35) എന്നിവരാണ് കൊല്ലപ്പെട്ടത്. സ്മിതയുടെ ഇരട്ടക്കുട്ടികളായ അശ്വിന്‍, അപര്‍ണ എന്നിവര്‍ക്കും വെട്ടേറ്റു. ഇവര്‍ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.മറ്റൊരു കുട്ടി ഓടിരക്ഷപ്പെട്ടു. കൊല്ലപ്പെട്ട ശിവന്റെ സഹോദരന്‍ ബാബുവാണ് അരുംകൊല നടത്തിയത്. ഇന്നലെ വൈകീട്ട് 5.45ഓടെയാണ് നാടിനെ നടുക്കിയ കൂട്ടക്കൊല.  പരേതരായ കൊച്ചാപ്പുവിന്റെയും തങ്കമ്മയുടെയും മകനാണ് ശിവന്‍. ഇവര്‍ക്ക് ശിവനെ കൂടാതെ നാലു മക്കളാണുള്ളത്. അതില്‍ മൂന്നാമത്തെ മകന്‍ ഷാജി നേരത്തേ മരിച്ചിരുന്നു. ബാബു ഒഴികെയുള്ളവര്‍ തറവാട്ടുവളപ്പില്‍ വീടുകള്‍ വച്ചാണ് താമസം. ബാബു രണ്ടു കിലോമീറ്റര്‍ അപ്പുറം  വാടകയ്ക്കാണ് താമസം. ആകെ 20 സെന്റ് സ്ഥലമാണ് തറവാട്ടുവക സ്വത്തായിട്ടുള്ളത്. ഇതില്‍ അഞ്ചു മക്കള്‍ക്കും മൂന്നു സെന്റ് വീതം നല്‍കി. അവശേഷിക്കുന്ന അഞ്ചു സെന്റ് അമ്മയുടെ പേരിലാണുള്ളത്. ബാബു തന്റെ വിഹിതം വാങ്ങിയിരുന്നില്ലെന്നാണ് പറയുന്നത്. ഇന്നലെ വൈകീട്ട് ബാബു തറവാട്ടുവളപ്പിലെത്തി മരം വെട്ടാന്‍ ശ്രമിച്ചത് ശിവന്‍ തടയാന്‍ ശ്രമിച്ചതാണ് കൂട്ടക്കൊലയില്‍ കലാശിച്ചത്. കൈയില്‍ സൂക്ഷിച്ചിരുന്ന വാക്കത്തിയുപയോഗിച്ച് ആദ്യം ശിവനെ വെട്ടുകയായിരുന്നു. ഇതു കണ്ട് തടയാന്‍ ഓടിയെത്തിയ ശിവന്റെ ഭാര്യ വല്‍സ—യെയും വെട്ടിവീഴ്ത്തി. ഇതിനു ശേഷം തുണി അലക്കിക്കൊണ്ടിരിക്കുകയായിരുന്ന ഇവരുടെ മകള്‍ സ്മിതയെയും പ്രതി ഓടിയെത്തി വെട്ടുകയായിരുന്നു.  മരിച്ച മൂവരുടെയും ശരീരത്തില്‍ 30ലധികം വെട്ടുകളേറ്റിട്ടുണ്ട്. വല്‍സയുടെ മൃതദേഹം അടുക്കള ഭാഗത്തും സ്മിതയുടെ മൃതദേഹം അലക്കുകല്ലിനു സമീപത്തും ശിവന്റെ മൃതദേഹം ഷാജിയുടെ വീടിനോട് ചേര്‍ന്നുമാണ് കിടക്കുന്നത്. സ്മിതയുടെ ഭര്‍ത്താവ് സുരേഷ് കുവൈത്തിലാണ്.
.

RELATED STORIES

Share it
Top