അനുജനെ രക്ഷിക്കുന്നതിനിടെ സഹോദരനും സുഹൃത്തും കായലില്‍ മുങ്ങിമരിച്ചുബാലരാമപുരം: അനുജനെ രക്ഷിക്കുന്നതിനിടെ സഹോദരനും സുഹൃത്തും വെള്ളായണി കായലില്‍ മുങ്ങിമരിച്ചു. നരുവാമൂട് ചെമ്മണ്ണിന്‍മേലെ കൃഷ്ണാഞ്ജലിയില്‍ സിന്ധുകുമാര്‍-സുനിത ദമ്പതികളുടെ മൂത്തമകന്‍ ശംഭു എന്ന് വിളിക്കുന്ന ശരവണ്‍(16), നരുവാമൂട് ചെമ്മണ്ണില്‍മേലെ വിദ്രോയില്‍ രാമചന്ദ്രന്‍-ലത ദമ്പതികളുടെ മകന്‍ വിഷ്ണു(24) എന്നിവരാണു മരിച്ചത്. ഇന്നലെ വൈകീട്ട് വെള്ളായണി കുളങ്ങരക്കടവിലാണ് അപകടം. മൂന്ന് ബൈക്കുകളിലായി സഹോദരങ്ങളും സുഹൃത്തുക്കളുമടങ്ങുന്ന ആറംഗസംഘമാണ് കുളിക്കാനെത്തിയത്. ആദ്യം വെള്ളത്തിലിറങ്ങിയ  ശരവണിന്റെ സഹോദരന്‍ ശബരി(13) ഒന്നരയാള്‍ പൊക്കമുള്ള കായലില്‍ താഴുകയായിരുന്നു. നിലവിളികേട്ട് ശരവണും സുഹൃത്തും അയല്‍വാസിയുമായ വിഷ്ണുവും ചേര്‍ന്ന് ശബരിയെ വലിച്ച് കരയ്ക്കുകയറ്റിയെങ്കിലും ഇരുവരും കായലില്‍ മുങ്ങിത്താഴുകയായിരുന്നു. സംഭവം കണ്ട്  നിന്ന മറ്റുള്ളവരുടെ നിലവിൡകേട്ടെത്തിയയാള്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ബഹളം കേട്ട് നാട്ടുകാരും തുടര്‍ന്ന് വിഴിഞ്ഞത്തു നിന്നെത്തിയ ഫയര്‍ഫോഴ്‌സും ചേര്‍ന്ന് ഇരുവരെയും കരയ്‌ക്കെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ശരവണ്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിനില്‍ക്കുകയായിരുന്നു. വിഷ്ണു ബിരുദവിദ്യാര്‍ഥിയാണ്. ശരവണിന്റെ പിതാവ് സിന്ധുകുമാര്‍ ഗള്‍ഫിലാണ്. വിഷ്ണുവിന്റെ പിതാവ് രാമചന്ദ്രന്‍ റിട്ട. പോസ്റ്റ്ഓഫിസ് ജീവനക്കാരനാണ്.

RELATED STORIES

Share it
Top