അനിശ്ചിതകാല ബന്ദ് പ്രഖ്യാപിച്ച് ആദിവാസി വിദ്യാര്‍ഥി സംഘടനകള്‍

ഇംഫാല്‍: മണിപ്പൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ എ പി പാണ്ഡെയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സര്‍വകലാശാലാ വിദ്യാര്‍ഥികളുടെ സമരം 51ാം ദിവസവും തുടരുന്ന സാഹചര്യത്തില്‍ സര്‍വകലാശാല അനിശ്ചിതമായി അടച്ചിട്ടതിനെതിരായും വിസിയെ പുറത്താക്കുന്നതിനെതിരായും ഒരുപറ്റം ആദിവാസി വിദ്യാര്‍ഥി സംഘടനകള്‍ രംഗത്തെത്തി. അന്വേഷണ ഏജന്‍സി റിപോര്‍ട്ട് വരുന്നതിനു മുമ്പ് വിസിയെ പുറത്താക്കരുതെന്നും സര്‍വകലാശാലാ പ്രവര്‍ത്തനം പുനരാരംഭിക്കണമെന്നും ആവശ്യപ്പെട്ട് ഇവര്‍ അനിശ്ചിതകാല ബന്ദ് പ്രഖ്യാപിച്ചു.
രണ്ടു ദിവസമായി മണിപ്പാല്‍ സര്‍വകലാശാലാ വിദ്യാര്‍ഥി യൂനിയന്‍ ആഹ്വാനം ചെയ്ത പണിമുടക്കിനെ തുടര്‍ന്ന് ജനജീവിതം സ്തംഭിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കടകള്‍, സര്‍ക്കാര്‍ ഓഫിസുകള്‍ എന്നിവ പൂര്‍ണമായും അടഞ്ഞ നിലയിലായിരുന്നുവെന്ന് പോലിസ് അറിയിച്ചു.
വിദ്യാര്‍ഥി യൂനിയന്‍ ആഹ്വാനം ചെയ്ത പണിമുടക്കിന് പിന്തുണയുമായി വിവിധ വിദ്യാര്‍ഥി-പൗര സംഘടനകള്‍ രംഗത്തുവന്നതോടെയാണ് പണിമുടക്ക് പൂര്‍ണമായത്. വിസി ആദ്യ പ്രസാദ് പാണ്ഡെയെ പുറത്താക്കുക, വിസി നടത്തിയ സാമ്പത്തിക ക്രമക്കേടുകള്‍, അനാസ്ഥ തുടങ്ങിയവ അന്വേഷിക്കാന്‍ സ്വതന്ത്ര ഏജന്‍സിയെ നിയമിക്കുക എന്നിവയാണ് യൂനിയന്റെ പ്രധാന ആവശ്യം. സര്‍വകലാശാലയുടെ പ്രവര്‍ത്തനം 50 ദിവസമായി നിലച്ചിരിക്കുകയാണ്. എല്ലാ വിദ്യാര്‍ഥി സംഘടനകളും സര്‍വകലാശാലാ ഉദ്യോഗസ്ഥരും അധ്യാപകരും അടക്കമുള്ളവര്‍ വിസിക്കെതിരേ രംഗത്തുണ്ട്. പാണ്ഡെക്കെതിരേയുള്ള ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ വിരമിച്ച ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്ര അന്വേഷണസംഘത്തെ നിയമിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടതായി മണിപ്പൂര്‍ മുഖ്യമന്ത്രി മാധ്യമങ്ങളെ അറിയിച്ചു.
നാളെ നടക്കുന്ന നിയമസഭായോഗത്തോട് അനുബന്ധിച്ച് പ്രതിഷേധം നടത്താനും സര്‍വകലാശാലാ വിദ്യാര്‍ഥി യൂനിയന്‍ തീരുമാനിച്ചിട്ടുണ്ട്. സമരം തീര്‍പ്പാക്കുന്നതില്‍ ഭരണകക്ഷിയായ ബിജെപിയുടെ നിഷേധാത്മക ഇടപെടലും പരാജയവും ചൂണ്ടിക്കാണിച്ചാണ് സമരം. മുന്‍കരുതലെന്ന നിലയ്ക്ക് തലസ്ഥാനത്ത് ശക്തമായ സുരക്ഷ ഒരുക്കിയതായി പോലിസ് അറിയിച്ചു. 52 ദിവസമായി തങ്ങള്‍ സമരത്തിലാണെന്നും എന്നാല്‍, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വിഷയത്തില്‍ ഇതുവരെ ഇടപെടലുകളൊന്നും നടത്തിയില്ലെന്നും വിദ്യാര്‍ഥി യൂനിയന്‍ പറയുന്നു. ഇന്നു നടക്കാനിരിക്കുന്ന നിയമസഭാ യോഗം ഘെരാവോ ചെയ്യാനാണ് യൂനിയന്‍ തീരുമാനം.

RELATED STORIES

Share it
Top