അനിശ്ചിതകാല നിരാഹാരത്തിന് തുടക്കമായി

കൊല്ലങ്കോട്: മീങ്കര ഡാമിലേക്ക് മൂലത്തറയില്‍ നിന്നും വെള്ളമെത്തിക്കണമെന്നും ജല വിതരണം നടത്തണമെന്നുമാവശ്യപ്പെട്ട് മീങ്കര ചുള്ളിയാര്‍ ജലസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ മുതലമട കാമ്പ്രത്ത് ചള്ളയില്‍ നടത്തുന്ന സത്യഗ്രഹ സമരം പുതിയ തലത്തിലേക്ക്.
ഇന്നലെ മുതല്‍ സംരക്ഷണ സമിതി അംഗങ്ങള്‍ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. ജലസംരക്ഷണ സമിതി ചെയര്‍മാന്‍ എ എന്‍ അനുരാഗ്, ആര്‍ അരവിന്ദാക്ഷന്‍, സജേഷ് ചന്ദ്രന്‍, എസ് അമാനുള്ള, എ സി ശെല്‍വന്‍, സക്കീര്‍ ഹുസൈന്‍, സതീഷ് ബാലകൃഷ്ണന്‍ എന്നിവരാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. നിരാഹര സമരം സാഹിത്യകാരന്‍ ഇയ്യങ്കോട് ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു.
എഴുത്തുകാരന്‍ എന്ന നിലയ്ക്ക് എന്നും ജനങ്ങളോടൊപ്പം നില്‍ക്കുക എന്നതാണ് കടമ. ഇവിടെ നടക്കുന്ന സമരം ധാര്‍മികമാണ്. പറമ്പിക്കുളം ആളിയാര്‍ നദീജല കരാര്‍ പുതുക്കാത്തതാണ് ജലദൗര്‍ലഭ്യത്തിന് കാരണമായതെന്നും നട്ടെല്ലില്ലാത്ത ഭരണാധികാര വര്‍ഗമാണ് കരാര്‍ പുതുക്കാതെ നീട്ടിക്കൊണ്ടു പോയതെന്നും ഇയ്യങ്കോട് ശ്രീധരന്‍ ആരോപിച്ചു. നമ്മള്‍ക്കവകാശപ്പെട്ട പറമ്പിക്കുളം വെള്ളം ലഭ്യമാക്കാന്‍ സര്‍ക്കാറും ഉദ്യോഗസ്ഥരും വേണ്ടത്ര താല്‍പര്യം കാണിക്കുന്നില്ല. ഇനി വെള്ളം ലഭിക്കാതെ മരണപ്പെട്ട വാര്‍ത്തയായിരിക്കും നാളെ സമൂഹം കേള്‍ക്കുകയെന്നും അദ്ദേഹം പറഞ്ഞു.
നിരാഹാരം നടത്തുന്നവരെ ഷാള്‍ അണിയിച്ച് ആദരിച്ചു. കഴിഞ്ഞ നാലു ദിവസമായി സത്യഗ്ര സമരം നടന്നു വരുന്നു. എ എന്‍ അനുരാഗ് അധ്യക്ഷത വഹിച്ചു. കെ എ ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. കെ ജി പ്രദീപ് കുമാര്‍, എന്‍ കെ ഷാഹുല്‍ ഹമീദ്, സി പ്രഭാകരന്‍, എന്‍ ജി കെ പിള്ള, ലക്ഷ്മണന്‍, ടി എന്‍ രമേഷ് സംസാരിച്ചു.

RELATED STORIES

Share it
Top