അനാവശ്യ വ്യവഹാരങ്ങളും വിചാരണാ നടപടികളും തടയാന്‍ അടിയന്തര നിയമം വേണം; ചെന്നിത്തലയ്‌ക്കെതിരേ എടുത്ത കേസ് റദ്ദാക്കി

കൊച്ചി: അനാവശ്യ വ്യവഹാരങ്ങളും വിചാരണാ നടപടികളും തടയാന്‍ സര്‍ക്കാര്‍ അടിയന്തരമായി നിയമം കൊണ്ടുവരണമെന്ന് ഹൈക്കോടതി. ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറാക്കിയതിന് രമേശ് ചെന്നിത്തലയ്‌ക്കെതിരേ എടുത്ത കേസ് റദ്ദാക്കിയുള്ള വിധിയിലാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. അനാവശ്യ വ്യവഹാരികളെ തടയുന്നത് സംബന്ധിച്ച ബില്ല് നേരത്തേ കൊണ്ടുവന്നിരുന്നെങ്കിലും അത് കാലഹരണപ്പെട്ടതായി കോടതി ചൂണ്ടിക്കാട്ടി.
പുതിയ നടപടികള്‍ സ്വീകരിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയെങ്കിലും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. വിഷയം നിയമ പരിഷ്‌കരണ കമ്മീഷന് വിട്ടതായി സര്‍ക്കാര്‍ ഇപ്പോള്‍ അറിയിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തലയ്‌ക്കെതിരേ പായ്ച്ചിറ നവാസ് നല്‍കിയ പരാതിയും തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ടതും നിയമ നടപടികളുടെ ദുരുപയോഗത്തിന് ഉത്തമ ഉദാഹരണമെന്ന് കോടതി ചൂണ്ടിക്കാട്ടി.
രമേശ് ചെന്നിത്തലക്കെതിരേ പരാതി നല്‍കിയയാള്‍ പലര്‍ക്കുമെതിരെ 45 പരാതികളാണ് നല്‍കിയിട്ടുള്ളത്. പോക്‌സോ നിയമപ്രകാരമുള്ളതടക്കം നാല് കേസുകളിലെ പ്രതിയാണ് ഇയാളെന്നാണ് ബോധ്യപ്പെട്ടിട്ടുള്ളത്. അനാവശ്യ പരാതികളും വ്യവഹാരങ്ങളുമായി ബന്ധപ്പെട്ടുള്ള നിയമത്തിന്റെ അനിവാര്യതയാണ് ഇത്തരക്കാരുടെ പരാതികളില്‍ നിന്ന് ബോധ്യപ്പെടുന്നത്. പ്രശസ്തിക്കും വ്യക്തിപരമായ നേട്ടത്തിനും വേണ്ടി നല്‍കുന്ന വ്യാജപരാതികള്‍ തിരിച്ചറിയാന്‍ വിജിലന്‍സിനും പോലിസിനും കോടതിക്കും കഴിയണം. അടിസ്ഥാനരഹിതമായ പരാതികളില്‍ ജാഗ്രത വേണം.
ഇത്തരം പരാതികളില്‍ അഴിമതി നിരോധന നിയമപ്രകാരം നിയമ നടപടികളെടുക്കുന്ന പ്രോസിക്യൂഷന്‍ സൂക്ഷ്മതയോടെ കാര്യങ്ങളെ സമീപിക്കണം. ലഭിക്കുന്ന പരാതികള്‍ യാന്ത്രികമായി സ്വീകരിച്ച് പ്രാഥമിക അന്വേഷണത്തിന് വിടുന്ന രീതിയാണ് ഇപ്പോഴുള്ളത്. ഗുരുതരമായ പ്രത്യാഘാതമാണ് ഇതുണ്ടാക്കുന്നത്. അഴിമതിക്കേസില്‍ അനാവശ്യമായി അന്വേഷണം നടത്തുന്നത് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് ഏറെ ബുദ്ധിമുട്ടുകളുണ്ടാക്കും. ഇതുണ്ടാക്കുന്ന ചീത്തപ്പേര് പെട്ടെന്ന് മായ്ച്ചുകളയാനാകില്ലെന്നും കോടതി പറഞ്ഞു.

RELATED STORIES

Share it
Top