അനായാസം ഇന്ത്യ; ദക്ഷിണാഫ്രിക്കയ്ക്ക് ചരിത്ര തോല്‍വി


സെഞ്ച്വൂറിയന്‍: ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യയുടെ വീരപുത്രന്‍മാര്‍ ചരിത്രം കുറിച്ചപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ അക്കൗണ്ടില്‍ ചരിത്ര തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ അവരുടെ ഹോം ഗ്രൗണ്ടില്‍ നേടുന്ന ഏറ്റവും ചെറിയ ടോട്ടലായ 118 റണ്‍സിന് കൂടാരം കയറിയ േഇന്ത്യ  മറുപടിയില്‍ 20.3 ഓവറില്‍ ഒരു വിക്കറ്റിന് 119 റണ്‍സ് നേടി വിജയം അക്കൗണ്ടിലാക്കുകയായിരുന്നു. അഞ്ച് വിക്കറ്റ് വീഴ്ത്തിയ യുസ്‌വേന്ദ്ര ചാഹലിന്റെ ബൗളിങാണ് ആതിഥേയരെ തകര്‍ത്തത്. ഇന്ത്യക്കുവേണ്ടി ശിഖര്‍ ധവാനും (51*) വിരാട് കോഹ്‌ലിയും പുറത്താവാതെ നിന്നു (46*). ജയത്തോടെ ആറ് മല്‍സര പരമ്പരയില്‍ 2-0ന് ഇന്ത്യ മുന്നിലെത്തി.
119 റണ്‍സെന്ന ചെറിയ വിജയലക്ഷ്യത്തിലേക്ക് അതിവേഗം ഇന്ത്യ ബാറ്റുവീശിയപ്പോള്‍ ദക്ഷിണാഫ്രിരക്കന്‍ ബൗളിങ് നിര നന്നായി തല്ലുകൊണ്ടു. മോണി മോര്‍ക്കലിനെ സിക്‌സര്‍ പായിച്ച് തുടങ്ങിയ രോഹിത് ശര്‍മ (15) കഗിസോ റബാദയ്ക്ക് മുന്നില്‍ വിക്കറ്റ് നഷ്ടപ്പെടുത്തിയെങ്കിലും രണ്ടാം വിക്കറ്റിലെ കോഹ്‌ലി -ധവാന്‍ കൂട്ടുകെട്ട് ഇന്ത്യക്ക് ആവേശ ജയം സമ്മാനിക്കുകയായിരുന്നു. കോഹ്‌ലി 50 പന്തില്‍ നാല് ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 46 റണ്‍സടിച്ചപ്പോള്‍ 56 പന്തില്‍ ഒമ്പത് ഫോറിന്റെ സഹായത്തോടെയാണ് ധവാന്റെ അര്‍ധ സെഞ്ച്വറി പ്രകടനം. രണ്ടാം വിക്കറ്റില്‍ 93 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് ഇന്ത്യക്ക് സമ്മാനിച്ചത്.
നേരത്തെ 32.2 ഓവറില്‍ 118 റണ്‍സിന് ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയെ ഇന്ത്യന്‍ ബൗളര്‍മാര്‍ ചുരുട്ടിക്കൂട്ടുകയായിരുന്നു. സെഞ്ച്വൂറിയന്‍ മൈതാനത്ത് ഇന്ത്യയുടെ സ്പിന്‍ കെണിയില്‍ ആതിഥേയര്‍ മൂക്കുംകുത്തി വീഴുന്നതിനാണ് മൈതാനം സാക്ഷ്യം വഹിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസിസിന്റെയും എബി ഡിവില്ലിയേഴ്‌സിന്റെയും അഭാവം നിഴലിച്ച് നിന്നു. സ്‌കോര്‍ബോര്‍ഡില്‍ 39 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 23 റണ്‍സെടുത്ത ഹാഷിം അംലയെ ഭുവനേശ്വര്‍ കുമാര്‍ ധോണിയുടെ കൈകളിലെത്തിച്ചു.  പിന്നാലെ 12ാം ഓവറിലെ അവസാന പന്തില്‍ ക്വിന്റണ്‍ ഡി കോക്കിനെ (20) ചാഹല്‍ പുറത്താക്കി. തൊട്ടുപിന്നാലെ ക്യാപ്റ്റന്‍ മര്‍ക്രാമിനെയും (8) വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ഡേവിഡ് മില്ലറെയും (0) കുല്‍ദീപ് യാദവ് കൂടാരം കയറ്റിയതോടെ ദക്ഷിണാഫ്രിക്ക 13.5 ഓവറില്‍ നാല് വിക്കറ്റിന് 51 എന്ന തകര്‍ച്ചയുടെ വക്കിലായിരുന്നു. പിന്നീട് ഡുമിനിയും സോണ്ടോയും ചേര്‍ന്ന് ദക്ഷിണാഫ്രിക്കയെ രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും ചാഹല്‍ വീണ്ടും ഇന്ത്യയുടെ രക്ഷക്കെത്തി. 25 റണ്‍സടിച്ച സോണ്ടോയെ ചാഹല്‍ ഹര്‍ദിക് പാണ്ഡ്യയുടെ കൈകളിലെത്തിച്ചു. അധികം വൈകാതെ ഡുമിനിയെയും ചാഹല്‍ മടക്കിയതോടെ ആതിഥേയുടെ തകര്‍ച്ചക്ക് വേഗതകൂടി. റബാദയും മോര്‍ക്കലും ഇമ്രാന്‍ താഹിറും വന്നതിലും വേഗം ക്രീസ് വിട്ടു. ക്രിസ് മോറിസ് 14 റണ്‍സെടുത്ത് പത്താമനായി പുറത്തായി. 11 റണ്‍സെടുക്കുന്നതിനിടയിലാണ് അവസാന അഞ്ചു വിക്കറ്റ് ദക്ഷിണാഫ്രിക്ക നഷ്ടപ്പെടുത്തിയത്.

RELATED STORIES

Share it
Top