അനാഥാലയത്തിലെ അന്തേവാസികളെ പീഡിപ്പിച്ച സംഭവം: കുറ്റപത്രം സമര്‍പ്പിച്ചു


കല്‍പ്പറ്റ: വയനാട്ടിലെ അനാഥാലയത്തിലെ അന്തേവാസികളായ വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരേ പോലിസ് കുറ്റപത്രം സമര്‍പ്പിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ സിഐ സി പി ജേക്കബ് ആണ് കല്‍പ്പറ്റ പോക്‌സോ കോടതി മുമ്പാകെ ആറ് പ്രതികള്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചത്. ഏഴ് പെണ്‍കുട്ടികളാണ് പീഡനത്തിനിരയായത്. സമീപത്തെ ഹോട്ടല്‍ കേന്ദ്രീകരിച്ച് ആറ് പേരടങ്ങിയ സംഘം മാസങ്ങളോളം പെണ്‍കുട്ടികളെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. അനാഥാലയം അധികൃതരുടെ പരാതിയില്‍ ഹോട്ടല്‍ നടത്തുന്ന നാസര്‍, ജുലൈബ്, സ്‌റ്റേഷനറി വ്യാപാരി അഷ്‌കര്‍, ജുനൈദ്, റാഫി ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരേ മാര്‍ച്ച് ഏഴിന് പോലിസ് കേസെടുക്കുകയും ചെയ്തു. അനാഥാലയത്തിലെ കുട്ടികള്‍ സ്‌കൂളിലേക്കും ഹോസ്റ്റലിലേക്കും പോവുന്ന സമയത്താണ്  പീഡിപ്പിക്കപ്പെട്ടത്. മധുരപലഹാരങ്ങളും മറ്റും നല്‍കി പ്രലോഭിപ്പിച്ച് അടുപ്പം സ്ഥാപിച്ച് പീഡിപ്പിക്കുകയായിരുന്നു. പലപ്പോഴും ബലം പ്രയോഗിച്ച് ഹോട്ടലിലേക്ക് കൊണ്ടുപോയി പീഡനത്തിന് വിധേയരാക്കി. ഹോട്ടലിന് പിന്‍ഭാഗത്തെ താല്‍ക്കാലിക ഷെഡില്‍ വച്ചാണ് കുട്ടികള്‍ പീഡിപ്പിക്കപ്പെട്ടത്.  പെണ്‍കുട്ടികളുടെ നഗ്‌ന ചിത്രങ്ങളും വീഡിയോയും മൊബൈല്‍ ഫോണില്‍ പകര്‍ത്തി ബ്ലാക്ക് മെയില്‍ ചെയ്ത് പീഡനം തുടര്‍ന്നു. പുറത്ത് പറഞ്ഞാല്‍ കൊല്ലുമെന്നും  ഭീഷണിപ്പെടുത്തി. പ്രതികളില്‍ എല്ലാവരും 25 വയസ്സില്‍ താഴെയുള്ളവരാണ്. രണ്ട് പേര്‍ വിവാഹിതരാണ്. ഇതില്‍ ഒരാള്‍ മൂന്ന് കുട്ടികളുടെ പിതാവാണ്. അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് പ്രതികളെല്ലാം ജയിലിലാണ്.[related]

RELATED STORIES

Share it
Top