അനാഥാലയങ്ങളുടെ നടത്തിപ്പ് പ്രതിസന്ധിയില്‍

കണ്ണൂര്‍: അനാഥാലയങ്ങള്‍ക്ക് സര്‍ക്കാരില്‍നിന്ന് ലഭിക്കേണ്ട ഗ്രാന്റ് ധനവകുപ്പ് തടഞ്ഞതോടെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ അനാഥാലയങ്ങളുടെ നടത്തിപ്പ് പ്രതിസന്ധിയിലായി. ഓള്‍ഡേജ് ഹോം, ഓര്‍ഫനേജ്, സൈക്കോ സോഷ്യല്‍ റിഹാബിലിറ്റേഷന്‍ സെന്റര്‍ തുടങ്ങിയ വിഭാഗങ്ങളിലായി 200ഓളം സ്ഥാപനങ്ങളാണ് ഇരുജില്ലകളിലും ഉള്ളത്.
ഇവിടങ്ങളിലെ അന്തേവാസികള്‍ക്ക് ഭക്ഷണം, വസ്ത്രം, മരുന്ന് എന്നിവയ്ക്കുള്ള ചെലവുകള്‍ കണ്ടെത്താന്‍ കൈത്താങ്ങായിരുന്നു സര്‍ക്കാര്‍ ധനസഹായം. സ്ഥാപനങ്ങളിലെല്ലാം സാമൂഹികനീതി വകുപ്പ് വാര്‍ഷിക പരിശോധന നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. ഇതുപ്രകാരം മാര്‍ച്ചില്‍ തന്നെ ഗ്രാന്റ് തുക ട്രഷറിയില്‍ എത്തുകയും ചെയ്തു. എന്നാല്‍ വിതരണം ചെയ്യുന്നതിനു മുമ്പുതന്നെ അകാരണമായി ധനവകുപ്പ് തിരിച്ചെടുക്കുകയായിരുന്നു.
വയോജന മന്ദിരങ്ങള്‍ക്കും കുട്ടികളെ പാര്‍പ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കും ഒരാള്‍ക്ക് പ്രതിമാസം ആയിരം രൂപ വീതമാണ് ഗ്രാന്റായി അനുവദിക്കുന്നത്.
ഇതുപ്രകാരം കണ്ണൂര്‍ ജില്ലയില്‍ മാത്രം രണ്ടുകോടിയോളം രൂപ സര്‍ക്കാര്‍ നല്‍കാനുണ്ട്. അനാഥാലയങ്ങളിലെ അന്തേവാസികള്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നെങ്കിലും ഇതുവരെ ആര്‍ക്കും പെന്‍ഷന്‍ ലഭിച്ചിട്ടില്ല.
ഗ്രാന്‍് തുക തടഞ്ഞുവച്ച നടപടി പ്രതിഷേധാര്‍ഹമാണെന്നും അനാഥാലയങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്ന സമീപനം ഉപേക്ഷിക്കണമെന്നും മുസ്്‌ലിം ഓര്‍ഫനേജസ് കോ-ഓഡിനേഷന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
എന്നാല്‍, തുക ലഭ്യമാക്കുന്നത് സംബന്ധിച്ച് ധനവകുപ്പുമായി ആശയവിനിമയം തുടരുകയാണെന്നാണ് ജില്ലാ സാമൂഹികനീതി ഓഫിസര്‍ എം എം മോഹന്‍ദാസിന്റെ വിശദീകരണം.

RELATED STORIES

Share it
Top