അനസ്തിസ്റ്റുകളില്ല; മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയകള്‍ വൈകുന്നു

ഇ രാജന്‍
കോഴിക്കോട്: മെഡിക്കല്‍ കോളജ് അനസ്‌തേഷ്യാ വിഭാഗത്തില്‍ അനസ്തിസ്റ്റുകളുടെ കുറവു കാരണം ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ ശസ്ത്രക്രിയകള്‍ അനന്തമായി നീളുന്നതായി പരാതി. അസ്ഥിരോഗ വിഭാഗത്തിലുള്ള രോഗികളിലാണ് ഭൂരിഭാഗവും ശസ്ത്രക്രിയകള്‍ വൈകുന്നത്.
വിവിധ വാഹനാപകടങ്ങളില്‍പ്പെട്ട് അത്യാഹിത വിഭാഗത്തില്‍ പ്രവേശിക്കുന്ന രോഗികള്‍ക്ക് അടിയന്തിര ശസ്ത്രക്രിയക്കു മണിക്കൂറുകളോളം കാത്തിരിക്കേണ്ടിവരുന്നു. 1961ലെ സ്റ്റാഫ് പാറ്റേണ്‍ പ്രകാരമാണ് ഇവിടെ ഡോക്ടര്‍മാരുടെ തസ്തികയുള്ളത്. അതിനു ശേഷം പല വിഭാഗത്തിലും ശസ്ത്രക്രിയ യൂനിറ്റുകള്‍ തുടങ്ങിയെങ്കിലും അതിനു അനുസൃതമായി അനസ്‌തേഷ്യാ വിഭാഗത്തില്‍ ഡോക്ടര്‍മാരെ നിയമിച്ചിട്ടില്ല. മെഡിക്കല്‍ കോളജില്‍ അനസ്‌തേഷ്യാ വിഭാഗത്തില്‍ പകുതി തസ്തികകളിലും ആളില്ല.
നിലവിലുള്ള രോഗികളുടെ എണ്ണവും മെഡിക്കല്‍ കോളജിലെ ചികില്‍സാ ആവശ്യങ്ങളും വച്ചുനോക്കുമ്പോള്‍ അമ്പത് പേരെങ്കിലും വേണ്ടിടത്ത് 17 പേര്‍ മാത്രം. അനസ്‌തേഷ്യാ വിദഗ്ധരുടെ 35 തസ്തികകളുണ്ട്. എന്നാല്‍ അവയില്‍ 18 എണ്ണവും ഒഴിഞ്ഞുകിടക്കുന്നു. അസോസിയേറ്റ് പ്രഫസര്‍, അസിസ്റ്റന്റ് പ്രഫസര്‍, ലക്ചറര്‍ തസ്തികകളിലാണ് ഒഴിവുകളിലധികവും. പിജി വിദ്യാര്‍ഥികളും താല്‍ക്കാലിക ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവരെക്കൂടി ആശ്രയിച്ചാണ് കാര്യങ്ങള്‍ ഒരുവിധം നടന്നുപോവുന്നത്.
ഒരോ ചികില്‍സാ വിഭാഗത്തിലും ഡോക്ടര്‍മാരില്ലാത്തത് അതത് വിഭാഗത്തിലെത്തുന്ന രോഗികളേെയ ബാധിക്കൂ. എന്നാല്‍ അനസ്‌തേഷ്യാ വിദഗ്ധരില്ലാതാവുന്നത് എല്ലാ വിഭാഗത്തിലും ശസ്ത്രക്രിയക്ക് കാലതാമസം വരുത്തും.
ന്യൂറോ സര്‍ജറി, ഗ്യാസ്‌ട്രോ, നെഫ്രോളജി, പ്ലാസ്റ്റിക് സര്‍ജറി, കാര്‍ഡിയോളജി, ലിവര്‍ ട്രാന്‍സ്പ്ലാന്റേഷന്‍, തൊറാസിക് സര്‍ജറി തുടങ്ങിയ സ്‌പെഷ്യാലിറ്റി വിഭാഗങ്ങളിലും ജനറല്‍ സര്‍ജറിയിലുമായി വിന്യസിക്കാന്‍ ആവശ്യത്തിന് ആളില്ലാതെ വലയുകയാണ്. അനസ്‌തേഷ്യാ വിഭാഗം ചിലപ്പോള്‍ രണ്ടു തിയ്യറ്റുകളില്‍ ഒരാള്‍ തന്നെ മാറി മാറി ഡ്യൂട്ടി ചെയ്യേണ്ടിവരുന്നു.
മെഡിക്കല്‍ കോളജില്‍ അനസ്‌തേഷ്യാ വിഭാഗത്തിലെ ഡോക്ടര്‍മാരുടെ കുറവ് നികത്തേണ്ടതിന്റെ ആവശ്യകത നേരത്തെ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നേതൃത്വത്തില്‍ കോളജില്‍ നടന്ന വകുപ്പ് മേധാവികളുടെ യോഗത്തില്‍ ഉള്‍പ്പെടെ ആവശ്യമുയര്‍ന്നതാണ്. എന്നിട്ടും ഒഴിവുകള്‍ നികത്താന്‍ നടപടികളായിട്ടില്ല.

RELATED STORIES

Share it
Top