അനര്‍ഹര്‍ ആനുകൂല്യത്തിന് ശ്രമിച്ചാല്‍ നടപടി: ജില്ലാ കലക്ടര്‍

മലപ്പുറം: പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് തെറ്റായ ആനുകൂല്യത്തിന് അപേക്ഷിക്കുകയോ ആനുകൂല്യം കൈപ്പറ്റുകയോ ചെയ്യുന്നവര്‍ക്കെതിരേ 2005ലെ ദുരന്തനിവാരണ നിയമത്തിലെ 52ാം വകുപ്പ് അനുസരിച്ച് കേസെടുക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. അനര്‍ഹര്‍ ഏതെങ്കിലും തരത്തില്‍ ആനുകൂല്യങ്ങള്‍ അവകാശം ഉന്നയിക്കുന്ന പക്ഷം പ്രസ്തുത വകുപ്പ് പ്രകാരം രണ്ടു വര്‍ഷം വരെ തടവും പിഴയും ലഭിക്കും. അനര്‍ഹമായി ആനുകൂല്യം നല്‍കുന്നതിന് സഹായം നല്‍കുകയോ നടപടി സ്വീകരിക്കുകയോ ചെയ്യുന്ന അധികാരികള്‍ നിയമത്തിലെ 53ാം വകുപ്പ് പ്രകാരം ശിക്ഷക്കര്‍ഹരാണ്. ഇത്തരത്തില്‍ നിയമലംഘനം നടത്തുന്ന അപേക്ഷകരേയും അധികാരികളെയും ക്രിമിനല്‍ നടപടികള്‍ക്ക് വിധേയമാക്കുന്നതിന് കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് ജില്ലയില്‍ ആനുകൂല്യം പറ്റിയവരുടെ പട്ടിക പ്രസിദ്ധീകരിക്കും. ജില്ലാ കലക്ടറുടെ ഔദ്യോഗിക വെബ് സൈറ്റിലാണ് പട്ടിക പ്രസിദ്ധപ്പെടുത്തുക. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണ്. എന്‍ഐസിയാണ് സാങ്കേതിക സഹായം നല്‍കുന്നത്. അനര്‍ഹര്‍ ആനുകൂല്യം കൈപ്പറ്റിയതായി കണ്ടെത്തിയാല്‍ പൊതുജനങ്ങള്‍ക്ക് ജില്ലാ കലക്ടറെ അറിയിക്കാവുന്നതാണ്.

RELATED STORIES

Share it
Top