അനര്‍ഹര്‍ ആനുകൂല്യം നേടിയാല്‍ കര്‍ശന നടപടി: മന്ത്രി ജലീല്‍

മഞ്ചേരി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ലഭിക്കുന്ന തുക അര്‍ഹരായവര്‍ക്ക് മാത്രമേ നല്‍കൂവെന്ന് മന്ത്രി കെ ടി ജലീല്‍. അനര്‍ഹര്‍ ആനുകൂല്യം നേടിയാല്‍ അവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. അതിനു കൂട്ടുനില്‍ക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാവുമെന്ന് മന്ത്രി വ്യക്തമാക്കി.
ദുരിതബാധിതരെ സഹായിക്കേണ്ടത് ഓരോ പൗരന്മാരുടേയും കടമയാണ്. മഴക്കെടുതിയില്‍ ദുരന്തമനുഭവിക്കുന്നവരെ സഹായിക്കാന്‍ സമൂഹമൊന്നടങ്കം രംഗത്തുവരുന്ന കാഴ്ചയാണുള്ളതെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള താലൂക്കുതല ധനസമാഹരണം ഉദ്ഘാടനം ചെയ്ത് അദ്ദേഹം മഞ്ചേരിയില്‍ പറഞ്ഞു. ഏറനാട് താലൂക്ക് ഓഫിസിലാണ് ധനസമാഹരണത്തിനു തുടക്കം കുറിച്ചത്. 30 പേരില്‍ നിന്നായി 8,46,220 രൂപയാണ് ഏറനാട് താലൂക്കില്‍നിന്നു മാത്രം ലഭിച്ചത്. മാനസികവെല്ലുവിളി നേരിടുന്ന കുട്ടികളാണ് ആദ്യം തുക നല്‍കിയത്. പെന്‍ഷന്‍കാര്‍ സ്വരൂപിച്ച 75,000 രൂപയും മന്ത്രിക്കു കൈമാറി. പെന്‍ഷന്‍ തുക, ശമ്പളം, കച്ചവടത്തില്‍ നിന്നുള്ള ലാഭവിഹിതം, മഹല്ല് കമ്മിറ്റികള്‍ പിരിച്ചെടുത്ത തുക, സ്‌കോളര്‍ഷിപ്പ് തുകയടക്കം വിദ്യാര്‍ഥികള്‍ സ്വരൂപിച്ച സഹായം എന്നിവയെല്ലാം ദുരിതാശ്വാസ നിധിയിലേക്കു നല്‍കി. താലൂക്ക് ഓഫിസില്‍ നടന്ന ധനസമാഹരണ യജ്ഞത്തില്‍ ജില്ലാ കലക്ടര്‍ അമിത് മീണ, മഞ്ചേരി നഗരസഭാധ്യക്ഷ വി എം സുബൈദ, മലപ്പുറം നഗരസഭാധ്യക്ഷ സി എച്ച് ജമീല, വിവിധ ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റുമാര്‍, പ്രാദേശിക ജനപ്രതിനിധികള്‍, ഡെപ്യൂട്ടി കലക്ടര്‍ രഘുരാജ്, തഹസില്‍ദാര്‍ പി സുരേഷ്, വിവിധ വകുപ്പുദ്യോഗസ്ഥര്‍, സംഘടന പ്രതിനിധികള്‍ പങ്കെടുത്തു. ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കുന്നവര്‍ ഡിഡിയോ ചെക്കോ ആയി നല്‍കാന്‍ ശ്രമിക്കണമെന്ന് മന്ത്രി കെടി ജലീല്‍ പറഞ്ഞു.
സുതാര്യത ഉറപ്പുവരുത്താനാണ് പണമായി നല്‍കരുതെന്ന് പറയുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനസമാഹരണാര്‍ഥം നടത്തുന്ന താലൂക്കുതല പ്രത്യേക ക്യാംപ് പെരിന്തല്‍മണ്ണയില്‍ ഇന്ന് നടക്കും. താലൂക്ക് ഓഫിസില്‍ ഉച്ചയ്ക്ക് 2.30 മുതല്‍ വൈകീട്ട് അഞ്ചുവരെ നടക്കുന്ന പരിപാടിക്ക് മന്ത്രി കെ ടി ജലീല്‍ നേതൃത്വം നല്‍കും. എംഎല്‍എമാരായ മഞ്ഞളാംകുഴി അലി, ടി എ അഹമ്മദ് കബീര്‍, ജില്ലാ കലക്ടര്‍ അമിത് മീണ, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ മേധാവികള്‍ തുടങ്ങിയവരും പങ്കെടുക്കും.

RELATED STORIES

Share it
Top