അനര്‍ഹമായി പ്രളയ ദുരിതാശ്വാസ ഫണ്ട് സ്വീകരിച്ചത് അന്വേഷണം ആരംഭിച്ചു

അരീക്കോട്: അനര്‍ഹമായി പ്രളയ ദുരിതാശ്വാശ ഫണ്ട് സ്വീകരിച്ചതിനെ കുറിച്ച് ആഭ്യന്തര വകുപ്പ് അന്വേഷണം ആരംഭിച്ചു. അപേക്ഷ സമര്‍പ്പിച്ചവരുടെ വീടുകളിലും പരിസരങ്ങളിലും സംഘം വ്യക്തമായ പരിശോധന നടത്തുന്നുണ്ട്. കൈപറ്റിയ തുക അനര്‍ഹമാണെന്നു തെളിഞ്ഞാല്‍ നിയമ നടപടിയെടുക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു. നിലവില്‍ ലഭ്യമായ തുക വീടുകളില്‍ വെള്ളം കയറിയവര്‍ക്കായി ആശ്വാസ ധനമായി ലഭിച്ചതാണ്.
നഷ്ടമപരിഹാര തുക അക്കൗണ്ടുകളില്‍ വരാനിരിക്കേ അനര്‍ഹര്‍ കയറികൂടിയെന്ന പരാതിയെ തുടര്‍ന്നാണു വ്യത്യസ്ത കോണുകളില്‍ നിന്നും അന്വേഷണം നടത്തുന്നത്. പൊതുജനങ്ങളില്‍ നിന്ന് ഉള്‍പെടെ സംഘം വിവരം ശേഖരിക്കുന്നുണ്ട്. അപേക്ഷയോടൊപ്പം വെള്ളം കയറിയതിന്റെ ഫോട്ടോ സമര്‍പ്പിക്കണമെന്ന വില്ലേജ് ഓഫീസര്‍മാരുടെ നിര്‍ദേശത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഫോട്ടോ രേഖയാണെന്ന സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് പ്രതിഷേധത്തില്‍ നിന്ന് ഇവര്‍ പിന്മാറുകയായിരുന്നു. അന്വേഷണ സംഘം നിലവിലെ സ്ഥിതിയും നേരത്തെ എടുത്ത ഫോട്ടോയും പുന:പരിശോധന നടത്തുന്നുണ്ട്. വെള്ളപൊക്കവും ഉരുള്‍ പൊട്ടലും ഉണ്ടായ പ്രദേശങ്ങള്‍ക്ക് സമീപമുള്ളവരും സര്‍ക്കാറിന്റെ ദുരിതാശ്വാസ ഫണ്ടിന് അപേക്ഷ നല്‍കി പണം കൈപറ്റിയതിനെ കുറിച്ചാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.
വില്ലേജ് ഓഫീസുകളില്‍ നല്‍കിയ അപേക്ഷയില്‍ വാര്‍ഡ് പഞ്ചായത്ത് മെമ്പര്‍മാരെയും രാഷ്ട്രീയക്കാരെയും സ്വാധീനിച്ച് പലരും അപേക്ഷ സമര്‍പ്പിച്ച് പണം കൈപറ്റിയത്. വില്ലേജ് ഓഫിസുകളില്‍ സമര്‍പ്പിക്കുന്ന അപേക്ഷയില്‍ ബന്ധപെട്ട ഓഫിസര്‍മാര്‍ തീര്‍പ്പ് കല്‍പിച്ച് ആശ്വാസ തുകയായി 10000 രൂപ വീതം അക്കൗണ്ടില്‍ എത്തി തുടങ്ങിയിട്ടുണ്ട്.
എന്നാല്‍ ഇത്തരം അപേക്ഷയില്‍ അതാത് വില്ലേജ് ഓഫീസര്‍മാര്‍ വ്യക്താമായ അന്വേഷണം നടത്താതെയാണ് തഹസില്‍ദാര്‍മാര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അനര്‍ഹമായിട്ടുള്ള അപേക്ഷ സമര്‍പ്പിച്ച് പണം കൈപറ്റിയതിനെ കുറിച്ച് ആക്ഷേപം ഉയര്‍ന്നതിനെ തുടര്‍ന്നാണ് സ്പഷ്യല്‍ ബ്രാഞ്ച്, റവന്യൂ, പഞ്ചായത്ത് വകുപ്പുകളുടെ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചത്.

RELATED STORIES

Share it
Top