അനധ്യാപക-വിദ്യാര്‍ഥി അനുപാതം കുറച്ചു

കല്‍പ്പറ്റ: പുതിയ സ്റ്റാഫ് ഫിക്‌സേഷനില്‍ വിദ്യാര്‍ഥികളുടെ കുറവുമൂലം തസ്തിക നഷ്ടമാവുന്ന അനധ്യാപകരെ സംരക്ഷിക്കുന്നതിനായി സര്‍ക്കാര്‍ പുതിയ ഉത്തരവിറക്കി. ഇതു പ്രകാരം 2018-2019 വര്‍ഷം അനധ്യാപകരെ നിലനിര്‍ത്തുന്നതിനായി അനധ്യാപക-വിദ്യാര്‍ഥി അനുപാതം 1500 എന്നത് 1200 ആയും 700 എന്നത് 500 ആയും കുറഞ്ഞു. വിദ്യാര്‍ഥികളുടെ കുറവുമൂലം പുറത്തു പോവേണ്ടിവരുന്ന അധ്യാപകരെ സംരക്ഷിക്കുന്നതിന് എല്ലാ വര്‍ഷവും ഉത്തരവിറങ്ങാറുണ്ടെങ്കിലും അനധ്യാപകരുടെ കാര്യം പരിഗണിക്കപ്പെട്ടിരുന്നില്ല. ആദ്യമായാണ് അനധ്യാപകര്‍ക്ക് സ്റ്റാഫ് ഫിക്‌സേഷന്‍ ഉത്തരവില്‍ ഇളവ് ലഭിക്കുന്നത്.
തസ്തിക നഷ്ടപ്പെട്ട് പുനര്‍വിന്യസിക്കപ്പെട്ട അനധ്യാപകരെ മാതൃവിദ്യാലയത്തില്‍ തിരികെ കൊണ്ടുവരുന്നതിനോ തസ്തിക നഷ്ടപ്പെട്ട് പുറത്താവുന്നവരെ സംരക്ഷിക്കുന്നതിനോ ഈ ഉത്തരവ് വഴി സാധിക്കുമെങ്കിലും അധിക തസ്തിക സൃഷ്ടിക്കുന്നതിനോ പുതിയ നിയമനങ്ങള്‍ നടത്തുന്നതിനോ പുതിയ ഉത്തരവ് വഴി കഴിയില്ല. സംരക്ഷണം നല്‍കുമ്പോള്‍ കോര്‍പറേറ്റ് മാനേജ്‌മെന്റ്, ഒന്നിലധികം സ്‌കൂളുകളുള്ള സിംഗിള്‍ മാനേജ്‌മെന്റ്, ഒരു ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ എന്നിവ ഒരു യൂനിറ്റായി പരിഗണിക്കേണ്ടതാണെന്നും ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍ ഉത്തരവ് നിരവധി ജീവനക്കാര്‍ക്ക് ആശ്വാസകരമാണെന്ന് എയ്ഡഡ് സ്‌കൂള്‍ നോണ്‍ ടീച്ചിങ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ പറഞ്ഞു.

RELATED STORIES

Share it
Top