അനധ്യാപക മണ്ഡലത്തിലേക്കുള്ള സെനറ്റ് തിരഞ്ഞെടുപ്പ് പൂര്‍ത്തിയായി

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സെനറ്റിലേക്കുള്ള അനധ്യാപക മണ്ഡലത്തിലേക്കുള്ള തിരഞ്ഞെടുപ്പ് കഴിഞ്ഞു. തിരഞ്ഞെടുപ്പില്‍ കനത്ത പോളിങ്ങ് നടന്നു. ആകെയുള്ള 1,576 വോട്ടില്‍ 1,504 പേരും വോട്ടു ചെയ്യാനെത്തി. 98.5 ആണ് വോട്ടിങ് ശതമാനം. പതിവില്‍നിന്ന് വ്യത്യസ്തമായി വൈസ് ചാന്‍സലറും പ്രോ.വൈസ് ചാന്‍സലറും രജിസ്ട്രാറും അടക്കമുള്ള പ്രമുഖര്‍ വോട്ടു ചെയ്യാനെത്തി.
ഒരു സീറ്റിലേക്ക് സെനറ്റംഗത്തെ കണ്ടെത്താന്‍ മൂന്ന് സ്ഥാനാര്‍ഥികളാണ് മല്‍സരിച്ചത്. പൊതുതിരഞ്ഞെടുപ്പിനെ അനുസ്മരിക്കുന്ന വിധമായിരുന്നു വോട്ടെടുപ്പ്. പ്രചാരണ പ്രവര്‍ത്തനങ്ങളും ശക്തമായിരുന്നു. സിപിഎം അനുകൂല കാലിക്കറ്റ് യൂനിവേഴ്‌സിറ്റി എംപ്ലോയീസ് യൂനിയനുവേണ്ടി വിനോദ് നീക്കാംപുറത്തായിരുന്നു സ്ഥാനാര്‍ഥി. സ്റ്റാഫ് ഓര്‍ഗൈനസേഷന്‍, എംപ്ലോയീസ് ഫോറം, സോളിഡാരിറ്റി എന്നീ യൂനിയനുകള്‍ ജനാധിപത്യവേദി എന്ന പേരില്‍ ഒരുമിച്ച് അങ്കത്തിനിറങ്ങി. കെ പ്രവീണ്‍ കുമാറായിരുന്നു ജനാധിപത്യവേദി സ്ഥാനാര്‍ഥി. ഈ സ്ഥാനാര്‍ഥികള്‍ തമ്മിലായിരുന്നു പ്രധാന പോരാട്ടം. ബിജെപി അനുകൂല സംഘടനയായ എംപ്ലോയീസ് ഫ്രന്റിനുവേണ്ടി പി പുരുഷോത്തമനും മല്‍സരരംഗത്തുണ്ടായിരുന്നു. ഇന്നലെ രാവിലെ പത്തുമുതല്‍ വൈകീട്ട് നാലുവരെ സര്‍വകലാശാലാ സെനറ്റ് ഹൗസിലായിരുന്നു പോളിങ് ബൂത്ത്.
പാലക്കാട്, തൃശൂര്‍ ജില്ലകളിലെ സര്‍വകലാശാലാ കേന്ദ്രങ്ങളിലെ ജീവനക്കാരും, തൃശൂര്‍ കേരള ഹെല്‍ത്ത് സര്‍വകലാശാലയില്‍ ഡെപ്യൂട്ടേഷനില്‍ ജോലിചെയ്യുന്ന ജീവനക്കാരും തൃശൂര്‍ ഡോ.ജോണ്‍ മത്തായി സെന്ററിലെ പോളിങ് ബൂത്തിലാണ് വോട്ട് ചെയ്തത്. മറ്റ് ജില്ലകളില്‍ ഡെപ്യുട്ടേഷനില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ പ്രധാന പോളിങ് ബൂത്തായ സര്‍വകലാശാലാ സെനറ്റ് ഹൗസില്‍ വോട്ട് ചെയ്യാനെത്തി.

RELATED STORIES

Share it
Top