അനധികൃത സ്വത്ത്‌നവാസ് ശരീഫിന് 10 വര്‍ഷം തടവ്

ഇസ്‌ലാമാബാദ്: അനധികൃത സ്വത്തുസമ്പാദന കേസില്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന് പത്തു വര്‍ഷത്തെ തടവ്. കൂട്ടുപ്രതികളായ മകള്‍ മറിയം ശരീഫ് ഏഴു വര്‍ഷവും മരുമകന്‍ സഫ്ദര്‍ ഒരു വര്‍ഷവും തടവ് അനുഭവിക്കണം. ഇസ്‌ലാമാബാദിലെ അക്കൗണ്ടബിലിറ്റി കോടതിയാണ് ശിക്ഷ വിധിച്ചത്. നവാസ് 80 ലക്ഷം പൗണ്ടും മറിയം 20 ലക്ഷം പൗണ്ടും പിഴയും അടയ്ക്കണം.
നവാസ് ശരീഫിനെതിരേ നിലവിലുള്ള നാല് അഴിമതിക്കേസുകളില്‍ ഒന്നിലാണ് ഇപ്പോള്‍ വിധി വന്നിരിക്കുന്നത്. ലണ്ടനിലെ അവെന്‍ഫീല്‍ഡ് ഹൗസിലുള്ള നാല് ഫഌറ്റുകളുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട അഴിമതിക്കേസിലാണ് ശരീഫിനെ കുറ്റക്കാരനായി കണ്ടെത്തിയത്. വരവിനേക്കാള്‍ ഉയര്‍ന്ന ആഡംബരജീവിതമാണ് ശരീഫും മക്കളും നയിച്ചിരുന്നത്. ശരീഫിന്റെ മകന്‍ ഹുസയ്ന്‍ നവാസിന്റെ ഉടമസ്ഥതയിലുള്ള 200 കോടി പൗണ്ട് വിലമതിക്കുന്ന നാല് ഫഌറ്റുകള്‍ അഴിമതിയിലൂടെ സമ്പാദിച്ചതാണെന്നാണ് ആരോപണം.
പാനമ പേപ്പര്‍ അനധികൃത സ്വത്തുക്കളെക്കുറിച്ച് വിവരം പുറത്തുവിട്ടതിനെ തുടര്‍ന്ന് 2017 ജൂലൈയില്‍ സുപ്രിംകോടതി ശരീഫിനെ അയോഗ്യനാക്കിയിരുന്നു. തുടര്‍ന്ന് അദ്ദേഹം പ്രധാനമന്ത്രിസ്ഥാനം രാജിവച്ച് വിചാരണ നേരിടുകയായിരുന്നു. നാഷനല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോയുടെ അന്വേഷണവുമായി സഹകരിക്കാത്തതിന് ശരീഫും മരുമകന്‍ സഫ്ദറും ഒരു വര്‍ഷം അധിക തടവ് അനുഭവിക്കണം.
മകള്‍ മറിയത്തിനൊപ്പം ലണ്ടനില്‍ താമസിക്കുന്ന ശരീഫ് കേസിന്റെ വാദം നേരിട്ടുകേള്‍ക്കുന്നതിന് വിചാരണ ഒരാഴ്ച വൈകിപ്പിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി തള്ളുകയായിരുന്നു. പാകിസ്താനില്‍ ഈ മാസം 25ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോടതി വിധി ശരീഫിന്റെ പാര്‍ട്ടിയായ പിഎംഎല്‍-എന്നിന് വലിയ തിരിച്ചടിയാണ്. അതേസമയം, താന്‍ കള്ളനല്ലെന്നും ഉടന്‍ പാകിസ്താനിലേക്കു മടങ്ങുമെന്നും ശരീഫ് പ്രതികരിച്ചു. ജയിലില്‍ നിന്ന് തന്റെ പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top