അനധികൃത വൃദ്ധസദനം പൂട്ടിച്ചു; നടത്തിപ്പുകാരിക്ക് എതിരേ കേസ്

തൃശൂര്‍: യാതൊരുവിധ രേഖകളോ ലൈസന്‍സോ ഇല്ലാതെ തൃശൂര്‍ പൂങ്കുന്നം ഹരിനഗറില്‍ പ്രവര്‍ത്തിച്ചുവരുന്ന പാര്‍ക്ക് ഫീല്‍ഡ് എന്ന വൃദ്ധസദനം ജില്ലാ ഭരണകൂടം അടച്ചുപൂട്ടി. നടത്തിപ്പുകാരിക്കെതിരേ തൃശൂര്‍ വെസ്റ്റ് പോലിസ് കേസെടുത്തു.
അന്തേവാസികളായ വൃദ്ധജനങ്ങളെ യാതൊരു പരിരക്ഷയും നല്‍കാതെ പൂട്ടിയിട്ടുവെന്ന പരാതിയിന്മേല്‍ നടത്തിയ അന്വേഷണത്തിലാണ് സബ് കലക്ടര്‍ ഡോ. രേണുരാജ്, ജില്ലാ സാമൂഹികനീതി ഓഫി സര്‍ എസ് സുലക്ഷണ എന്നിവരുടെ നേതൃത്വത്തില്‍ സ്ഥാപനം പൂട്ടിയത്.
പരിതാപകരമായ അവസ്ഥയില്‍ കഴിഞ്ഞ ഇവിടത്തെ അന്തേവാസികളെ രാമവര്‍മപുരത്തെ സര്‍ക്കാര്‍ വൃദ്ധസദനത്തിലേക്കു മാറ്റി. മൂന്നു പേരായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. ഇവരുടെ ബന്ധുക്കളെ വിവരമറിയിച്ചു. സ്ഥാപനത്തിന്റെ നടത്തിപ്പുകാരിയായ മീരയ്ക്ക് ഇതുസംബന്ധിച്ച് നോട്ടീസ് നല്‍കി.
സംഭവത്തില്‍ തൃശൂര്‍ വെസ്റ്റ് പോലിസ് അന്വേഷണം ആ രംഭിച്ചു. ഓരോ അന്തേവാസിയുടെ പേരിലും സംഭാവനയായി രണ്ടരലക്ഷം രൂപയും പ്രതിമാസം 16,000 രൂപ മുതല്‍ മുകളിലേക്കും രശീതി നല്‍കാതെ കൈപ്പറ്റിയായിരുന്നു പാര്‍ക്ക് ഫീല്‍ഡിന്റെ പ്രവര്‍ത്തനം. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അനുമതിയോ തൃശൂര്‍ കോര്‍പറേഷന്റെ ലൈസന്‍സോ ആവശ്യമായ രേഖകളോ ഇല്ലാതെയായിരുന്നു സ്ഥാപനത്തിന്റെ പ്രവര്‍ത്തനം. കോര്‍പറേഷന്‍ കൗണ്‍സിലര്‍മാരായ ലളിതാംബിക, രാവുണ്ണി പരിശോധനയില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top