അനധികൃത വയല്‍നികത്തല്‍ വ്യാപകം; ഒത്താശ ചെയ്ത് രാഷ്ടീയ പാര്‍ട്ടികളും

മുക്കം: കൊടിയത്തൂര്‍ ഗ്രാമപ്പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ അനധികൃത വയല്‍ നികത്തല്‍ വ്യാപകമാവുന്നു. ചെറുവാടി, പന്നിക്കോട് വേപ്പിലാങ്ങല്‍, ചെറുവാടി പൊറ്റമ്മല്‍, കാരാളിപറമ്പ് ഭാഗങ്ങളിലാണ് ഏക്കര്‍ കണക്കിന് നെല്‍വയല്‍ നികത്തുന്നത്.
രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ നികത്തല്‍ നടക്കുമ്പോഴും വില്ലേജ് അധികൃതരും കൃഷി വകുപ്പ് പഞ്ചായത്തധികൃതരും ഇത് കണ്ടില്ലന്ന് നടിക്കുകയാണ്.
നിരവധി തവണ പരാതി നല്‍കിയെങ്കിലും ഫലമില്ലന്ന് നാട്ടുകാര്‍ പറയുന്നു. വയല്‍ നികത്തലിന് ഇടതു വലതു വ്യത്യാസമില്ലാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒത്താശ ചെയ്യുകയാണ്. അത് കൊണ്ട് തന്നെയാണ് ഇത്ര പരസ്യമായി ഭൂമാഫിയ വയല്‍ നികത്തുന്നതും. പന്നിക്കോട് വേപ്പിലാങ്ങല്‍ പ്രദേശത്ത് ക്വാറി വെയിസ്റ്റ് ആയ സ്ലെറി ഉപയോഗിച്ച് വരെ വയല്‍ നികത്തുകയാണ്. ശക്തമായ മഴയില്‍ ഇത് സമീപ വയലുകളിലും ഒലിച്ചിറങ്ങി ഇവിടേയും കൃഷിക്ക് ഭീഷണിയാണ്.
ചെറുവാടി പൊറ്റമ്മല്‍ ഭാഗത്ത് തിരഞ്ഞെടുപ്പ് സമയത്ത് തുടങ്ങിയവയല്‍ നികത്തല്‍ ഇപ്പോഴും തുടരുകയാണ്. ഇരു മുന്നണികളുടേയും ഒത്താശയും ഇവിടെ വയല്‍ നികത്തുന്നതിനുണ്ട് .വയലിന്റെ മുകള്‍ ഭാഗത്തുള്ളവര്‍ക്ക് ശക്തമായ കുടിവെള്ള ക്ഷാമത്തിന് വരെ കാരണമായേക്കാവുന്ന നികത്തലിനെതിരെ നടപടിയെടുക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാണ്. മഴക്കാലത്ത് പോലും ശക്തമായ കുടിവെള്ള ക്ഷാമമനുഭവിക്കുന്ന പ്രദേശമാണ് പൊറ്റമ്മല്‍ എലിയങ്ങോട് ഭാഗം.

RELATED STORIES

Share it
Top