അനധികൃത രക്തബാങ്കുകള്‍ക്ക് എതിരേ കര്‍ശന നടപടിക്കു നിര്‍ദേശം

കണ്ണൂര്‍: അനധികൃതമായി രക്തദാനവും രക്തശേഖരണവും നടത്തുന്ന രക്തബാങ്കുകള്‍ക്കും ക്ലിനിക്കുകള്‍ക്കും ആശുപത്രികള്‍ക്കുമെതിരേ കര്‍ശന നടപടിക്കു ജില്ലാ കലക്്ടറുടെ നിര്‍ദേശം. ജില്ലയിലെ ചില ആശുപത്രികളില്‍ ദാതാക്കളില്‍ നിന്നു രക്തം ശേഖരിച്ച് രോഗികള്‍ക്ക് നല്‍കുന്നതു വ്യാപകമാണെന്ന പരാതിയെ തുടര്‍ന്നാണ് അടിയന്തിര നടപടി സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് ജില്ലാ കലക്്ടര്‍ മീര്‍ മുഹമ്മദലി നിര്‍ദേശം നല്‍കിയത്.
അംഗീകൃത രക്ത ബാങ്കില്ലാത്ത ആശുപത്രികളില്‍ നിന്നു രക്തം ശേഖരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്്. പയ്യന്നൂരിലെ രണ്ട് ആശുപത്രികള്‍, പാപ്പിനിശ്ശേരി, നാറാത്ത് മേഖലയിലെ ആശുപത്രികള്‍, തളിപ്പറമ്പിലെ ഒരു ആശുപത്രി, ഇരിട്ടിയിലെ ഒരു ആശുപത്രി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നു നിയമവിരുദ്ധമായി രക്തദാനവും ശേഖരണവും നടക്കുന്നുണ്ടെന്ന് വിവിധ സംഘടനകള്‍ പരാതി നല്‍കിയിരുന്നു.
രക്തദാനവുമായി ബന്ധപ്പെട്ട നയം രൂപീകരിക്കുന്നത് ദേശീയ ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗണ്‍സിലാണ്. നാഷണല്‍ ബ്ലഡ് പോളിസി, സ്റ്റാന്റേഡ് ഫോര്‍ ബ്ലഡ് ബാങ്ക് ആന്റ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ സര്‍വീസസ് എന്നീ പുസ്തകങ്ങളാണ് ഇതിന്റെ മാര്‍ഗരേഖകളായി അവലംബിക്കുന്നത്. ഇതിലെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാണ് ചില സ്വകാര്യ ആശുപത്രികളില്‍ നിന്നു നിയമവിരുദ്ധമായി രക്തദാനവും ശേഖരണവും നടക്കുന്നതെന്നു കണ്ടെത്തിയിരുന്നു.
രക്തദാനത്തിനും ശേഖരണത്തിനും അനുമതിയുള്ള അംഗീകൃത ആശുപത്രികളുടെ ലിസ്റ്റും കലക്്ടര്‍ ഉത്തരവിനോടൊപ്പം പുറത്തിറക്കിയിട്ടുണ്ട്്. കണ്ണൂര്‍ ജില്ലാ ആശുപത്രി, കണ്ണൂര്‍ എകെജി ആശുപത്രി, കണ്ണൂര്‍ സാറ ബ്ലഡ് ബാങ്ക്, അഞ്ചരക്കണ്ടി കണ്ണൂര്‍ മെഡിക്കല്‍ കോളജ്, തലശ്ശേരി ജനറല്‍ ആശുപത്രി, തലശ്ശേരി ജോസ്ഗിരി ആശുപത്രി, കോടിയേരി മലബാര്‍ കാന്‍സര്‍ സെന്റര്‍, തലശ്ശേരി സഹകരണ ആശുപത്രി, പരിയാരം മെഡിക്കല്‍ കോളജ്, ചെറുകുന്ന് സെന്റ് മാര്‍ട്ടിന്‍ മിഷന്‍ ഹോസ്പിറ്റല്‍, പയ്യന്നൂര്‍ സഹകരണ ആശുപത്രി എന്നിവിടങ്ങളിലാണ് അംഗീകൃത രക്തബാങ്കുകള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് കലക്്ടറുടെ ഉത്തരവില്‍ വ്യക്തമാക്കുന്നത്.
അംഗീകൃത രക്ത ബാങ്കില്ലാത്ത ആശുപത്രികളില്‍ നിന്ന് രക്തം ദാനം ചെയ്യുന്നതും സ്വീകരിക്കുന്നതും ആരോഗ്യപ്രശ്‌നമുണ്ടാക്കുമെന്ന് ആരോപിച്ച് ബ്ലഡ് ഡോണേഴ്‌സ് കേരള ഉള്‍പ്പെടെയുള്ള സംഘടനകളാണ് കലക്്ടര്‍ക്ക് പരാതി നല്‍കിയിരുന്നത്.

RELATED STORIES

Share it
Top