അനധികൃത മല്‍സ്യബന്ധനം തുടര്‍ക്കഥ; അധികൃതര്‍ക്ക് മൗനം

ഹരിപ്പാട്: നിരോധിത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് മല്‍സ്യബന്ധനം നടത്തിയിട്ടും അധികൃതര്‍ കണ്ടില്ലെന്നു നടിക്കുന്നു.   പമ്പ,അച്ചന്‍ കോവില്‍,മണിമല എന്നീ നദികളിലും ഇതിനോടനുബന്ധിച്ചുള്ള ചെറുതോടുകളിലും മറ്റ് ജലാശയങ്ങളിലുമാണ് അനധികൃത മല്‍സ്യ ബന്ധനം  നടക്കുന്നത്.      നിരോധിത വല ഉപയോഗിച്ചും,വൈദ്യുതി പ്രവഹിപ്പിച്ചും,നഞ്ചുകലക്കിയും രാസ വസ്തുക്കള്‍ ഉപയോഗിച്ചുമാണ് കൂടുതലായും മല്‍സ്യങ്ങളെ പിടിക്കുന്നത്. വൈദ്യുതി പ്രവഹിപ്പിച്ചുള്ള  മത്സ്യ ബന്ധനത്തിനിടയില്‍ കുട്ടനാടന്‍ മേഖലയില്‍ ധാരാളം പേര്‍ ഇതിനോടകം മരണപെട്ടിട്ടുണ്ട്.  നഞ്ചും മറ്റു രാസവസ്തുക്കളും ഉപയോഗിച്ചുള്ള മല്‍സ്യ ബന്ധനം ജലജന്യ സാംക്രമികരോഗങ്ങള്‍ ഉണ്ടാകാന്‍ കാരണമാകുന്നുണ്ടെന്ന്   ആരോഗ്യ പ്രവര്‍ത്തകര്‍ സാക്ഷ്യപെടുത്തുന്നു. 2010-ല്‍ പെരുവല ഉപയോഗം നിരോധിച്ചശേഷം പരിശോധനകള്‍ നടത്തി അനധികൃത മല്‍സ്യബന്ധനം തടഞ്ഞിരിന്നു. ഈ കാലയളവില്‍ മത്സ്യ സമ്പത്ത് ഗണ്യമായി കൂടിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.ജില്ലയില്‍ ഡപ്യൂട്ടി ഡയറക്ടറുടെ പരിധിയില്‍ രണ്ട് ഫീല്‍ഡ് ഓഫീസുകളാണുള്ളത്,ഓരോഫീല്‍ഡ് ഓഫീസിലും ഒരു സബ്ബ് ഇന്‍സെപക്ടറുടെ കീഴില്‍ അഞ്ചു പേരടങ്ങുന്ന ഒരു സംഘമാണ് അനധികൃത മല്‍സ്യബന്ധനം പിടികൂടാന്‍ നിയോഗിക്കപ്പെട്ടവര്‍. ജില്ലയില്‍ ആകെ ഒരു ബോട്ട് മാത്രമാണ് അനധികൃത മല്‍സ്യ ബന്ധനം പിടികൂടാനായുള്ളത്.   അതാകട്ടെ മല്‍സ്യബന്ധന വകുപ്പിന്റേതല്ലതാനും.      വാടകക്കെടുത്താണ് പട്രോളിംഗ് നടത്തുന്നത്.   കുട്ടനാട്,മാവേലിക്കര,ചെങ്ങന്നൂര്‍,അമ്പലപ്പുഴ താലൂക്കിലെ കുറെ ഭാഗങ്ങളും,കാര്‍ത്തികപള്ളി താലൂക്കിലെ ചെറുതന,വീയപുരം പ്രദേശങ്ങളും മാന്നാര്‍ ഫീല്‍ഡ് ഓഫീസിന്റെ പരിധിയിലും,ചേര്‍ത്തല താലൂക്കും,അമ്പലപ്പുഴ താലൂക്കിലേയും,കാര്‍ത്തികപള്ളി താലൂക്കിലെയും ഏതാനും പ്രദേശങ്ങളും പൂച്ചാക്കല്‍ ഫീല്‍ഡ് ഓഫീസിന്റെ പരിധിയിലുമാണ്.    ജീവനക്കാരുടെ കുറവും,വാഹനങ്ങളുടെ അഭാവവും  അനധികൃത മല്‍സ്യബന്ധനത്തിന്റെ  ആക്കം കൂടാന്‍ കാരണമാകുന്നു.    നൂറ്റി അമ്പതോളം കേസുകളാണ് ശരാശരി ഒരു വര്‍ഷം രജിസ്ട്രര്‍ ചെയ്യുന്നത്.ജൂണ്‍ മാസത്തിലാണ് ഏറ്റവുംകൂടുതല്‍ കേസുകള്‍ രജിസ്ട്രര്‍ ചെയ്യുന്നത്.    നാട്ടുകാര്‍ പരാതിപ്പെടുന്നതിന്റെ അടിസ്ഥാനത്തില്‍ പിടികൂടുന്ന കേസുകളാണിത് എന്നാല്‍ ജനസഞ്ചാരമില്ലാത്ത മേഖലകളില്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ അനധികൃത മത്സ്യ ബന്ധനം യഥേഷ്ടം നടക്കുന്നുണ്ട്.   ഇവിടങ്ങളില്‍ എത്താന്‍ പോലിസിനോ,മത്സ്യബന്ധന ഉദ്ദ്യോഗസ്ഥര്‍ക്കോ കഴിയുന്നില്ല വാഹനങ്ങള്‍ ഇല്ലാത്തതും,ജീവനകാരുടെ കുറവുമാണ് ഇതിനു കാരണം. 2005ലെ കണക്ക് അനുസരിച്ച് പ്രതിശീര്‍ഷം 4. 4 കിലോ മത്സ്യം മത്സ്യ ബന്ധനത്തിലൂടെയും,7. 4 കിലോ മത്സ്യം മത്സ്യ കൃഷിയിലൂടേയുമാണ് ലഭിക്കുന്നത്. അനധികൃത മത്സ്യ ബന്ധനം സജീവമായതോടെ മത്സ്യ മേഖല പ്രതിസന്ധിയിലാണ്. ജില്ലയില്‍  മുക്കാല്‍ ലക്ഷത്തോളം ഉള്‍നാടന്‍ മത്സ്യ തൊഴിലാളികളുണ്ട് ഒരുലക്ഷത്തോളം  പേര് അനുബന്ധതൊഴിലിലും ഏര്‍പ്പെടുന്നുണ്ട്.

RELATED STORIES

Share it
Top