അനധികൃത മണ്ണെടുപ്പിനെതിരേ നാട്ടുകാരുടെ പ്രതിഷേധം

കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിലെ ചേലക്കുളം വാര്‍ഡിലെ മൂന്നര ഏക്കര്‍ വരുന്ന മലയില്‍ നിന്നും നിയമപരമായ യാതൊരു രേഖകളും ഇല്ലാതെ അനധികൃതമായി ഭൂമാഫിയ മണ്ണ് എടുക്കുന്നതിനെതിരേ ചേലക്കുളം, കാവുങ്ങല്‍പറമ്പു വാര്‍ഡ് മെംബര്‍മാരുടെ നേതൃത്വത്തില്‍ നാട്ടുകാര്‍  പ്രതിഷേധിച്ചു. രൂക്ഷമായ കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശത്ത് വരപ്പോത്ത് കുഞ്ഞുമുഹമ്മദിന്റെ ഉടമസ്ഥയിലുള്ള മൂന്നര ഏക്കര്‍ സ്ഥലത്തു നിന്നും മുപ്പത് അടി താഴ്ചയില്‍ മണ്ണെടുക്കുകയായിരുന്നു. പഞ്ചായത്തിന്റെയോ മൈനിങ് ആന്‍ഡ് ജിയോളജിയുടെയോ അനുമതിയില്ലാതെയുള്ള മണ്ണെടുപ്പ് ചോദ്യം ചെയ്ത വാര്‍ഡ് മെംബര്‍ പി എം അബ്ദുര്‍റഹ്മാനെയും നാട്ടുകാരെയുമാണ് കുന്നത്തുനാട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കൈയേറ്റം ചെയ്യുകയും കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തത്. നാട്ടുകാരുടെ അഭിപ്രായം പോലും കേള്‍ക്കാതെയാണ് ഏകപക്ഷീയമായി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മണ്ണ് മാഫിയക്ക് വേണ്ടി അനുകൂലമായ നിലപാട് എടുത്തത്. നാട്ടുകാര്‍ കലക്ടര്‍ക്കും പഞ്ചായത്തിലും ആര്‍ഡിഒ എന്നിവര്‍ക്ക് പരാതി നല്‍കുകയും വില്ലേജ് ഓഫിസര്‍ സ്ഥലം സന്ദര്‍ശിക്കുകയും നിയമപരമായ അനുമതിയില്ലാതെ മണ്ണ് എടുക്കരുതെന്ന് നിര്‍ദേശിച്ചിട്ടുള്ളതാണ്. ഇതിനെയെല്ലാം മറികടന്ന് കൊണ്ടാണ് ഭൂമാഫിയ ട്വന്റി 20 ഗുണ്ടകളുടെയും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെയും നേതൃത്വത്തില്‍ വീണ്ടും മണ്ണെടുക്കാന്‍ വന്നപ്പോഴാണ് നാട്ടുകാര്‍ തടഞ്ഞത്. പഞ്ചായത്തില്‍ പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് സെക്രട്ടറി തല്‍ക്കാലത്തേക്ക് മണ്ണെടുപ്പിന് സ്‌റ്റോപ് മെമ്മോ നല്‍കിയിരിക്കുകയാണ്.

RELATED STORIES

Share it
Top