അനധികൃത ബണ്ട് പോലിസും ആരോഗ്യ വകുപ്പും പൊളിച്ചുനീക്കി

ബേപ്പൂര്‍: ബിസി റോഡ് മാവിന്‍ചോട് ഭാഗത്ത് ചെറുകുറ്റി നിലം പറമ്പിലെ ബോട്ട് യാര്‍ഡിന് സമീപം അനധികൃതമായി നിര്‍മിച്ച ബണ്ട് കോര്‍പറേഷന്‍ ആരോഗ്യ വിഭാഗവും പോലിസും ചേര്‍ന്ന് പൊളിച്ചുനീക്കി. സംഭവസ്ഥലത്ത് എത്തിച്ചേര്‍ന്ന കോര്‍പറേഷന്‍ അധികൃതരെ വെള്ളക്കെട്ടിന് പരിഹാരം കാണാതെ തിരിച്ചയക്കില്ലെന്ന് അറിയിച്ചതോടെയാണ് ശക്തമായ നടപടിയിലേക്ക് എത്തിയത്. വ്യാഴാഴ്ച ആരംഭിച്ച പ്രദേശത്തെ ജനകീയ കൂട്ടായ്മയില്‍ കോര്‍പറേഷനു നല്‍കിയ പരാതിയിലാണ് നടപടിയുണ്ടായത്.
പ്രതിഷേധം തുടര്‍ന്നതോടെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പോലിസിന്റെ സഹായത്തോടെ എസ്‌കവേറ്റര്‍ ഉപയോഗിച്ച് സ്വകാര്യ വ്യക്തി നിര്‍മിച്ച കോണ്‍ക്രീറ്റ് ബണ്ട് പൊളിച്ചു നീക്കുകയായിരുന്നു. വില്ലേജ് ഓഫിസര്‍ ഉമേഷ്, ബേപ്പൂര്‍, മാറാട് സ്‌റ്റേഷനുകളിലെ പോലിസ് ഉദ്യോഗസ്ഥര്‍, ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി വളണ്ടിയര്‍മാരായ സതീശ് കൊല്ലംകണ്ടി, ജിതേഷ്, സഹദ്, പ്രേമന്‍, സുഭാഷ് കൗണ്‍സിലര്‍ നെല്ലിക്കോട്ട് സതീഷ് കുമാര്‍ എന്നിവരും പ്രശ്‌നത്തിന് പരിഹാരം കാണാനായി സ്ഥലത്തെത്തിയിരുന്നു. റസിഡന്റ്‌സ് അസോസിയേഷന്റെ പരാതിപ്രകാരം ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി, വനം വകുപ്പ്,  കോര്‍പറേഷന്‍ ആരോഗ്യ വിഭാഗം, ബേപ്പൂര്‍ പോലിസ്, റവന്യു വകുപ്പ് തുടങ്ങിയ ഉദ്യോഗസ്ഥര്‍ വ്യാഴാഴ്ച സംഭവ സ്ഥലത്തെത്തി പ്രദേശത്ത് പരിശോധന നടത്തിയിരുന്നു.
പരിവര്‍ത്തന റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ജനജീവിതം ദുസ്സഹമാക്കുന്ന തരത്തിലുള്ള വെള്ളക്കെട്ടിനെതിരേ സ്ത്രീകളടക്കമുള്ള നിരവധി പേര്‍ തോരാത്ത മഴയെയും അവഗണിച്ച് സംഘടിച്ചെത്തിയത്. പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരോട് പ്രശ്‌നത്തിന് പരിഹാരം കാണാതെ തിരിച്ചു പോകാന്‍ അനുവദിക്കില്ലെന്ന തീരുമാനത്തില്‍ നാട്ടുകാരും അസോസിയേഷന്‍ ഭാരവാഹികളും ഉറച്ചു നില്‍ക്കുകയായിരുന്നു.
വര്‍ഷങ്ങളായി വെള്ളം നദിയിലേക്ക് ഒഴുകി പോയിരുന്നത് ബോട്ട് യാര്‍ഡ് ഉടമ  മണ്ണിട്ട് ഉയര്‍ത്തി  തടഞ്ഞതാണ് വെള്ളക്കെട്ടിന് കാരണമായത് . കൂടാതെ വെള്ളത്തിന്റെ ഒഴുക്ക് പൊതു തോട്ടിലൂടെ തിരിച്ചു വിടുവാന്‍ കണ്ടല്‍ക്കാടുകള്‍ കയ്യേറി നശിപ്പിച്ചതായ പരാതിയുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൂടി സ്ഥലത്ത് പരിശോധനയ്‌ക്കെത്തിയത്. വെട്ടിനശിപ്പിച്ചത് ബോധ്യപ്പെട്ട സ്ഥിതിക്ക് സ്വകാര്യ വ്യക്തിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളെ അറിയിച്ചു.
അംഗനവാടിയിലെ പിഞ്ചുകുട്ടികളടക്കമുള്ള വിദ്യാര്‍ഥികളും വയോധികരും ഉള്‍പ്പെടെയുള്ള പ്രദേശവാസികള്‍ ഈ വെള്ളക്കെട്ട് താണ്ടിയാണ് കടന്നുപോയിരുന്നത്. ബേപ്പൂര്‍ ഫിഷിങ് ഹാര്‍ബറിന്റെ വടക്കുഭാഗത്ത് നദീ മുഖത്തോട് ചേര്‍ന്ന് നിരവധി ബോട്ട്  യാര്‍ഡുകള്‍ നിര്‍മിച്ചിട്ടുണ്ട്. അടുത്തകാലത്ത് പുതുതായി സ്ഥാപിച്ച യാര്‍ഡ് ഉടമ തന്റെ നിലം നിരപ്പാക്കുന്നതിനുവേണ്ടി ഒഴിവാക്കിയ മണ്ണ് വെള്ളം ഒഴുകി പോകുന്ന ഭാഗങ്ങളില്‍ നിക്ഷേപിച്ചതാണ് ഇപ്പോഴത്തെ വെള്ളക്കെട്ടിന് കാരണമായത്.
അതേസമയം പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന  തരത്തിലുള്ള വെള്ളക്കെട്ട് സ്വകാര്യ സ്ഥലത്തായാലും പൊതുസ്ഥലത്തായാലും അടിയന്തിരഘട്ടങ്ങളില്‍ പരിഹാരം കാണുവാന്‍ ആരോഗ്യവകുപ്പ് തയ്യാറാകുമെന്ന് കോര്‍പ്പറേഷന്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബി സോജന്‍ പ്രതിഷേധത്തിനിടയില്‍ കഴിഞ്ഞ ദിവസം ഉറപ്പു നല്‍കിയിരുന്നു.

RELATED STORIES

Share it
Top