അനധികൃത ഫഌക്‌സ് ബോര്‍ഡുകള്‍ നീക്കംചെയ്തു

ഒറ്റപ്പാലം: നഗരത്തില്‍ അനധികൃതമായി സ്ഥാപിച്ച പരസ്യ ബോര്‍ഡുകള്‍ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഉത്തരവിനെ തുടര്‍ന്ന് നീക്കം ചെയ്തു. റോഡരികില്‍ ജനങ്ങള്‍ക്ക് അപകടഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന ബോര്‍ഡുകളാണ് നഗരസഭ നീക്കം ചെയ്തത്. നഗരസഭാ പരിധിയില്‍ സ്ഥാപിച്ചിരുന്ന 130ഓളം വരുന്ന വലിയ പരസ്യ ബോര്‍ഡുകള്‍ നഗരസഭാ റവന്യൂ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു നീക്കിയത്.
ഒറ്റപ്പാലത്ത് പാതയോരങ്ങളില്‍ അനധികൃതമായി നിരവധി ഫഌക്‌സ് ബോര്‍ഡുകളാണ് സ്ഥാപിച്ചിട്ടുള്ളത്. വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ പരസ്യങ്ങളിലേക്ക് ശ്രദ്ധ പോവുകയും അപകടം സംഭവിക്കുകയും ചെയ്യുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ബസ് സ്റ്റാന്റ്, ഓപണ്‍ ഓഡിറ്റോറിയം തുടങ്ങിയ സ്ഥലങ്ങളിലും പരസ്യബോര്‍ഡുകളാല്‍ മൂടപ്പെട്ട അവസ്ഥയിലായിരുന്നു. ഇതും കഴിഞ്ഞ ദിവസങ്ങളില്‍ നീക്കം ചെയ്തിരുന്നു.
ആര്‍എസ് റോഡില്‍ നടപ്പാതകള്‍ തടസ്സപ്പെടുന്ന രീതിയില്‍ സ്ഥാപിച്ച ബോര്‍ഡുകളില്‍ ചിലത് വ്യാപാരികള്‍ മുന്‍കൈയ്യെടുത്ത് മാറ്റിയിരുന്നു. അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍ മാറ്റുന്നതുമായി ബന്ധപ്പെട്ട് നഗരസഭാധ്യക്ഷന്‍ വ്യാപാരികളുടെ യോഗം വിളിച്ചിരുന്നു. യോഗ തീരുമാനപ്രകാരമാണ് നഗരത്തിലെ ബോര്‍ഡുകള്‍ വെള്ളിയാഴ്ച മാറ്റിയത്. വ്യാപാരികള്‍ അനധികൃതമായി സ്ഥാപിച്ച ബോര്‍ഡുകള്‍ സ്വയം മാറ്റാന്‍ നഗരസഭ സമയം നല്‍കിയിരുന്നു.
നഗരസഭാ അധികൃതര്‍ പരിശോധന നടത്തി മാറ്റാത്തവക്കെതിരേ നടപടിയെടുക്കാനും തീരുമാനിച്ചിരുന്നു. ഒപ്പം അനധികൃതമായതും എന്നാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്തതുമായ പരസ്യ ബോര്‍ഡുകള്‍ക്ക് അനുമതി നല്‍കാന്‍ വ്യാപാരികള്‍ക്ക് അപേക്ഷിക്കാനും അനുമതി നല്‍കിയിരുന്നു. നഗരത്തിലെ മറ്റിടങ്ങളിലെ ബോര്‍ഡുകളും ഉടന്‍ നീക്കം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.

RELATED STORIES

Share it
Top