അനധികൃത പിരിവ്‌; സമരത്തിനെത്തിയ കെഎസ്‌യു പ്രവര്‍ത്തകരെ പിന്‍മാറ്റാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമം

തലശ്ശേരി: അനധികൃതമായി പിടിഎ ഫണ്ട് പിരിക്കുന്നതിനെതിരേ സ്‌കൂളില്‍ സമരത്തിനെത്തിയ കെഎസ്‌യു പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം. തിരുവങ്ങാട് ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം. ഈ വര്‍ഷത്തെ പ്ലസ്‌വണ്‍ പ്രവേശനവുമായി ബന്ധപ്പെട്ട് പിടിഎ ഫണ്ടായി 600 രൂപ ഈടാക്കുന്നതിനെതിരേ രക്ഷിതാക്കളില്‍ ചിലര്‍ കെഎസ്‌യു നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു.
തുടര്‍ന്നാണ് കെഎസ്‌യു നേതാക്കളും പ്രവര്‍ത്തകരും ഇന്നലെ സ്‌കൂളിലെത്തിയത്. വിഷയം സ്‌കൂള്‍ അധികൃതരുമായി സംസാരിക്കവെ പ്രിന്‍സിപ്പല്‍ കോണ്‍ഗ്രസ് നേതാക്കളായ ഡിസിസി സെക്രട്ടറി സി ടി സജിത്തിനെയും കോടിയേരി ബ്ലോക്ക് പ്രസിഡന്റ് വി സി പ്രസാദിനെയും വിവരമറിയിച്ചു. ഉടന്‍ ഇരുവരും കെഎസ്‌യു നേതാക്കളെ ഫോണില്‍ വിൡച്ച് സമരത്തില്‍നിന്ന് പിന്മാറാന്‍ നിര്‍ദേശിക്കുകയായിരുന്നു.
എന്നാല്‍, തങ്ങള്‍ പിന്മാറില്ലെന്നായിരുന്നു കെഎസ്‌യു നേതാക്കളുടെ മറുപടി. സംഭവം വിവാദമായതോടെ പിടിഎ ഫണ്ടിനത്തില്‍ ഈടാക്കിയ തുക തിരിച്ചുനല്‍കാമെന്ന് സ്‌കൂള്‍ അധികൃതര്‍ ഉറപ്പുനല്‍കി. തുടര്‍ന്നാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയത്. അനധികൃത പണപ്പിരിവിന് കൂട്ടുനിന്ന പാര്‍ട്ടി നേതാക്കള്‍ക്കെതിരേ ഡിസിസിക്ക് പരാതി നല്‍കുമെന്ന് കെഎസ്‌യു നേതൃത്വം അറിയിച്ചു.

RELATED STORIES

Share it
Top