അനധികൃത പാറഖനനം നാട്ടുകാര്‍ തടഞ്ഞു

അടൂര്‍: അനധികൃത പാറഖനനം നാട്ടുകാര്‍ തടഞ്ഞു. കടമ്പനാട് പഞ്ചായത്തില്‍ ആറാം വാര്‍ഡില്‍ നിലമേല്‍ കേസരി ജങ്ഷന്‍-കന്നിമല റോഡ് വക്കില്‍ രണ്ടാഴ്ചയായി നടന്നു വരുന്ന ഖനന പ്രവര്‍ത്തിയാണ് സമീപവാസികള്‍ കഴിഞ്ഞ ദിവസം തടഞ്ഞത്.
ഭൂമി നിരപ്പാക്കുക എന്ന വ്യാജേന കൂറ്റന്‍ യന്ത്രസാമഗ്രികള്‍ ഉപയോഗിച്ച് നൂറ് കണക്കിന് ലോഡ് പാറയാണ് വ്യവസായത്തിനായി ഇവിടെ പൊട്ടിച്ചു കൂട്ടിയിരിക്കുന്നത്. ജനവാസ മേഖലയില്‍ കൂറ്റന്‍ യാന്ത്രസാമഗ്രികളില്‍ നിന്നുയരുന്ന കാതടപ്പിക്കുന്ന ശബ്ദം പരിസരവാസികളില്‍ മാനസിക വിഭ്രാന്തി ഉളവാക്കിയിരിക്കുകയാണ്.
കടമ്പനാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി അനധികൃത ഖനന പ്രവര്‍ത്തികള്‍ തടയാന്‍ തീരുമാനമെടുത്ത് ദിവസങ്ങള്‍ക്കകം ഖനനം പുനരാരംഭിച്ചത് ഉന്നത രാഷ്ട്രീയ ബന്ധത്തിന്റെ പേരിലാണന്ന് നാട്ടുകാര്‍ ആരോപിച്ചു.
റവന്യൂ, ജിയോളജി മലിനീകരണ നിയന്ത്രണ ബോര്‍ഡ്, പഞ്ചായത്ത് വകുപ്പുകളുടെ അനുമതിയില്ലാതെ കരിങ്കല്‍ വ്യാവസായിക അടിസ്ഥാനത്തില്‍ പൊട്ടിച്ച ഭൂ ഉടമയ്‌കെതിരെ ജില്ലാഭരണകൂടം നടപടി സ്വീകരിക്കണമെന്നും പൊട്ടിച്ച് കൂട്ടിയ കരിങ്കല്ല് നീക്കം ചെയ്യാന്‍ അനുമതി നല്‍കരുതെന്നും കേസരി ജങ്ഷന്‍ പൗരസമിതി ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top