അനധികൃത പാര്‍ക്കിങിനെതിരേ അധികൃതര്‍ നടപടിയെടുക്കുന്നില്ല

ആലത്തൂര്‍: താലൂക്കാസ്ഥാന നഗരമായ ആലത്തൂര്‍ ടൗണില്‍ ട്രാഫിക് പരിഷ്‌കാരം പാളുന്നു. കോര്‍ട്ട് റോഡില്‍ അനധികൃത പാര്‍ക്കിങിനെതിരെ നടപടിയില്ല. ടൗണില്‍ ട്രാഫിക് പരിഷ്‌കാരം ജനുവരി പകുതി മുതലാണ് നടപ്പാക്കി തുടങ്ങിയത്.ഇതിന്റെ ഭാഗമായി വാനൂര്‍ റോഡ്, പോലീസ് സ്‌റ്റേഷനു മുന്‍വശം, പിഡിസി ബാങ്കിനു സമീപത്തും പേ പാര്‍ക്കിങ് കേന്ദ്രങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ പേ പാര്‍ക്കിങ് നടപ്പാക്കിയിട്ടും കോര്‍ട്ട് റോഡിലെ അനധികൃത പാര്‍ക്കിങിനെതിരെ ഒരു നടപടിയുമില്ല.
കാര്‍, ഓട്ടോറിക്ഷ ,മറ്റ് വലിയ വാഹനങ്ങള്‍ എന്നിവക്കെതിരെ നടപടിയെടുക്കുന്ന പോലിസ് അനധികൃതമായി പാര്‍ക്ക് ചെയ്തിരിക്കുന്ന ഇരുചക്രവാഹനങ്ങള്‍ക്കെതിരെ യാതൊരു നടപടിയും എടുക്കുന്നില്ല. പുതിയ ബസ് സ്റ്റാന്റിനു മുന്‍വശത്തും എസ്ബിടി ബാങ്കിനു മുന്‍ വശത്തും രാവിലെ ജോലിക്കു പോവുമ്പോള്‍ നിര്‍ത്തിയിടുന്ന ബൈക്കുകള്‍ വൈകുന്നേരം മാത്രമേ മാറ്റാറുള്ളൂ. കൂടാതെ ആലത്തൂര്‍ കോടതിക്കു മുന്‍വശത്ത് ഇരു ഭാഗത്തും ബൈക്കുകളുടെ നീണ്ട നിര തന്നെ ഉണ്ടാവാറുണ്ട്. പോലിസ് സ്‌റ്റേഷന്റെ ഏറ്റവും അടുത്തുള്ള ഇവിടത്തെ അനധികൃത പാര്‍ക്കിംഗിനെതിരെ ഒരു ചെറുവിരലനക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ തയ്യാറാവുന്നില്ല. ഇതിനിടയിലാണ് പഴം, പച്ചക്കറി എന്നിവ വില്‍ക്കുന്നതിനായി സ്ഥിരമായി നിര്‍ത്തിയിടുന്ന പെട്ടിഓട്ടോറിക്ഷകള്‍.ആലത്തൂര്‍ പുതിയ ബസ് സ്റ്റാന്‍ഡ് മുതല്‍ പവിഴം കോര്‍ണര്‍ വരെ വണ്‍വേ സംവിധാനം നടപ്പാക്കുമെന്ന് തീരുമാനിച്ചെങ്കിലും ഇതും നടപ്പായില്ല. ബസ് സ്റ്റാന്‍ഡിനകത്ത് ബസുകള്‍ക്ക് ട്രാക്ക് സിസ്റ്റം നടപ്പാക്കുമെന്നു പറഞ്ഞിട്ടും ഇതും എവിടെയുമെത്തിയില്ല. പൊതു മരാമത്ത് വകുപ്പിനെ കൊണ്ട് ടൗണില്‍ പാര്‍ക്കിംഗ് പോയിന്റുകള്‍ മാര്‍ക്ക് ചെയ്യാനും സീബ്രാലൈനുകളും ഹമ്പുകളും മാര്‍ക്ക് ചെയ്യുവാനും നടപടി സ്വീകരിക്കുമെന്ന വാക്കും പാഴ് വാക്കായി. സ്‌കൂളുകള്‍ക്ക് സമീപത്തുപോലും സീബ്രാലൈനുകള്‍ ഇല്ലാത്തത് അപകടങ്ങള്‍ക്ക് കാരണമാവുന്നുണ്ട്.
പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് അഴുക്കുചാലിന്  മുകളില്‍ സ്ലാബുയര്‍ത്തി നടപ്പാത നിര്‍മിച്ചതോടെ ഇതിനു മുകളില്‍ ഇരുചക്രവാഹനം കയറ്റാന്‍ പറ്റാതായി. വീതി കുറഞ്ഞ പാതയില്‍ ഇരുചക്രവാഹനങ്ങള്‍ നിര്‍ത്തുന്നതുമൂലം ഗതാഗതക്കുരുക്ക് വര്‍ധിക്കുന്നു.
ദേശീയ മൈതാനത്തിന് സമീപം താലൂക്കാശുപത്രിയിലേക്കുള്ള വഴിയില്‍ അനധികൃത പാര്‍ക്കിംഗ് ആംബുലന്‍സിനും രോഗികളുമായെത്തുന്ന വാഹനങ്ങള്‍ക്കും തടസ്സം സൃഷ്ടിക്കുന്നുണ്ട്. മെയിന്‍ റോഡിലേയും കോര്‍ട്ട് റോഡിലെയും ബസ് സ്‌റ്റോപ്പുകളുടെ പുന:ക്രമീകരണം, വണ്‍വേ നടപ്പാക്കല്‍ എന്നീ നിര്‍ദ്ദേശം നടപ്പായില്ല.ഓട്ടോ  ടാക്‌സി സ്റ്റാന്‍ഡുകളും പുന:ക്രമീകരിക്കണം. ആലത്തൂര്‍ നഗരത്തിലെ ഗതാഗത പ്രശ്‌നത്തിന് ശാശ്വത പരിഹാരമായി ആസൂത്രണം ചെയ്ത ബൈപ്പാസിന് അനുമതി ലഭിച്ചെങ്കിലും നിര്‍മ്മാണം ആരംഭിക്കാറായിട്ടില്ല. ആലത്തൂര്‍ നഗരത്തിലെ ഗതാഗതപ്രശ്‌നം പരിഹരിക്കാനും പരിഷ്‌കാരങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനും ഈയാഴ്ച വിപുലമായ യോഗം വിളിക്കുമെന്ന് ഡിവൈഎസ്പി വി എ കൃഷ്ണദാസ് പറഞ്ഞു.

RELATED STORIES

Share it
Top