അനധികൃത പന്നിവളര്‍ത്തല്‍ കേന്ദ്രം അടച്ചുപൂട്ടാന്‍ കര്‍ശന നിര്‍ദേശം

പുതുക്കാട്: വരന്തരപ്പിള്ളി മുനിയാട്ടുകുന്നിലെ അനധികൃത പന്നിവളര്‍ത്തല്‍ കേന്ദ്രം അടച്ചുപൂട്ടാന്‍ ആരോഗ്യവകുപ്പിന്റെ കര്‍ശന നിര്‍ദേശം. ഇതര ജില്ലകളില്‍ നിന്നും കൊണ്ടുവരുന്ന മാംസാവശിഷ്ടങ്ങള്‍ പന്നി വളര്‍ത്തല്‍ കേന്ദ്രത്തിന് ചുറ്റുമുള്ള കുന്നിന്‍ മുകളിലാണ് നിക്ഷേപിച്ചിരുന്നത്.
ഇവിടെ നിന്നുള്ള മാലിന്യം പൈപ്പിലൂടെ കുറുമാലി പുഴയിലേക്കാണ് ഒഴുക്കിവിട്ടിരുന്നത്. ഇതേകുറിച്ചുള്ള വാര്‍ത്ത തേജസ് കഴിഞ്ഞദിവസം നല്‍കിയതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പും പഞ്ചായത്ത് അധികൃതരും സ്ഥലത്തെത്തി നടപടിയെടുത്തത്. മറ്റിടങ്ങളില്‍ നിന്നും ഇവിടേക്ക് മാലിന്യങ്ങള്‍ കൊണ്ടുവരരുതെന്നും ഘട്ടംഘട്ടമായി ഫാമിലെ പന്നികളെ നീക്കം ചെയ്യെണമെന്നുമാണ് നിര്‍ദേശം.
മാലിന്യനിക്ഷേപത്തിനെതിരെ ആരോഗ്യ വകുപ്പ്, ഫാമിന്റെ ഉടമയില്‍ നിന്ന് പിഴ ഈടാക്കി. പന്നികള്‍ക്കുള്ള തീറ്റ കൊണ്ടുവരുന്നതിന്റെ മറവിലാണ് വന്‍തോതില്‍ മാലിന്യമെത്തിച്ചിരുന്നത്. കിലോഗ്രാമിന് 15 രൂപ നിരക്കില്‍ ടണ്‍കണക്കിന് മാലിന്യമാണ് ദിവസേന ഇവിടെയെത്തിച്ചത്.
വരന്തരപ്പിള്ളി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ എസ് പ്രേമ, പഞ്ചായത്ത് പ്രസിഡന്റ് ഇ എം ഉമ്മര്‍, സെക്രട്ടറി ഇ ജെ ഫോര്‍ബി, വൈസ് പ്രസിഡന്റ് സുധിനി രാജീവ്, അംഗങ്ങളായ കൃഷ്ണന്‍കുട്ടി പൊട്ടനാട്ട്, ഔസേഫ് ചെരടായി, മൃഗഡോക്ടര്‍ എസ് ദേവി എന്നിവരാണ് സ്ഥലത്തെത്തിയത്.

RELATED STORIES

Share it
Top