അനധികൃത നിര്‍മാണം പൊളിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് താല്‍പര്യമില്ല: പരാതിക്കാരന്‍

തൃശൂര്‍: നഗരത്തിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് താല്‍പര്യമില്ലെന്ന് പരാതിക്കാരന്‍. പ്രത്യേകസംഘത്തില്‍ വിജിലന്‍സിനെകൂടി ഉള്‍പ്പെടുത്തണമെന്ന് ആവശ്യം. തൃശൂര്‍ നഗരത്തിലെ അനധികൃത നിര്‍മാണങ്ങള്‍ സംബന്ധിച്ച് കഴിഞ്ഞ കൗണ്‍സിലിന്റെ കാലത്താണ് പരാതി ഉയര്‍ന്നത്.
34 അനധികൃത നിര്‍മാണങ്ങള്‍ സംബന്ധിച്ച ചിത്രങ്ങള്‍ സഹിതം അന്ന് കൗണ്‍സിലറായിരുന്ന ജോണ്‍ കാഞ്ഞിരത്തിങ്കല്‍ വിജിലന്‍സിന് പരാതി നല്‍കുകയുണ്ടായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഈ കെട്ടിടങ്ങളെല്ലാം അനധികൃത നിര്‍മാണമാണെന്ന് കണ്ടെത്തിയിരുന്നു. വിജിലന്‍സ് കേസില്‍ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവുമുണ്ടായി.
ഇതേതുടര്‍ന്ന് അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കാനായി കോര്‍പറേഷന്‍ ഏതാനും ദിവസം മുമ്പ് പ്രത്യേകം അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തു. കോര്‍പറേഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ളതാണ് പ്രത്യേക അന്വേഷണ സംഘം.
എന്നാല്‍ ഈ അന്വേഷണ സംഘത്തില്‍ വിശ്വാസമില്ലെന്ന് പരാതിക്കാരനായ മുന്‍ കൗണ്‍സിലര്‍ ജോണ്‍ കാഞ്ഞിരത്തിങ്കല്‍ പറഞ്ഞു. ഉദ്യോഗസ്ഥര്‍ എക്കാലത്തും കയ്യേറ്റക്കാരെ സഹായിച്ച ചരിത്രമാണുള്ളത്. ഉദ്യോഗസ്ഥരും പൊളിക്കാനുള്ള കെട്ടിടങ്ങളുടെ ഉടമകളുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് പരസ്യമായ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തണമെന്ന് ജോ ണ്‍ കാഞ്ഞിരത്തിങ്കല്‍ ആവശ്യപ്പെട്ടു.
തൃശൂര്‍ നഗരത്തില്‍ അനധികൃത കെട്ടിടങ്ങളും പഴക്കം ചെന്ന കെട്ടിടങ്ങളും സംബന്ധിച്ച പരാതികള്‍ക്ക് പുതുമയില്ല. പക്ഷേ ഒരു കേസില്‍പോലും ഒരു കെട്ടിടവും പൊളിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഉദ്യോഗസ്ഥര്‍ കണ്ണടച്ച് ഇരുട്ടാക്കുമ്പോള്‍ അനധികൃത നിര്‍മാണം തുടര്‍ക്കഥയാണ്. പരാതി ഉയരുമ്പോള്‍ കെട്ടിട ഉടമയ്ക്ക് നോട്ടിസ് നല്‍കുക എന്ന ചടങ്ങുണ്ട്.
ഇത് കെട്ടിട ഉടമകളും വിലവെക്കാറില്ല. ഉദ്യോഗസ്ഥരോട് മാത്രമല്ല, ഭരണ പ്രതിപക്ഷഭേദമില്ലാതെയുള്ള ചങ്ങാത്തം കൂടിയാവുമ്പോള്‍ അനധികൃത കെട്ടിടങ്ങളോ, നിര്‍മാണങ്ങളോ ആരും തൊടാറില്ല. പക്ഷേ ഒരു സാധാരണക്കാരന്‍ വീട് പുതുക്കിപ്പണിയാന്‍ അനുമതി തേടിയാല്‍ കളിമാറും. അപ്പോള്‍ മാത്രമാണ് നിയമത്തിന്റെ നൂലാമാലകള്‍ തടസ്സമാകുക.

RELATED STORIES

Share it
Top