അനധികൃത നിയമനം വിജിലന്‍സ് ഹൈക്കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു

പൊന്നാനി: പൊന്നാനി നഗരസഭയിലെ അനധികൃത താല്ക്കാലിക നിയമനം പ്രതിപക്ഷം നല്‍കിയ പരാതി ശരിവെച്ച് വിജിലന്‍സ് ഹൈക്കോടതിക്ക് റിപോര്‍ട്ട് സമര്‍പ്പിച്ചു. പൊന്നാനി നഗരസഭയിലെ വിവിധ തസ്തികകളിലേക്ക് താല്‍ക്കാലിക ജീവനക്കാരെ അനധികൃതമായി നിയമിച്ചെന്നാരോപിച്ചു  പ്രതിപക്ഷം നല്‍കിയ പരാതി ശരിവെച്ചാണു വിജിലന്‍സ് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതെന്ന് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വിദ്യാഭ്യാസ യോഗ്യതയില്ലാത്തവരെയും, ബന്ധുക്കളെയുമായി 26 പേരെ അനധികൃതമായി വിവിധ തസ്തികളില്‍ താല്ക്കാലിക ജീവനക്കാരെ നിയമിച്ചെന്നാണ് യുഡിഎഫ് ഒന്നര വര്‍ഷം മുമ്പ് വിജിലന്‍സിന് പരാതി നല്‍കിയത്. എന്നാല്‍ ആറു മാസം പിന്നിട്ടിട്ടും അന്വേഷണം ആരംഭിക്കാത്തതിനെത്തുടര്‍ന്ന് പരാതിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു.
തുടര്‍ന്ന് ഹൈക്കോടതി വിജിലന്‍സിനോട് അന്വേഷണം നടത്താന്‍ ഉത്തരവിടുകയും, അനധികൃത നിയമനങ്ങളെക്കുറിച്ച് അന്വേഷണം നടത്തുകയുമായിരുന്നു. അന്വേഷണത്തില്‍ നിയമനങ്ങള്‍ അനധികൃതമാണെന്ന് ബോധ്യപ്പെട്ടതായി പ്രതിപക്ഷം പറഞ്ഞു.
ഇതിനിടെ വീണ്ടും അനധികൃത നിയമനങ്ങള്‍ നടത്താനാണ് നഗരസഭ ഭരണ സമിതി ശ്രമിക്കുന്നതെന്നും, പ്രിന്‍സിപ്പല്‍ സെക്രട്ടറി നഗരകാര്യ ഡയറക്ടര്‍ക്ക് നല്‍കിയ കത്ത് സര്‍ക്കാര്‍ ഉത്തരവാണെന്ന് കൗണ്‍സിലിനെ തെറ്റിദ്ധരിപ്പിച്ചതായും കൗണ്‍സിലര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു. എംപ്ലോയ്‌മെന്റില്‍ രജിസ്റ്റര്‍ ചെയ്ത അര്‍ഹതയുള്ളവരുണ്ടായിട്ടും, പാര്‍ട്ടിക്കാരെ തിരുകി കയറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്നും, ഉദ്യോഗസ്ഥരും, ചെയര്‍മാനും ചേര്‍ന്ന് അര്‍ഹതയില്ലാത്തവരെ വിവിധ തസ്തികകളില്‍ നിയമിക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
പൊന്നാനി പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് എം പി നിസാര്‍, ഉണ്ണികൃഷ്ണന്‍ പൊന്നാനി, എന്‍ ഫസലുറഹ്മാന്‍, സി ഗംഗാധരന്‍, വി ചന്ദ്രവല്ലി  പങ്കെടുത്തു.

RELATED STORIES

Share it
Top