അനധികൃത ജലമൂറ്റ്: നടപടി സ്വീകരിക്കുമെന്ന് താലൂക്ക് വികസന സമിതി

മണ്ണാര്‍ക്കാട്: മേഖലയിലെ കുടിവെള്ള സ്രോതസായ കുന്തിപ്പുഴയില്‍ നിന്നുള്ള അനധികൃത ജലമൂറ്റ് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് താലൂക്ക് വികസന സമിതി യോഗം. കുന്തിപ്പുഴയുടെ നീരൊഴുക്ക് അവതാളത്തിലാക്കും വിധം പുഴയില്‍ നിന്ന് വെള്ളം ഊറ്റുന്നുണ്ടെന്ന് സമിതി അംഗങ്ങള്‍ താലൂക്ക് സഭയില്‍ ഉന്നയിച്ചു.
ഇക്കാര്യം തേജസ് റിപോര്‍ട്ട് ചെയ്തിരുന്നു. 50എച്ച്പി വരെയുള്ള മോട്ടോറുകള്‍ ഉപയോഗിച്ച് കൃഷിയിടത്തിലേക്ക് വെള്ളം അടിച്ചു കയറ്റുകയാണ്. രാത്രി ഓണ്‍ ചെയ്യുന്ന മോട്ടോറുകള്‍ പലതും പുലര്‍ച്ചെയാണ് നിര്‍ത്തുന്നത്.
രാത്രി മുഴുവന്‍ നൂറു കണക്കിനു മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് പുഴയിലെ ജലനിരപ്പിനെ വലിയ തോതില്‍ ബാധിക്കുന്നുണ്ട്. അനധികൃതമായി വെള്ളം ഊറ്റുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കാന്‍ താലൂക്ക് വിസകന സമിതി യോഗം തീരുമാനിച്ചു. താലൂക്കിലെ നെല്ലിപ്പുഴയും കുന്തിപ്പുഴയും കൈയേറിയത് അളന്നു തിട്ടപ്പെടുത്താന്‍ മെയ് 31നകം സര്‍വെ സംഘത്തെ നിയോഗിക്കാനും യോഗം തീരുമാനിച്ചു. സര്‍വെയര്‍മാരില്ലന്ന സ്ഥിരം മറുപടി കൈയേറ്റക്കാരെ സഹായിക്കാനാണെന്ന് അംഗങ്ങള്‍ ആരോപിച്ചു.
നഗരത്തില്‍ പാടം നികത്തി ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മിക്കുന്നത് അന്വേഷിച്ച് നടപടി സ്വീകരിക്കാമെന്ന് തഹസില്‍ദാര്‍ ഉറപ്പു നല്‍കി. വീടു വെയ്ക്കാന്‍ അഞ്ചു സെന്റിന് അനുമതിക്കായി പ്രയാസം അനുഭവപ്പെടുമ്പോഴാണ് പാടം നികത്തി ഷോപ്പിങ് ക്ലോപ്ക്‌സ് നിര്‍മിക്കുന്നതെന്ന് അംഗങ്ങള്‍ കുറ്റപ്പെടുത്തി. വികസന സമിതി യോഗത്തില്‍ നഗരസഭ ഉള്‍പ്പടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ പങ്കെടുക്കാത്തതിനെതിരെ വിമര്‍ശനം ഉയര്‍ന്നു. ഉദ്യോഗസ്ഥര്‍ പങ്കെടുക്കാത്തതും ചര്‍ച്ചയായി. മല്‍സ്യ മാര്‍ക്കറ്റ് ബസ് സ്റ്റാന്റലേക്ക് മാറ്റിയ സംഭവത്തില്‍ നഗരസഭ സെക്രട്ടറിക്ക് കത്തു നല്‍കാനും തീരുമാനിച്ചു.ജില്ലാ പഞ്ചായത്തംഗം സി അച്യുതന്‍ നായര്‍ അധ്യക്ഷത വഹിച്ചു.

RELATED STORIES

Share it
Top