അനധികൃത ചെങ്കല്‍ ഖനനം; ലോറികളും മണ്ണുമാന്തി യന്ത്രവും പിടികൂടി

ഇരിട്ടി: കല്യാട്ടെ അനധികൃത ചെങ്കല്‍ ഖനന മേഖലയില്‍ വീണ്ടും റവന്യുവകുപ്പിന്റെ ശക്തമായ നടപടി. ചെങ്കല്‍ ക്വാറികളില്‍ നിന്ന് രണ്ട് ടിപ്പര്‍ ലോറികളും ഒരു മണ്ണുമാന്തി യന്ത്രവും ഇരിട്ടി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ശശിധരന്‍ കളത്തിലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടി. വാഹനങ്ങള്‍ ഇരിക്കൂര്‍ പൊലിസിന് കൈമാറി. നേരത്തെ കല്യാട് മേഖലയില്‍ അനധികൃത ചെങ്കല്‍ഖനനം വ്യാപകമാണെന്ന പരാതി ഹൈക്കോടതി മുമ്പാകെ എത്തുകയും കോടതി നിരോധനം പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. മൂന്നുമാസം മുമ്പ് തഹസില്‍ദാറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നാല്‍പതോളം ലോറികള്‍ പിടികൂടിയിരുന്നു. ഇന്നലെ നടത്തിയ പരിശോധനയില്‍ കല്യാട് സ്‌പെഷല്‍ വില്ലേജ് ഓഫിസര്‍ എം ജയരാജന്‍, താലൂക്ക് ഓഫിസ് ജീവനക്കാരായ കെ പി അനുരാഗ്, സി ടി പ്രസാദ്, പി പി മണി, ടി സുദീപന്‍, എന്‍ വി ഗിരീഷ്, എന്‍ എം രഞ്ചിത്ത്, ഡ്രൈവര്‍ എം പ്രശാന്തന്‍ പങ്കെടുത്തു.

RELATED STORIES

Share it
Top