അനധികൃത ചെങ്കല്‍ ഖനനം പരിസ്ഥിതിക്ക് ഭീഷണി

മട്ടന്നൂര്‍: അനധികൃത ചെങ്കല്‍ ഖനനം പരിസ്ഥിതിക്ക് ഭീഷണിയാവുന്നു. എല്ലാ നിബന്ധനകളും കാറ്റില്‍ പറത്തിയാണ് ജില്ലയിലെ പ്രധാന ചെങ്കല്‍ മേഖലകളിലെല്ലാം ഖനനം. മൈനിങ് ആന്റ് ജിയോളജി, പരിസ്ഥിതി വകുപ്പുകളുടെ മുന്നറിയിപ്പുകള്‍ അട്ടിമറിച്ചാണ് ക്വാറികള്‍ യഥേഷ്ടം പ്രവര്‍ത്തിക്കുന്നത്. ഓരോ പണകളിലും 20 അടി താഴ്ചയില്‍ മാത്രമേ കല്ല് ഖനനം ചെയ്യാവൂ എന്നാണ് നിയമം. എന്നാല്‍ പലപ്പോഴും 50 അടി വരെ താഴ്ത്തിയാണു ഖനനം. റോഡ്, സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് 50 അടി അകലെയാവണം ഖനനം നടത്തേണ്ടത്. ഖനനം നടത്തി ഒഴിവാക്കിയ ചെങ്കല്‍ ക്വാറി മണ്ണിട്ടുനികത്തണമെന്നും കര്‍ശന നിയമമുണ്ട്. മൈനിങ് ആന്റ് ജിയോളജി വകുപ്പ് നല്‍കുന്ന പാസിലും ഇക്കാര്യങ്ങള്‍ പ്രത്യേകം നിഷ്‌കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും പാലിക്കാറില്ല. ഇത്തരം ക്വാറികള്‍ മനുഷ്യനും മറ്റു ജീവജാലങ്ങള്‍ക്കും ഒരുപോലെ ഭീഷണിയാവുകയാണ്. പണകളിലെ മുകള്‍ പാളികളില്‍നിന്ന് നല്ല കല്ലുകള്‍ ലഭിക്കാത്തതിനാല്‍ വീതി കുറച്ച് ഖനനം നടത്തുമെങ്കിലും പല ക്വാറികളിലും ഉള്‍ഭാഗം ആഴം കുട്ടുകയാണു ചെയ്യുന്നത്. ഇതു കാരണം മുകള്‍ഭാഗം തള്ളിനില്‍ക്കുന്നു. ആഴത്തിലുള്ള ഖനനം നടത്തിയ സ്ഥലം മണ്ണിട്ടു നികത്താത്തതു മൂലം ഭൂമിയുടെ ഉള്‍ഭാഗം ചൂട് കൂടാനും സമീപ പ്രദേശങ്ങളിലെ ജലസ്രോതസ്സുകള്‍ വറ്റിവരളാനും കാരണമാവും. മഴക്കാലത്ത് ഇത്തരം മൂടാത്ത ക്വാറികളില്‍ വെള്ളം നിറഞ്ഞ് സമീപപ്രദേശങ്ങളിലെ കിണറുകളില്‍ ചളിവെള്ളം വ്യാപിക്കാന്‍ കാരണമാവുന്നുണ്ട്.

RELATED STORIES

Share it
Top