അനധികൃത ക്വാറികള്‍ക്കെതിരേ നടപടി കര്‍ശനമാക്കി

കാഞ്ഞങ്ങാട്: പരിസ്ഥിതി ദുര്‍ബല മേഖലകളിലടക്കം നടന്ന ഖനനങ്ങള്‍ ഉള്‍പ്പടെയുള്ള ഇടപെടലുകള്‍ പ്രകൃതിദുരന്തങ്ങള്‍ക്ക് കാരണമായെന്ന റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഇത്തരം ക്വാറികള്‍ക്കെതിരെ റവന്യൂ വകുപ്പ് നടപടികളുമായി രംഗത്ത് വന്നു. കോടോം-ബേളൂര്‍ പഞ്ചായത്തിലെ കോളിയാറില്‍ കാഞ്ഞങ്ങാട് ആര്‍ഡിഒ സി ബിജുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അനധികൃത ക്വാറിയില്‍ നിന്നും 11 വാഹനങ്ങളും സ്‌ഫോടക വസ്തുക്കളും പിടികൂടിയതിന് പിന്നാലെ മലയോരത്തെ രണ്ട് അനധികൃത ക്വാറികള്‍ കൂടി കണ്ടെത്തി അടച്ചുപൂട്ടാന്‍ നിര്‍ദ്ദേശം നല്‍കി. കരിവെള്ളൂര്‍ സ്വദേശി ജനാര്‍ദ്ദനന്റെ ഉടമസ്ഥതയിലുള്ള തായന്നൂര്‍ നമ്പ്യാര്‍ക്കൊച്ചിയിലെ അനധികൃത ക്വാറിയില്‍ നിന്നും വെള്ളരിക്കുണ്ട് ഡപ്യൂട്ടി തഹസില്‍ദാര്‍ ദിലീപ് കെ നായര്‍, അമ്പലത്തറ എസ്‌ഐ കെ പി സതീഷ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 84 ഓര്‍ഡിനറി ഡിറ്റനേറ്ററുകളും, 38 ഇലക്ട്രിക് ഡിറ്റനേറ്ററുകളും നാലര മീറ്റര്‍ തിരിയും കണ്ടെത്തി. ജനാര്‍ദ്ദനനെതിരെ സ്‌ഫോടക വസ്തു നിരോധന നിയമപ്രകാരം കേസെടുത്തു. പരപ്പ ബാനം മുണ്ട്യാനത്തെ ബാബുവിന്റെ ക്വാറിയില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്തതും അനധികൃതമാണെന്ന് കണ്ടെത്തി കേസെടുത്തിട്ടുണ്ട്. ബളാലിലെ മഹാദേവ ക്വാറിക്ക് ലൈസന്‍സുണ്ടെങ്കിലും പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റില്ലാത്തതിനാല്‍ പൂട്ടാന്‍ നിര്‍ദ്ദേശം നല്‍കി. മലയോരത്ത് ഇത്തരത്തില്‍ ഭീഷണിയായി നിരവധി ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

RELATED STORIES

Share it
Top