അനധികൃത കെട്ടിടനിര്‍മാണം സംബന്ധിച്ച് അന്വേഷണം വേണം

മലപ്പുറം: മഞ്ചേരി ബൈപാസ് റോഡിന്റെ ഇരുവശത്തും ചട്ടം ലംഘിച്ച് കെട്ടിടങ്ങള്‍ നിര്‍മിച്ചതുകൊണ്ടാണ് നഗരത്തില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴ വെള്ളപ്പൊക്കത്തിന് കാരണമാക്കിയതെന്നും ഇതു സംബന്ധിച്ചുള്ള വീഴ്ച കണ്ടെത്തി നടപടി സ്വീകരിക്കണമെന്നും പരാതി. കലക്ടറേറ്റില്‍ അഴിമതി നിവാരണത്തിന്റെ ഭാഗമായി സ്ഥാപിച്ച പരാതിപ്പെട്ടിയിലാണ് ഇതു സംബന്ധിച്ച് പരാതി ലഭിച്ചത്. നഗരത്തിലും പരിസരത്തും  വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് തൊട്ടടുത്തുള്ള അയനിക്കുന്ന് കോളനിയില്‍ നിന്ന് എട്ടോളം കുടുംബങ്ങളെ വില്ലേജ് ഓഫിസ് കെട്ടിടത്തിലേക്ക് മാറ്റി താമസിപ്പിച്ചിരുന്നു. സ്ഥലത്തെ തോട് മണ്ണിട്ട് നികത്തിയത് പ്രശ്‌നം രൂക്ഷമാക്കിതായും പരാതിയില്‍ പറയുന്നു. പരാതിയില്‍ അന്വേഷണം നടത്താന്‍ ജില്ലാതല അഴിമതി നിവാരണ സമിതി പെരിന്തല്‍മണ്ണ ആര്‍ഡിഒ ക്ക് നിര്‍ദേശം നല്‍കി.
പരാതികള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായി ജില്ലാതല അഴിമതി നിവാരണ സമിതി എഡിഎം വി രാമചന്ദ്രന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ആകെ 13 പരാതികളാണ് പെട്ടിയില്‍ നിന്നും ലഭിച്ചത്. ഇത് നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. എല്ലാ മാസവും ആദ്യത്തെ പ്രവൃത്തി ദിവസത്തിലാണ് പെട്ടി തുറക്കുക. അഴിമതി പെട്ടി സ്ഥാപിച്ചിരിക്കുന്നത് റവന്യൂ ഉദ്യോഗസ്ഥരെ കുറിച്ചുള്ള പരാതികള്‍ നല്‍കാനാണെങ്കിലും  മറ്റ് പരാതികളാണ് കൂടുതലായും ലഭിക്കുന്നത്.
ജില്ലയിലെ ആറുമാസം മുതല്‍ മൂന്ന് വയസുവരെ കുട്ടികള്‍ക്ക് നല്‍കി വരുന്ന അമൃതം ന്യൂട്രി മിക്‌സ് നല്‍കുന്നതിന് ആവശ്യമായ തുക തദ്ദേശ സ്ഥാപനങ്ങള്‍ നീക്കി വയ്ക്കുന്നില്ലെന്ന മറ്റൊരു പരാതിയും ലഭിച്ചു. തുക നീക്കിവയ്ക്കാത്തതുകൊണ്ട് മുഴുവന്‍ കുട്ടികള്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കുന്നില്ല. തദ്ദേശ സ്ഥാപനങ്ങള്‍ ബന്ധപ്പെട്ട വിഹിതം നിര്‍ബന്ധമായി നീക്കിവയ്ക്കണമെന്ന് സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചതാണന്നും പരാതിയില്‍ പറയുന്നു. പരാതിയില്‍ നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കൈമാറി.
കരുവാരക്കുണ്ട് പഞ്ചായത്തില്‍ പട്ടിക വിഭാഗങ്ങള്‍ക്കുള്ള വികസന ഫണ്ടുകള്‍ വകമാറി ചെലവഴിക്കുന്നതായും വികസന സെമിനാര്‍ നടത്തുമ്പോള്‍ ഈ വിഭാഗക്കാരെ പങ്കെടുപ്പിക്കുന്നില്ലെന്നും മറ്റൊരു പരാതിയില്‍ പറയുന്നു. ഇതു സംബന്ധിച്ച് റിപോര്‍ട്ട് നല്‍കാന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് സമിതി നിര്‍ദേശം നല്‍കി. ഇതിനു പുറമെ ആസ്തി രജിസ്റ്ററില്‍ പേരില്ലാത്ത റോഡുകള്‍ക്ക് ഫണ്ട് അനുവദിക്കുന്നതായും പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ ഗ്രാമസഭ ചേരാതെയാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നതെന്നും പരാതിയുണ്ട്.
വാഴക്കാട് പഞ്ചായത്തില്‍ നടക്കുന്ന മണ്ണ്, മണല്‍ ലോബികളുടെ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് നടപടി വേണമെന്ന് മറ്റൊരു പരാതിയില്‍ പറയുന്നു. കൊണ്ടോട്ടിയില്‍ ചാര്‍ജെടുത്ത് നാലു മാസത്തിനുള്ളില്‍ മണ്ണ്, കരിങ്കല്‍ ഖനന ലോബികള്‍ക്കെതിരേ നടപടി സ്വീകരിച്ച് 40 ലക്ഷം സര്‍ക്കാര്‍ ഖജനാവിലെത്തിച്ച താഹസില്‍ദാര്‍ക്ക് പരിസ്ഥിതി പ്രവര്‍ത്തകരുടെ അഭിനന്ദനം അറിയിച്ചുകൊണ്ടുള്ള കത്തും പെട്ടിയിലുണ്ട്. കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ മുന്‍ ജില്ലാ ജഡ്ജി പി നാരായണന്‍കുട്ടി, പ്രഫ. ഗൗരി, കലക്ടറേറ്റ് ജെഎസ് സി ജെ സാനു തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top