അനധികൃത കെട്ടിടം തകര്‍ച്ചയില്‍; നാലു വീടുകള്‍ക്ക് ഭീഷണി

കാളികാവ്: അനധികൃതമായി നിര്‍മിച്ച കെട്ടിടം തകര്‍ച്ചയില്‍. ഇതോടെ നാലു വീടുകളും ഭീഷണിയിലായി. അഞ്ചച്ചവിടി വെന്തോടന്‍ പടിയില്‍ സ്വകാര്യ വ്യക്തി നിര്‍മിച്ച കെട്ടിടമാണ് അടിത്തറ തകര്‍ന്ന് അപകട ഭീഷണിയിലായത്. നേരത്തെ ഈ കെട്ടിടം നിര്‍മിക്കുന്നതിന് അധികൃതര്‍ അനുമതി നിഷേധിച്ചതാണ്. എട്ടു വര്‍ഷം മുമ്പാണു കെട്ടിടം നിര്‍മിച്ചത്.
ഇതിനെതിരേ സമീപവാസികള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കെട്ടിടം പൊളിച്ചുമാറ്റാന്‍ അധികൃതര്‍ ഉത്തരവിറക്കിയിരുന്നു. ഈ കെട്ടിടത്തിന് നമ്പരും നല്‍കിയിട്ടില്ല. പത്തടിയോളം ഉയരത്തിലുള്ള കരിങ്കല്‍ തറയിലാണ് ഇരുനില കെട്ടിടം നിര്‍മിച്ചിട്ടുള്ളത്. വെള്ളിയാഴ്ച പുലര്‍ച്ചെ തറയുടെ ഒരു ഭാഗം ഇടിഞ്ഞു വീണു. ഏത് സമയത്തും കെട്ടിടം തകര്‍ന്നു വീഴാവുന്ന അവസ്ഥയിലാണ് ഇപ്പോള്‍. പുലിവെട്ടി സൈനബ, പുലി വെട്ടി ആയിശ, പുലി വെട്ടി അബു, പുല്‍പ്പെറ്റ മൈമൂന എന്നിവരുടെ വീടുകളാണു ഭീഷണി നേരിടുന്നത്.
സംഭവസ്ഥലത്തെത്തിയ പോലിസ് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരിക്കുകയാണ്. നേരത്തെ ഈ കുടുംബങ്ങള്‍ റവന്യു അധികൃതര്‍ക്കും പഞ്ചായത്തിനും പരാതി നല്‍കിയിരുന്നു. കഴിഞ്ഞദിവസം പഞ്ചായത്ത് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ച് കെട്ടിടം പൊളിച്ചുമാറ്റാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. വില്ലേജ് അധികൃതര്‍ തഹസില്‍ദാര്‍ക്ക് റിപോര്‍ട്ട് നല്‍കി.

RELATED STORIES

Share it
Top