അനധികൃത കുഴല്‍ക്കിണര്‍ നിര്‍മാണം വ്യാപകം

കണ്ണൂര്‍: നിയമങ്ങളും നിബന്ധനകളും പാലിക്കാതെയും പരിസ്ഥിതിക്ക് ഭീഷണിയുയര്‍ത്തിയും ജില്ലയില്‍ കുഴല്‍ കിണര്‍ നിര്‍മാണം വ്യാപകം. മലബാര്‍ മേഖല, പ്രത്യേകിച്ച് കണ്ണൂര്‍ ജില്ല കൊടും ചൂടിലേക്കാണെന്ന കാലാവസ്ഥ ശാസ്ത്രജ്ഞരുടെയും ജില്ലാഭരണാധികാരികളുടെയും മുന്നറിയിപ്പിനിടെയാണ് കുഴല്‍കിണര്‍ വഴി ഭൂഗര്‍ഭ ജലചൂഷണം നിര്‍ബാധം തുടരുന്നത്.
അധികൃതരുടെ മൗനാനുവാദത്തോടെയാണ് ഇത്തരം പ്രവണതയെന്നും പരാതിയുണ്ട്. ഭൂഗര്‍ഭ അറകളിലെ ശുദ്ധജലം വന്‍തോതില്‍ ഊറ്റിയെടുത്ത് ഒരു സ്ഥലത്തേക്ക് മാത്രമായി കേന്ദ്രീകരിക്കുകയാണു ചെയ്യുന്നത്. വന്‍ ആഴങ്ങളിലേക്ക് താഴ്ന്നു വെള്ളം ഊറ്റിയെടുക്കുന്നത് സമീപ ജലസ്രോതസ്സുകളെ മാത്രമല്ല, ഭൂവിള്ളലുകള്‍ക്കും പ്രകൃതി ദുരന്തത്തിനും കാരണമാവുമെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ നിയമം പാലിക്കേണ്ട—താണെന്നും പരാതി ലഭിച്ചാല്‍ അനധികൃത കിണറുകള്‍ക്കെതിരേ നടപടിയെടുക്കാമെന്നുമാണ് ജില്ലാഭൂജല വകുപ്പ് അധികൃതരുടെ പ്രതികരണം. പ്രാഥമികമായി ഭൂജല വകുപ്പ് സ്ഥലം പരിശോധിച്ച് അതാത് പഞ്ചായത്ത് അധികൃതര്‍ മുഖേനയാണ് കിണര്‍ കുഴിക്കുന്നതിന് അനുമതി നല്‍കേണ്ടത്. ഇത് അപൂര്‍വമായേ നടക്കുന്നുള്ളൂ. അതേസമയം താര തമ്യേന ചെലവ് കുറഞ്ഞതും ഒറ്റദിവസം കൊണ്ട് കാര്യം സാധിക്കുമെന്നതും ആളുകളെ കുഴല്‍ക്കിണറിലേക്ക് ആകര്‍ഷിക്കുന്നു.
ജില്ലയില്‍ കൂത്തുപറമ്പ്, ഇരിട്ടി, പാനൂര്‍, ആലക്കോട്്, മട്ടന്നൂര്‍, ഇരിക്കൂര്‍ ഭാഗങ്ങളിലാണ് ഇത്തരത്തില്‍ കുഴല്‍കിണറുകള്‍ വ്യാപകമാവുന്നത്്. 10 സെന്റ്് സ്ഥലത്തിനുള്ളില്‍ തന്നെ മൂന്നും നാലും കിണറുകളുള്ളതായും പരാതിയുണ്ട്്. വയല്‍, പുഴ, താഴ്്ന്ന പ്രദേശങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ കുഴല്‍കിണര്‍ പാടില്ലെന്നുണ്ടെങ്കിലും ഇത്തരം പ്രദേശങ്ങളിലും വ്യാപകമാണ്. ചെറിയ ആഴത്തില്‍ തുറന്ന കിണറുണ്ടാക്കിയാല്‍ വെള്ളം കിട്ടുന്നിടത്തുപോലും കുഴല്‍കിണറുകളാണ്്. അരീപ്പുഴയിലും ചെറുപുഴയിലും ഇത്തരം കിണര്‍നിര്‍മാണത്തിനെതിരേ ഈയിടെ നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. കിണര്‍ ഉപഭോക്താക്കള്‍ക്കു മാത്രമല്ല, കുഴിക്കുന്നവര്‍ക്കും നിരവധി നിബന്ധനകളുണ്ട്.
ഇതും പാലിക്കപ്പെടുന്നില്ല. എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്വകാര്യ ഡ്രില്ലിങ് ഏജന്‍സികളും ജില്ലാഭരണകൂടത്തില്‍ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. കിണര്‍ നിര്‍മിക്കുന്നതിനു സമീപം ഡ്രില്ലിങ് ഏജന്‍സിയുടെയോ ഉപഭോക്തൃ ഏജന്‍സിയുടെയോ ഉടമയുടെയോ മേല്‍വിലാസം ഉള്‍പ്പെടെ വിശദാംശങ്ങള്‍ പ്രദര്‍ശിപ്പിക്കണം. ചുറ്റും മുള്ളുവേലിയോ മറ്റേതെങ്കിലും വേര്‍തിരിവോ ഉണ്ടാക്കണം. കിണറിനു ചുറ്റും സിമന്റിന്റെയോ കോണ്‍ക്രീറ്റിന്റെയോ പ്ലാറ്റ് ഫോറം നിര്‍മിക്കണം. കിണര്‍ വായ അടയ്ക്കാനായി സ്റ്റീ ല്‍ അടപ്പ് വെല്‍ഡ് ചെയ്‌തോ ബോള്‍ട്ടും നട്ടും ഉപയോഗിച്ച് കട്ടികൂടിയ അടപ്പോ ഉണ്ടാക്കണം. ജില്ലാ ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ എത്ര കുഴല്‍കിണറുകള്‍ കുഴിക്കുന്നു.
എത്ര എണ്ണം ഉപയോഗത്തിലുണ്ട്. എത്ര ഉപേക്ഷിക്കപ്പെട്ടു തുടങ്ങിയ കണക്കുകളുമുണ്ടാവണം. ഇതിന്റെ മോണിറ്ററിങ് നടത്തേണ്ടത് പഞ്ചായത്ത്്-വില്ലേജ് അധികൃതരാണ്്. എന്നാ ല്‍ ഇതൊന്നും പാലിക്കപ്പെടുന്നില്ല. തമിഴ്‌നാട്, കര്‍ണാടക കേന്ദ്രീകരിച്ച് ചില ഡ്രില്ലിങ് ഏജന്‍സികള്‍ ചെറുപട്ടണങ്ങളി ല്‍ പോലും പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഏജന്റുമാര്‍ നാട്ടിലിറങ്ങി കുഴല്‍കിണര്‍ കുഴിച്ചുതരണോ എന്നന്വേഷിച്ചെത്തുന്നുണ്ട്. ഇത്തരത്തില്‍ ജില്ലയില്‍ കുഴല്‍കിണര്‍ മാഫിയ തന്നെ പ്രവര്‍ത്തിക്കുന്നതായി പരാതിയുണ്ട്. എന്നാല്‍ അധികൃതര്‍ നിയമം കര്‍ശനമാക്കാത്തതാണ് കുഴല്‍കിണറുകള്‍ പെരുകാന്‍ പ്രധാന കാരണമെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.

RELATED STORIES

Share it
Top