അനധികൃതമായി മണ്ണ് കടത്തിയ വാഹനങ്ങള്‍ പിടിച്ചെടുത്തു

മാള: പോലീസ് ഉണര്‍ന്ന് പ്രവര്‍ത്തിച്ചതോടെ മേഖലയില്‍ അനധികൃതമായി മണ്ണ് കടത്തിയിരുന്ന വാഹനങ്ങള്‍ കൂട്ടത്തോടെ പിടിയിലായി. കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ ജെ സി ബിയും ടിപ്പര്‍ ലോറികളുമുള്‍പ്പടെ പത്തോളം വാഹനങ്ങളാണ് പോലിസ് പിടികൂടിയത്.
പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ആര്‍ ഡി ഒ വിന് കൈമാറുകയാണ് ചെയ്യുന്നത്. കനത്ത പിഴ ഒടുക്കിയാലേ ഇവ വിട്ടുകിട്ടുകയുള്ളു. കഴിഞ്ഞ ഏതാനും മാസങ്ങളായി മാള, പൊയ്യ, കുഴൂര്‍ പഞ്ചായത്തുകളില്‍ അനധികൃത ഖനനവും മണ്ണ്കടത്തലും വ്യാപകമായിരുന്നു. കുന്നിടിച്ച് മണ്ണ് കൂട്ടിയിട്ടശേഷം ജിയോളജി വകുപ്പില്‍ നിന്നും മണ്ണ് നീക്കം ചെയ്യുന്നതിന് പാസ് സമ്പാദിച്ച് വ്യാപകമായി മണ്ണ് കടത്തുകയായിരുന്നു മാഫിയ ചെയ്തിരുന്നത്. എന്നാല്‍ ഈ തട്ടിപ്പിനെതിരെ നടപടി സ്വീകരിക്കാന്‍ പോലീസ് ആദ്യം വൈമുഖ്യം കാണിച്ചതാണ് മണ്ണ് ഖനനം വ്യാപകമാകാന്‍ കാരണമായത്.
എന്നാല്‍ പോലിസ് വകുപ്പില്‍ നിന്നുതന്നെ സമ്മര്‍ദ്ദം ശക്തമായതോടെ പോലിസ് നടപടി ആരംഭിക്കുകയും ചെയ്തു. കുഴൂര്‍, പൂപ്പത്തി, മടത്തുംപടി എന്നിവിടങ്ങളില്‍ നിയമവിരുദ്ധമായി മണ്ണെടുത്തിരുന്ന വാഹനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പോലീസ് പിടികൂടിയത്. മടത്തുംപടി പള്ളിക്ക് സമീപത്തെ സ്വാകര്യവ്യക്തിയുടെ സ്ഥലത്ത് മണ്ണ്കുഴിച്ചിരുന്ന ജെ സി ബിയും പിടിച്ചെടുത്തവയില്‍ പെടുന്നു. ഇതിനിടെ പിടിച്ചെടുത്ത വാഹനങ്ങള്‍ മാളആലുവ, മാളപ്ലാവിന്‍മുറികണക്കന്‍കടവ് റോഡുകളില്‍ പാര്‍ക്ക് ചെയ്യുന്നത് മറ്റു വാഹനങ്ങള്‍ക്ക് ദുരിതമാകുകയാണ്.

RELATED STORIES

Share it
Top