അനധികൃതമായി പ്രവര്‍ത്തിക്കുന്നത് നൂറോളം ക്വാറികള്‍

കാസര്‍കോട്: ജില്ലയില്‍ 19 കരിങ്കല്‍ ക്വാറികള്‍ക്ക് പരിസ്ഥിതി അനുമതി ലഭിച്ചു. ആറ് കരിങ്കല്‍ ക്വാറികള്‍ക്ക് മാത്രമാണ് ഇപ്പോള്‍ ലൈസന്‍സുള്ളത്. എട്ട് മാസത്തിനുള്ളില്‍ ജില്ലയില്‍ 227 അപേക്ഷകളില്‍ 215 ചെങ്കല്‍ ക്വാറികള്‍ക്കും നാല് മണ്ണെടുപ്പ് കേന്ദ്രങ്ങള്‍ക്കും ഒരു കളിമണ്‍ ഖനനത്തിനും പരിസ്ഥിതി അനുമതി നല്‍കിയിട്ടുണ്ട്. കരിങ്കല്‍ ഖനനത്തിന് ആകെ ലഭിച്ച 35 അപേക്ഷകളില്‍ 19 എണ്ണത്തിന് അനുമതി നല്‍കിയത്. ക്വാറിയില്‍ നിന്നും 50 മീറ്റര്‍ ദൂരം റോഡിലേക്ക് ഉണ്ടാകണമെന്നും 50 മീറ്റര്‍ അകലത്തില്‍ വീടോ വനമോ ഉണ്ടാകരുതെന്ന വ്യവസ്ഥമാത്രമാണ് പരിസ്ഥിതി അനുമതി നല്‍കുന്നതിന് പരിശോധിക്കുന്നത്. ക്വാറികള്‍ക്ക് നല്‍കിയ അപേക്ഷയില്‍ ജില്ലാതലത്തില്‍ പരിസ്ഥിതി ആഘാത പരിശോധന നടത്തിയാണ് അനുമതി നല്‍കുന്നത്. ജിയോളജിസ്റ്റ്, ഡിഎഫ്ഒ, ഈ മേഖലയില്‍ വൈദഗ്ദ്യമുള്ള ഒരാളും ഉള്‍പ്പെടുന്ന സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കുന്നത്. ഈ സമിതിയുടെ അധ്യക്ഷന്‍ ജില്ലാ കലക്ടറും ആര്‍ഡിഒ സെക്രട്ടറിയുമാണ്. കരിങ്കല്‍ ക്വാറി നടത്തുന്നവര്‍ 10ഉം 100ഉം ഏക്കര്‍സ്ഥലം വാങ്ങി പ്രാദേശികമായി എതിര്‍പ്പുകള്‍ ഇല്ലാതെയാണ് ക്വാറിക്ക് അനുമതി തേടുന്നത്. മലയിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുള്ള വെള്ളരിക്കുണ്ട് താലൂക്കിലെ ചില വില്ലേജുകളില്‍ പോലും ക്വാറികള്‍ക്ക് പരിസ്ഥിതി അനുമതി ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ജില്ലയില്‍ അനുമതിയില്ലാത്ത മൂന്ന് ക്വാറികളില്‍ പരിശോധന നടത്തി സ്‌ഫോടക വസ്തു ശേഖരം പിടികൂടിയിരുന്നു. ക്വാറിക്ക് പരിസ്ഥിതി ലൈസന്‍സിന് പുറമേ എക്‌പ്ലോസീവ് ലൈസന്‍സും ജിയോളജി വകുപ്പിന്റെ കത്തും പഞ്ചായത്ത് അനുമതിയും വേണം. നിലവില്‍ ഏറ്റവും കൂടുതല്‍ കരിങ്കല്‍ ക്വാറികള്‍ക്ക് അനുമതി ലഭിച്ചത് വെള്ളരിക്കുണ്ട് താലൂക്കിലാണ്. 19ല്‍ 11 എണ്ണവും ഇവിടെയാണ്. കാസര്‍കോട് രണ്ടും ഹൊസ്ദുര്‍ഗ് നാലും മഞ്ചേശ്വരം രണ്ടും ക്വാറികള്‍ക്കാണ് അനുമതി ലഭിച്ചിട്ടുള്ളത്. വെള്ളരിക്കുണ്ട് താലൂക്കില്‍ പരപ്പ, കള്ളാര്‍, ബളാല്‍, തായന്നൂര്‍, മാലോത്ത്, വെസ്റ്റ് ഏളേരി വില്ലേജുകളിലാണ് ക്വാറികള്‍ക്ക് അനുമതി നല്‍കിയത്. പല സ്ഥലത്തും ക്വാറി നടത്തുന്നതിനെതിരെ പരിസ്ഥിതി സംഘടനകളും ജനങ്ങളും സമരവുമായി രംഗത്ത് വന്നിരുന്നു. ക്വാറികള്‍ക്കുള്ള അനുമതി പുനപരിശോധിക്കണമെന്നും കൃത്യമായ പരിസ്ഥിതി ആഘാത പഠനം നടത്തണമെന്നും ജില്ലാ പരിസ്ഥിതി സമിതി ആവശ്യപ്പെട്ടു. പലപ്പോഴും ക്വാറികളും റോഡും ജനവാസവും വനവും ഉള്‍പ്പെടെയുള്ളവയുടെ ദൂരം മാത്രമാണ് പരിശോധിക്കുന്നതെന്നും കൃത്യമായ പരിസ്ഥിതി ആഘാത പഠനം നടത്തുന്നില്ലെന്നും പരിസ്ഥിതി സമിതി ആരോപിച്ചു. പശ്ചിമഘട്ട മലനിരകള്‍ക്ക് കനത്ത ഭീഷണിയാണ് ജില്ലയിലെ ക്വാറികള്‍. നൂറിലധികം അനധികൃത ക്വാറികളാണ് ജില്ലയിലെ പരപ്പ, ബേഡഡുക്ക, കൊളത്തൂര്‍, മുളിയാര്‍, പനയാല്‍, പള്ളിക്കര, പെരിയ, തെക്കില്‍, വോര്‍ക്കാടി, പൈവളിഗെ, ബാഡൂര്‍, ഇച്ചിലങ്കോട്, ചീമേനി, കയ്യൂര്‍, കല്ല്യോട്ട് തുടങ്ങിയ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്നതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. 26 ക്വാറികള്‍ പ്രവര്‍ത്തിച്ചിരുന്ന കണ്ണൂര്‍ ജില്ലയിലെ അയ്യംകുന്നിലാണ് ആഗസ്തില്‍ 16 ഉരുള്‍പൊട്ടലുണ്ടായതെന്നും പരിസ്ഥിതി ലോല പ്രദേശങ്ങളില്‍ നിന്നുള്ള ക്വാറികള്‍ വന്‍ ഭീഷണിയാണ് വരുത്തിവെക്കുന്നതെന്നും കുന്നുവയല്‍ സംരക്ഷണ സമിതി കണ്‍വീനര്‍ പി കൃഷ്ണന്‍ പറഞ്ഞു.

RELATED STORIES

Share it
Top