അനധികൃതമായി പകര്‍ത്തിയ നൂറോളം പുതിയ മലയാളസിനിമകള്‍ പിടികൂടി; മൂന്നുപേര്‍ അറസ്റ്റില്‍

കാസര്‍കോട്: നിയമവിരുദ്ധമായി പകര്‍ത്തിയ ശേഷം വില്‍പനക്കായി കംപ്യൂട്ടറില്‍ സൂക്ഷിച്ചുവെച്ച നൂറോളം പുതിയ മലയാള സിനിമകള്‍ പിടിച്ചെടുത്തു. ഇന്റര്‍നെറ്റ് വഴി പുതിയ സിനിമകള്‍ പകര്‍ത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജില്ലയില്‍ എത്തിയ തിരുവനന്തപുരത്തെ ആന്റി പൈറസി സെല്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് കുമ്പള പോലിസ് റെയ്ഡ് നടത്തി മലയാള സിനിമകള്‍ വില്‍ക്കുന്നത് കണ്ടെത്തിയത്. കുമ്പളയിലെ സൈബര്‍ മാറ്റ്‌സ് എന്നുപേരായ മൊബൈല്‍ ഷോപ്പില്‍ റെയ്ഡ് നടത്തിയാണ് സിനിമകള്‍ പിടികൂടിയത്. സ്ഥാപനത്തിന്റെ ഉടമ കാസര്‍കോട് തളങ്കര സ്വദേശി ഉനൈസിനെ (28) അറസ്റ്റ് ചെയ്തത്.
സിനിമകള്‍ സ്‌റ്റോര്‍ ചെയ്ത് സൂക്ഷിച്ച കംപ്യുട്ടറിന്റെ ഹാര്‍ഡ് ഡിസ്‌കും പിടിച്ചെടുത്തിട്ടുണ്ട്. ആദി, ആട്, ക്യാപ്റ്റന്‍, ജൂഡ്, കുട്ടനാടന്‍ മാര്‍പ്പാപ്പ തുടങ്ങിയ നൂറോളം പുതിയ സിനിമകള്‍ ഹാര്‍ഡ് ഡിസ്‌ക്കില്‍ ഉണ്ടായിരുന്നു. പകര്‍പ്പവകാശ നിരോധന നിയമ പ്രകാരം സ്ഥാപനത്തിനെതിരേ പോലിസ് കേസെടുത്തു. ഇന്റര്‍നെറ്റ് വഴി പുതിയ സിനിമകള്‍ പ്രചരിക്കുന്നുവെന്ന് രഹസ്യവിവരം ലഭിച്ച തിരുവനന്തപുരത്തെ ആന്റി പൈറസി സെല്‍ അധികൃതര്‍ അന്വേഷണം നടത്തിയപ്പോഴാണ് കാസര്‍കോട് ജില്ലയില്‍ നിന്നാണെന്ന് കണ്ടെത്തിയത്. തുടര്‍ന്നായിരുന്നു കുമ്പളയില്‍ റെയ്ഡ് നടത്തിയത്
മഞ്ചേശ്വരം: ഉപ്പള ടൗണിലെ എംഡബ്ല്യു മ്യുസിക്‌സ് എന്ന സ്ഥാപനത്തില്‍ നടത്തിയ റെയ്ഡിലും പുതിയ മലയാള സിനിമകളുടെ വ്യാജ പകര്‍പ്പുകള്‍ കണ്ടെത്തി. തിരുവനന്തപുരം ആന്റി പൈറസി സെല്‍ എസ്പിയുടെ നിര്‍ദേശ പ്രകാരം മഞ്ചേശ്വരം എസ്‌ഐ റെയ്ഡ് നടത്തിയത്. സ്ഥാപന ഉടമ ഉപ്പള മണ്ണംകുഴിയിലെ മുഹമ്മദ് സമീറിന്റെ (28) പേരില്‍ കേസെടുത്തു. കംപ്യുട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് പിടിച്ചെടുത്തു
വിദ്യാനഗര്‍: പുത്തന്‍ സിനിമകള്‍ പെന്‍ ഡ്രൈവില്‍ പകര്‍ത്തി നല്‍കിയ കട ജീവനക്കാരനെ പോലിസ് അറസ്റ്റ് ചെയ്തു. നായന്മാര്‍മൂലയിലെ മൊയ്തീന്‍ ഷബീബി(20)നെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. പോലിസിന് ലഭിച്ച രഹസ്യവിവരത്തേ തുടര്‍ന്ന് വിദ്യാനഗറിലെ മദീന കമ്മ്യൂണിക്കേഷനില്‍ നടത്തിയ പരിശോധനയില്‍ ആമി, കുട്ടനാടന്‍ മാര്‍പ്പാപ്പ, പരോള്‍ എന്നീ സിനിമകളുടെ പകര്‍പ്പ് കംപ്യൂട്ടറില്‍ ശേഖരിച്ച ശേഷം ആവശ്യക്കാര്‍ക്ക് പെന്‍ ഡ്രൈവില്‍ പകര്‍ത്തി നല്‍കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top