അനധികൃതമായി കടത്താന്‍ ശ്രമിച്ച 47 ചാക്ക് റേഷനരിയും ഒരു ചാക്ക് ഗോതമ്പും പിടികൂടിവണ്ടിപ്പെരിയാര്‍: വിപണിയില്‍ വില്‍പ്പനയ്ക്കായി അനധികൃതമായി കടത്താന്‍ ശ്രമിച്ച 47 ചാക്ക് റേഷനരിയും ഒരു ചാക്ക് ഗോതമ്പും പിടികൂടി. സംഭവത്തില്‍ ആറു പേരെ അറസ്റ്റ് ചെയ്തു. അരി കടത്താന്‍ ഉപയോഗിച്ച മിനി വാനും പോലിസ് കസ്റ്റഡിയിലെടുത്തു. വണ്ടിപ്പെരിയാര്‍ നേച്ചേരി വീട്ടില്‍ എം ആര്‍ രവി (73), വണ്ടിപ്പെരിയാര്‍ വികാസ് നഗറില്‍ ഷാജി ഭവനില്‍ സന്തോഷ് കുമാര്‍ (41), വണ്ടിപ്പെരിയാര്‍ വികാസ് നഗറില്‍ പ്രണവ് ഭവനില്‍ പ്രസാദ് (52), കോട്ടയം വെള്ളൂര്‍ പ്രയാട്ട് വീട്ടില്‍ അഫ്‌സല്‍(40), പത്തനംതിട്ട എഴുമറ്റൂര്‍ വീട്ടില്‍ ലതീഷ് കുമാര്‍ (42), മഞ്ചുമല എസ്റ്റേറ്റ് ലയത്തില്‍ ശിവകുമാര്‍ (41), എന്നിവരെയാണ് വണ്ടിപ്പെരിയാര്‍ എസ്.ഐ. ബജിത്ത്‌ലാലും സംഘവും പിടികൂടിയത്.ബുധനാഴ് രാത്രി 10ഓടെയാണ് സംഭവം. രവിയുടെ റേഷന്‍ കടയുടെ വീടിനോടു ചേര്‍ന്ന മുറിയില്‍ രഹസ്യമായി സൂക്ഷിച്ച റേഷനരി കടത്തുന്നതായി എസ്.ഐ.യ്ക്ക് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് വാഹനത്തിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ അരി പിടികൂടിയത്.42 പ്ലാസ്റ്റിക് ചാക്കുകളെല്ലാം 50 കിലോ വീതം തൂക്കി യന്ത്രം ഉപയോഗിച്ചു തൈച്ച നിലയിലാരുന്നു. പച്ചരി, കുത്തരി, വെള്ള അരി, തുടങ്ങിയ മൂന്നു വിഭാഗത്തില്‍പ്പെട്ട അരികളും ഒരു ചാക്ക് ഗോതമ്പുമായിരുന്നു ഉണ്ടായിരുന്നത്. ആറു ചണച്ചാക്കുകളിലും അരിയുണ്ടായിരുന്നു. വണ്ടിപ്പെരിയാറ്റില്‍ നിന്ന് കാഞ്ഞിരപ്പള്ളിയിലെ വിപണിയില്‍ എത്തിക്കാന്‍ വേണ്ടിയാണെന്നാണു പോലിസ് ചോദ്യം ചെയ്യലില്‍ പ്രതികള്‍ നല്‍കിയ മൊഴി. അഫ്‌സലും ലതീഷും മിനി വാനില്‍ കാഞ്ഞിരപ്പള്ളിയില്‍ നിന്ന് എത്തിയവരും മറ്റുള്ള മൂന്നു പേര്‍ റേഷന്‍ കട നടത്തിപ്പുകാരും ശിവകുമാര്‍ ഇവരുടെ സഹായിയുമാണ്. അരി നിറയ്ക്കാന്‍ ഉപയോഗിച്ച പ്ലാസ്റ്റിക് ചാക്കും തൈക്കാന്‍ ഉപയോഗിച്ച യന്ത്രവും പോലിസ് കസ്റ്റഡിയില്‍ എടുത്തു. ഇതില്‍ രണ്ടു ചാക്ക് മാത്രമേ എഫ്‌സിഐ ചാക്കുകള്‍ ഉള്ളതെന്നും ബാക്കിയുള്ളവ പ്ലാസ്റ്റിക് ചാക്ക് ആയതിനാല്‍ വിദഗ്ധ പരിശോധനയില്‍ മാത്രമെ റേഷനരിയാണെന്ന് സ്ഥിരീകരിക്കാന്‍ കഴിയു എന്നും പീരുമേട് താലൂക്ക് സപ്ലെ ഓഫിസര്‍ പറഞ്ഞു. സംഭവത്തില്‍ ജില്ലാ സപ്ലെ ഓഫിസര്‍ക്ക് റിപ്പോര്‍ട്ടും നല്‍കിയതായും ഇദ്ദേഹം അറിയിച്ചു..

RELATED STORIES

Share it
Top